ഫെബ്രുവരിയിലെ പാം ഓയില്‍ ഇറക്കുമതി മുന്‍മാസത്തേതില്‍ നിന്ന് 30 ശതമാനം ഇടിഞ്ഞ് എട്ടുമാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. 586,000 ടണ്ണായാണ് ഇറക്കുമതി കുറഞ്ഞത്. 2022 ജൂണിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഒക്ടോബര്‍-ജനുവരി കാലയളവിലെ അമിതമായ ഇറക്കുമതിയെത്തുടര്‍ന്നാണ് ഇറക്കുമതി നിയന്ത്രണം. ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ പാമോയില്‍ ഇറക്കുമതി കുറച്ചത് മലേഷ്യന്‍ പാം ഓയില്‍ വിലയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ രാജ്യത്തിന്റെ പാമോയില്‍ ഇറക്കുമതി ശക്തമായിരുന്നു. എന്നാല്‍ ഡിമാന്‍ഡ് ദുര്‍ബലമായതിനാല്‍ ഫെബ്രുവരിയില്‍ വാങ്ങല്‍ വെട്ടിക്കുറയ്ക്കാന്‍ റിഫൈനര്‍മാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഫെബ്രുവരിയിലെ സോയ ഓയില്‍ ഇറക്കുമതി ജനുവരിയില്‍ നിന്ന് 7.3ശതമാനം കുറഞ്ഞ് 340,000 ടണ്ണായി. സൂര്യകാന്തി എണ്ണയുടെ ഇറക്കുമതി ജനുവരിയിലെ റെക്കാഡ് ഉയര്‍ന്ന ഇറക്കുമതിയില്‍ നിന്ന് 67ശതമാനം കുറഞ്ഞ് 150,000 ടണ്ണായി കുറഞ്ഞു. ഇന്തോനേഷ്യ, മലേഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും പാമോയില്‍ വാങ്ങുന്നത്. അര്‍ജന്റീന, ബ്രസീല്‍, റഷ്യ, ഉക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്ന് സോയാബീന്‍, സൂര്യകാന്തി എണ്ണ എന്നിവയാണ് ഇറക്കുമതി ചെയ്യുന്നത്. സോയാ ഓയിലിനും സൂര്യകാന്തി എണ്ണയ്ക്കുമുള്ള കിഴിവ് ഡിസംബര്‍ പാദത്തില്‍ 500 ഡോളറില്‍ നിന്ന് ടണ്ണിന് 200 ഡോളറായി ചുരുങ്ങി.