മേയ് മാസത്തില്‍ ഇന്ത്യന്‍ ഇക്വിറ്റികളിലെ വാങ്ങല്‍ വര്‍ദ്ധിപ്പിച്ച് വിദേശ നിക്ഷേപകര്‍. മേയ് രണ്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള വ്യാപാര ദിനങ്ങളിലായി 23,152 കോടി രൂപയില്‍ കൂടുതല്‍ എഫ്.പി.ഐ നിക്ഷേപമാണ് ഇന്ത്യന്‍ ഓഹരികളില്‍ എത്തിയത്. യുഎസ് ഫെഡറല്‍ റിസര്‍വ് കൂടുതല്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യത മങ്ങിയതും മികച്ച വരുമാന സീസണുമാണ് എഫ്.പി.ഐകളെ ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്. 2023 ല്‍ ഇതുവരെ 8,572 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഇന്ത്യന്‍ ഓഹരികളില്‍ എഫ്പിഐകള്‍ നടത്തിയത്. ഓഹരികളില്‍ ഏപ്രിലില്‍ 11,630 കോടി രൂപയും മാര്‍ച്ചില്‍ 7,936 കോടി രൂപയും എഫ്പിഐ നിക്ഷേപം എത്തിയതിനു പിന്നാലെയാണ് മേയിലെ ആദ്യ രണ്ട് ആഴ്ചകളില്‍ 23,152 കോടി രൂപയുടെ നിക്ഷേപമെത്തിയത്. അമേരിക്ക ആസ്ഥാനമായുള്ള ജിക്യുജി പാര്‍ട്‌ണേഴ്സ് അദാനി ഗ്രൂപ്പ് കമ്പനികളില്‍ നടത്തിയ മൊത്തത്തിലുള്ള നിക്ഷേപമാണ് മാര്‍ച്ചിലെ എഫ്.പി.ഐ നിക്ഷേപത്തെ പോസിറ്റീവാക്കി മാറ്റിയത്. ഇത് മാറ്റിനിര്‍ത്തിയാല്‍ നെഗറ്റീവ് ഇന്‍ഫ്‌ലോ ആണ് മാര്‍ച്ചില്‍ നടന്നത്. 2023ലെ ആദ്യ രണ്ട് മാസങ്ങളില്‍ എഫ്.പി.ഐകള്‍ 34,000 കോടി രൂപയുടെ പിന്‍വലിക്കലാണ് ഇന്ത്യന്‍ ഓഹരികളില്‍ നടത്തിയിരുന്നത്.