Screenshot 2024 02 27 20 21 14 990 com.android.chrome edit 1

ഭരണഘടന നിലവില്‍ വന്നതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി ഭരണഘടന സംരക്ഷണ പ്രചാരണ പരിപാടി തുടങ്ങുമെന്ന് മന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി . രാജ്യവ്യാപകമായി ഭരണഘടനയുടെ ആമുഖം വായിക്കുമെന്നും  Constitution75.com എന്ന വെബ്‌സൈറ്റ്  ഒരുക്കുമെന്നും  പൗരന്മാരെ ഭരണഘടനയുമായി കൂടുതല്‍ അടുപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കലാ കായിക സിനിമാരംഗത്തെ ഇന്ത്യയുടെ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ചും ആരോഗ്യരംഗത്തെ നേട്ടങ്ങളെക്കുറിച്ചും പ്രധാന മന്ത്രി മന്‍ കി ബാത്തിലെ പ്രഭാഷണത്തില്‍ ഉള്‍പ്പെടുത്തി.

കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വിഐപി ഗാലറിയില്‍ നിന്ന് താഴേക്ക് വീണ തൃക്കാക്കര എംഎല്‍എ ഉമ തോമസിന് ഗുരുതര പരിക്ക്. തുടര്‍ ചികിത്സക്കായി ഉമ തോമസിനെ വെന്റിലേറ്ററിലേക്ക് മാറ്റി. സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍ അടക്കം പരിശോധനകള്‍ക്ക് ശേഷമാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. വാരിയെല്ല് പൊട്ടി ശ്വാസകോശത്തില്‍ മുറിവേറ്റു, തലച്ചോറിലും മുറിവുണ്ടായെന്നും നട്ടെല്ലിനും പരുക്കുണ്ടെന്നും ചികിത്സിക്കുന്ന കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. സ്റ്റേഡിയത്തിലെത്തിയ എംഎല്‍എ മന്ത്രി സജി ചെറിയാനെ അഭിവാദ്യം ചെയ്ത ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് ഇരിക്കാനായി പോകുമ്പോള്‍ കാല്‍ വഴുതി താഴേക്ക് വീണുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ സ്ഥാപിച്ച താത്കാലിക ബാരിക്കേഡ് ബലമുള്ളതായിരുന്നില്ല. താഴെ കോണ്‍ക്രീറ്റ് സ്ലാബില്‍ തലയിടിച്ച് വീണ എംഎല്‍എയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
തേക്കിന്‍ കൂപ്പില്‍ പശുവിനെ അഴിക്കാന്‍ പോയ യുവാവിന് കാട്ടാന ആക്രമണത്തില്‍ ദാരുണാന്ത്യം. ഇടുക്കി മുള്ളരിങ്ങാട് സ്വദേശി അമര്‍  ഇലാഹി (22) ആണ് മരിച്ചത്. ഉച്ചക്ക് ശേഷം ഇടുക്കി മുള്ളരിങ്ങാട് അമേല്‍ തൊട്ടിയില്‍ മൂന്നുമണിയോടെയാണ് സംഭവം. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരാണ് അമര്‍ ഇലാഹിയും കുടുംബവും. കാട്ടാനയുടെ ആക്രമണത്തില്‍ അമര്‍ ഇലാഹിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാള്‍ക്കൊപ്പം കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തില്‍ നിന്ന് മടങ്ങി. ബിഹാര്‍ ഗവര്‍ണറായാണ് ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചിരിക്കുന്നത്. തലസ്ഥാനത്തുണ്ടായിട്ടും മുഖ്യമന്ത്രി രാജ്ഭവനിലേക്ക് സൗഹൃദസന്ദര്‍ശനം പോലും നടത്തിയില്ല. മന്ത്രിമാരും പോയില്ല. ചീഫ് സെക്രട്ടറിയും കളക്ടറും രാജ്ഭവനിലെത്തി.   മലയാളത്തില്‍ യാത്ര പറഞ്ഞാണ് ഗവര്‍ണര്‍  മടങ്ങിയത്. കേരളവുമായുള്ള ബന്ധം ആജീവനാന്തം തുടരുമെന്നും കേരളത്തിന് ഹൃദയത്തില്‍ പ്രത്യേക സ്ഥാനം ഉണ്ടാകുമെന്നും തന്ന സ്‌നേഹത്തിന് നന്ദിയുണ്ടെന്നും  അദ്ദേഹം പറഞ്ഞു.

ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ യാത്രയയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി ചെല്ലാത്തത് ലജ്ജാകരമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. സംസ്ഥാന സര്‍ക്കാര്‍ സാമാന്യ മര്യാദ പോലും കാട്ടിയില്ലെന്നും കേരളത്തിന്റെ ആതിഥ്യ മര്യാദയ്ക്ക്  വിരുദ്ധമാണ് നടപടിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

ജനങ്ങള്‍ക്ക് ലഭിക്കേണ്ട നീതി ഒട്ടും വൈകരുതെന്നും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പരിഹാരം നീട്ടിക്കൊണ്ടുപോകുന്ന പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. കല്‍പ്പറ്റ സെന്റ് ജോസഫ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട് പുനരധിവാസം വൈകില്ലെന്നും  ജനുവരി ആദ്യവാരം ഭൂമിയും വീടും നല്‍കാമെന്ന് വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും റവന്യൂ മന്ത്രി കെ രാജന്‍. വയനാട്ടിലെ ഭൂമി ഏറ്റെടുക്കല്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്റ്റേറ്റ് ഉടമകള്‍ കോടതിയില്‍ എത്തിയതെന്നും  അത് കോടതി അനുവദിച്ചിരുന്നെങ്കില്‍ വലിയ പ്രതിസന്ധിയായേനെയെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥയിലെ ചില ഭാഗങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍  കേസെടുത്ത് അന്വേഷണം നടത്തണമെങ്കില്‍ ഇപി ജയരാജന്‍ പുതിയ പരാതി നല്‍കണമെന്ന് പൊലീസ്.  കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം എന്ന ആത്മകഥ ചോര്‍ന്നത് ഡിസി ബുക്കില്‍ നിന്ന് തന്നെയെന്ന പൊലീസ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഗൂഡാലോചന അന്വേഷിക്കാനാകില്ലെന്നും ഇപി പുതിയ പരാതി നല്‍കിയാല്‍ അന്വേഷിക്കുമെന്നുമാണ് കോട്ടയം എസ് പിയുടെ റിപ്പോര്‍ട്ട്.

സിപിഎമ്മിന് പരമ്പരാഗത വോട്ട് കുറയുന്നത് ബിജെപിയുടെ വോട്ട് വര്‍ദ്ധനവാണെന്നത് പരിഗണിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. അതിനെ ആലങ്കാരിക പദപ്രയോഗങ്ങളിലൂടെ വിലയിരുത്തിയിട്ട് കാര്യമില്ലെന്നും ചര്‍ച്ചകള്‍ പുറത്തു വരുമെന്ന് കരുതി മിണ്ടാതിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പരിശോധിച്ചു മറുപടി നല്‍കാന്‍ ജില്ലാ കമ്മിറ്റിക്ക് കൈമാറുന്ന മിക്ക പരാതികളിലും നടപടിയില്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പോലും ജില്ലാ കമ്മിറ്റി അംഗങ്ങള്‍  സംഘടനാ ജോലികള്‍ ചെയ്തില്ലെന്നും അത് സംസ്ഥാന കമ്മിറ്റിയുടെ പരിശോധനയില്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സമ്മേളനത്തിലെ ചര്‍ച്ചക്ക് ശേഷമുള്ള മറുപടിയിലാണ് എം.വി ഗോവിന്ദന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ വനം വകുപ്പ് ജീവനക്കാരായ ഒന്‍പത് ഉദ്യോഗസ്ഥര്‍ക്ക്  സസ്‌പെന്‍ഷന്‍. ഉദ്യോഗസ്ഥര്‍ അനര്‍ഹമായ രീതിയില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്.  ഒരു എല്‍. ഡി. ടൈപിസ്റ്റ്, വാച്ചര്‍, ഏഴ് പാര്‍ട്ട് ടൈം സ്വീപര്‍മാരെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ ആദ്യമായി കൂട്ടിച്ചേര്‍ക്കുന്ന അതിസങ്കീര്‍ണ ഡോക്കിംഗ് പരീക്ഷണം നാളെ. സ്പാഡെക്സ് എന്നാണ് ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. രാത്രി 9.58നാണ് ഇരട്ട പേടകങ്ങളുമായി ഇസ്രൊയുടെ പിഎസ്എല്‍വി-സി60 വിക്ഷേപണ വാഹനം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് കുതിച്ചുയരും.

ചേളന്നൂര്‍ പോഴിക്കാവില്‍ ദേശീയ പാതയ്ക്കായി കനത്ത പോലീസ് കാവലില്‍ മണ്ണെടുപ്പ് നടക്കുന്ന സ്ഥലത്തേക്ക് നാട്ടുകാരുടെ പ്രതിഷേധ മാര്‍ച്ച്. പോലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റം നടന്നു. ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി ഫില്‍ ചെയ്യാനുള്ള മണ്ണെടുക്കാനാണ് കരാര്‍ കമ്പനി പ്രവര്‍ത്തി നടത്തന്നത്. രണ്ട് മാസം മുന്‍പ് തന്നെ ഇതെച്ചൊല്ലി വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. നാട്ടുകാര്‍ കോടതിയെയും സമീപിച്ചിരുന്നു. ഇതിനു ശേഷം ജിയോളജി ഡിപ്പാര്‍ട്‌മെന്റ് നടത്തിയ സര്‍വ്വേയില്‍ മണ്ണെടുപ്പ് അശാസ്ത്രീയമാണെന്ന് അറിയിച്ചിരുന്നു.

കരുവന്നൂര്‍ ബാങ്ക് മുന്‍ മാനേജര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കരുവന്നൂര്‍ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ ബിജു കരിമീനെതിരെ കേസെടുക്കാനാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. മൂര്‍ക്കനാട് പൊയ്യാറ പരേതനായ ഗൗതമിന്റെ  ഭാര്യ ജയിഷ നല്‍കിയ പരാതിയിലാണ് കോടതി നടപടി. പോലീസില്‍ പലതവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

സിപിഎം മംഗലപുരം നേതൃത്വത്തിന്റെ പരാതിയില്‍  ബിജെപിയില്‍ ചേര്‍ന്ന സിപിഎം മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം മംഗലപുരം പൊലീസ് കേസെടുത്തു. ഏരിയാ സമ്മേളനത്തിന്റെ ഫണ്ട് തട്ടിയെടുത്തെന്ന് ആരോപിച്ച് തട്ടിപ്പ്,  വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്

തിരുവനന്തപുരത്തെ  ഓപ്പണ്‍ ഡബിള്‍ഡക്കര്‍ സര്‍വീസുകളുടെ മാതൃകയില്‍ മൂന്നാറിലെ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസി റോയല്‍ വ്യൂ എന്ന പേരില്‍  മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ സര്‍വീസ് ആരംഭിക്കും. സര്‍വ്വീസിന്റെ ഉദ്ഘാടനം ഡിസംബര്‍ 31 ന്  ചൊവ്വാഴ്ച രാവിലെ 11:00 ന് ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് നടക്കും.

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഡെപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പേരാമ്പ്ര സ്വദേശി  ഡീന ജോണ്‍ (51) ആണ്  സൂപ്രണ്ടിന്റെ മുറിയില്‍ വച്ച് ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ക്രിസ്തുമസ് അവധിയുമായി ബന്ധപ്പെട്ട വിഷയമാണ് ആത്മഹത്യാ ശ്രമത്തിന് കാരണം എന്നാണ് വിവരം. സംഭവത്തില്‍ ഡിഎംഒ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട്  കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍ രംഗത്തെത്തി.

പത്തനംതിട്ട സിപിഎം ജില്ലാ സമ്മളനത്തില്‍ പൊലീസിന് വിമര്‍ശനം. പോലീസ് സ്റ്റേഷനില്‍ സിപിഎംകാരനാണെങ്കില്‍ ലോക്കപ്പ് ഉറപ്പാണെന്നും ബിജെപികാരനാണെങ്കില്‍ തലോടലാണെന്നുമാണ് വിമര്‍ശനം. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരു പരിഗണനയും ലഭിക്കുന്നില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ജി. സുധാകരനെ നിയന്ത്രിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.  സമ്മേളനത്തില്‍ മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജനെതിരെയും  വിമര്‍ശനം ഉയര്‍ന്നു . ബിജെപി നേതാവ് ജാവ്‌ദേക്കറുമായി കൂടിക്കാഴ്ച നടത്തിയതല്ല പ്രശ്‌നമെന്നും ദല്ലാള്‍ നന്ദകുമാറുമായി ഇപി ജയരാജന് എന്ത് ബന്ധമാണെന്നുള്ളതെന്നും പ്രതിനിധികള്‍ സമ്മേളനത്തിലെ ചര്‍ച്ചക്കിടെ ചോദിച്ചു.

പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന് പുതിയ കാര്‍ വാങ്ങുന്നതിന് ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് 30 ലക്ഷം അനുവദിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പും പുറത്തുവന്നു. നിലവില്‍ പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ഉപയോഗിക്കുന്ന കാര്‍ മാറ്റേണ്ടതില്ലെന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്.  എന്നാല്‍, മുഖ്യമന്ത്രി ഇടപെട്ടതോടെ ധനവകുപ്പ് വഴങ്ങുകയായിരുന്നു.

നിലമ്പൂര്‍  നഗരസഭയില്‍ നിന്നുള്ള മാലിന്യം പാലക്കാട് നഗരസഭാ പരിധിയിലെ തിരുനെല്ലായി, തങ്കം ആശുപത്രി പരിസരം എന്നിവിടങ്ങളിലായി  തള്ളിയെന്ന ആരോപണവുമായി പാലക്കാട് നഗരസഭ. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനം. ശനിയാഴ്ച്ച രാത്രി 11 നും 4 നും ഇടയ്ക്കാണ് പാലക്കാട് നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ തള്ളിയിരിക്കുന്നത്. ലോറിയില്‍ മാലിന്യം കൊണ്ടു വരുന്നതും പ്രദേശത്ത് തള്ളുന്നതുമായ ദൃശ്യങ്ങള്‍ സി സി ടി വിയിലൂടെ നഗര സഭയ്ക്ക് ലഭിച്ചിട്ടുണ്ട്.

യു പ്രതിഭ എംഎല്‍യുടെ മകനെതിരായ കഞ്ചാവ് കേസിലെ എഫ്‌ഐആര്‍ന്റെ പകര്‍പ്പ് പുറത്ത്. കനിവ് ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്ന് എഫ്‌ഐആറില്‍ പറയുന്നു. കേസില്‍ ഒന്‍പതാം പ്രതിയാണ് കനിവ്.  മകനെതിരെ ഉള്ളത് വ്യാജ വാര്‍ത്തയാണെന്ന വിശദീകരണവുമായി ഫേസ് ബുക്ക് ലൈവിലൂടെ യൂ പ്രതിഭ എംഎല്‍എ രംഗത്ത് എത്തിയിരുന്നു.

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ചട്ടം മറികടന്ന് അസി. പ്രൊഫസര്‍ നിയമനത്തിന് വിജ്ഞാപനമിറക്കി. 94 തസ്തികകളിലേക്കാണ് നിയമനം. 40 ആണ് വെറ്ററിനെറി സര്‍വകലാശാലയില്‍ അധ്യാപക നിയമനത്തിനുള്ള പ്രായപരിധി. എന്നാല്‍, വിജ്ഞാപനത്തില്‍ 50 വയസ്സാണ് കാണിച്ചിരിക്കുന്നത്. 2014-ല്‍ പ്രായ ഇളവ് നല്‍കി സര്‍വകലാശാലയില്‍ നിയമനം ലഭിച്ച ഏഴ് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ക്ക് ജോലി നഷ്ടമായിരുന്നു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം വോട്ടര്‍മാരുടെ ലിംഗാനുപാതത്തില്‍ കേരളം ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തെത്തി.  ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 1,43,36,133 സ്ത്രീ വോട്ടര്‍മാരുണ്ട്. ഇത് മൊത്തം വോട്ടര്‍മാരുടെ 51.56 ശതമാനം ആണ്. സംസ്ഥാനത്ത് മൊത്തം രേഖപ്പെടുത്തിയ വോട്ടിന്റെ 52.09 ശതമാനം  സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്.

ബസുകളുടെ അമിതവേഗത്തെക്കുറിച്ച് പരാതിയുമായി  നടന്‍ സന്തോഷ് കീഴാറ്റൂര്‍. തളിപ്പറമ്പ് നിന്നും കണ്ണൂരിലേക്ക് സ്വകാര്യബസില്‍ യാത്ര ചെയ്ത അനുഭവം വച്ചാണ് ബസുകള്‍ അമിതവേഗം അപകടം ഉണ്ടാക്കുന്നു എന്ന പരാതിയുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും അഭിസംബോധന ചെയ്ത് കത്ത് എഴുതിയിരിക്കുന്നത്.

സിനിമാ – സീരിയല്‍ നടന്‍ ദിലീപ് ശങ്കറെ തിരുവനന്തപുരത്തെ  സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണ കാരണം വ്യക്തമായിട്ടില്ല. അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്‌നി അടക്കം ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ച താരമാണ്. സീരിയല്‍ അഭിനയത്തിനായാണ് ഇദ്ദേഹം ഹോട്ടലില്‍ മുറിയെടുത്തത് എന്നാണ് വിവരം.

മന്‍മോഹന്‍ സിംഗിന്റെ  സംസ്‌കാര ചടങ്ങിലെ ഇരിപ്പിട വിവാദത്തില്‍ മറുപടിയുമായി  ബിജെപി. ക്രമീകരണങ്ങള്‍ സജ്ജമാക്കിയത് ആര്‍മിയാണെന്നാണ് വിശദീകരണം. മന്‍മോഹന്‍ സിംഗിന്റെ  കുടുംബത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കിയെന്നും  പ്രധാനമന്ത്രിയടക്കമുള്ളവര്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇരിപ്പിടം നല്‍കിയെന്നും കൂടാതെ സംസ്‌ക്കാര സ്ഥലത്തെ ഇടം സൈനികര്‍ കൈയടക്കിയെന്ന വാദം തള്ളുന്നതായും ബിജെപി നേതൃത്വം വ്യക്തമാക്കി. സംസ്‌കാര വേളയില്‍ കുടുംബത്തെ അവഗണിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ചിതാഭസ്മം യമുനഘട്ടില്‍ നിമഞ്ജനം ചെയ്തു. ഗുരുദ്വാര മജ്‌ന ഘാട്ടിയ്ക്ക് സമീപമുള്ള യമുനാ ഘാട്ടിയിലാണ് അസ്ഥി ഒഴുക്കിയത്.

ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 179 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രണ്ടു പേരെ മാത്രമാണ് ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ടത്. അതിദാരുണമായ സംഭവത്തില്‍ മാപ്പ് പറഞ്ഞ് വിമാനകമ്പനിയായ ജെജു എയര്‍ലൈന്‍സ് രംഗത്തെത്തിയയതിന് പിന്നാലെ സംഭവത്തിന്റെ പൂര്‍ണമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കമ്പനി സിഇഒ കിം ഈ ബേ പ്രസ്താവനയില്‍ അറിയിച്ചു.

മധ്യപ്രദേശില്‍ 140 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ പത്ത് വയസ്സുകാരനെ രക്ഷപ്പെടുത്തി. 40 അടി താഴ്ചയിലായിരുന്നു കുട്ടി കുടുങ്ങി കിടന്നിരുന്നത്. പതിനാറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് പത്തുവയസുകാരനെ ജീവനോടെ രക്ഷപ്പെടുത്തിയത്. അബോധവസ്ഥയില്‍ ആയ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യപ്രദേശിലെ ഗുന ജില്ലയിലെ പിപ്ലിയ ഗ്രാമത്തിലാണ് സംഭവം.

ഒഡീഷയില്‍ ബലസോര്‍ ജില്ലയിലെ ഗോബര്‍ധന്‍പുര്‍ ഗ്രാമത്തില്‍ മതപരിവര്‍ത്തനം ആരോപിച്ച് ആദിവാസി യുവതിയടക്കം മൂന്നുപേരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു.  ആദിവാസികളെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസാണ് ഇവരെ മോചിപിച്ചത്.

യുഎഇയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ശനിയാഴ്ച അനുഭവപ്പെട്ടതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിലെ നാഷണല്‍ സീസ്മിക് നെറ്റ്‌വര്‍ക്ക് സ്റ്റേഷന്‍സ് അറിയിച്ചു. ഉമ്മുല്‍ഖുവൈനിലെ ഫലാജ് അല്‍ മുല്ല പ്രദേശത്ത് പ്രാദേശിക സമയം വൈകിട്ട് 5.51നാണ് നാല് കിലോമീറ്റര്‍ ആഴത്തില്‍ ഭൂചലനം രേഖപ്പെടുത്തിയത്.

കസാക്കിസ്ഥാനില്‍ ഈയാഴ്ച തകര്‍ന്നുവീണ അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നത് റഷ്യയില്‍ നിന്ന് വെടിയേറ്റതിനെ തുടര്‍ന്നാണെന്ന് അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ്. വിമാന അപകടത്തിന്റെ കാരണം മറച്ചുവെക്കാന്‍ റഷ്യ ശ്രമിച്ചുവെന്നും വിമാന അപകടത്തില്‍ റഷ്യ കുറ്റം സമ്മതിക്കുകയും സൗഹൃദ രാജ്യമായി കണക്കാക്കപ്പെടുന്ന അസര്‍ബൈജാനോട് ക്ഷമാപണം നടത്തുകയും വെണമെന്നും പ്രസിഡന്റ് അലിയേവ് കൂട്ടിച്ചേര്‍ത്തു.

വനിത റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൊനേരു ഹംപി കിരീടമണിഞ്ഞു. കൊനേരു  ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്. പതിനൊന്നാം റൗണ്ടില്‍ ഇന്തോനേഷ്യന്‍ താരത്തെയാണ് കൊനേരു ഹംപി തോല്‍പ്പിച്ചത്. 8.5 പോയന്റ് നേടിയാണ് താരം കിരീടമണിഞ്ഞത്. രണ്ട് തവണ ലോക റാപ്പിഡ് ചാമ്പ്യന്‍ ആകുന്ന രണ്ടാമത്തെ വനിതയാണ് ആന്ധ്രാപ്രദേശുകാരിയായ കൊനേരു ഹംപി.

ബോക്സിങ് ഡേ ടെസ്റ്റിന്റെ നാലാദിനം രണ്ടാമിന്നിംഗ്‌സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്ത ഓസീസിന് 333 റണ്‍സിന്റെ ലീഡ്. നേരത്തേ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 105 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി 369 റണ്‍സിന് അവസാനിച്ചിരുന്നു. നാലാം ദിനം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് 11 റണ്‍സ് കൂടിയേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 91 ന് 6 നിലയില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോള്‍ ഏഴാം വിക്കറ്റില്‍ 70 റണ്‍സെടുത്ത ലബുഷെയ്നും 41 റണ്‍സെടുത്ത കമ്മിന്‍സും ചേര്‍ന്ന് 57 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ പ്രതിരോധത്തിലാക്കി. ഇരുവരേയും പുറത്താക്കിയതിനു ശേഷം 173 റണ്‍സില്‍ ഇന്ത്യ ഓസീസിന്റെ ഒമ്പതാം വിക്കറ്റ് വീഴ്ത്തിയെങ്കിലും നഥാന്‍ ലയണും അവസാനക്കാരന്‍ സ്‌കോട്ട് ബോളണ്ടും ചേര്‍ന്ന പത്താം വിക്കറ്റ് കൂട്ടുകെട്ട് നാലാം ദിനം പൊളിക്കാനായില്ല. അവസാന സെഷനിലെ 18 ഓവറുകളോളം പിടിച്ചു നിന്ന ഇരുവരും 55 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 54 പന്തുകള്‍ നേരിട്ട ലയണ്‍ 41 റണ്‍സോടെയും 65 പന്തുകള്‍ കളിച്ച ബോളണ്ട് 10 റണ്‍സോടെയും ക്രീസിലുണ്ട്.

വിക്കറ്റ് നേട്ടത്തില്‍ ‘ഡബിള്‍ സെഞ്ചുറി’ നേടി ഇന്ത്യന്‍ താരം ജസ്പ്രീത്ബുംറ. ബോര്‍ഡര്‍-ഗാവസ്‌ക്കര്‍ പരമ്പരയിലെ പ്രകടനത്തോടെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റുകളെന്ന നാഴികക്കല്ല് ജസ്പ്രീത്ബുംറ പിന്നിട്ടത്. മെല്‍ബണില്‍ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിന്റെ നാലാം ദിനം ട്രാവിസ് ഹെഡിനെ പുറത്താക്കിയതോടെയാണ് ബുംറ 200 വിക്കറ്റ് തികച്ചത്. ഇതോടെ ഏറ്റവും വേഗത്തില്‍ 200 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ പേസറെന്ന റെക്കോഡും ബുംറ സ്വന്തമാക്കി. 20-ന് താഴെ ശരാശരി നിലനിര്‍ത്തിക്കൊണ്ട് ടെസ്റ്റില്‍ 200 വിക്കറ്റ് നേടുന്ന ചരിത്രത്തിലെ ആദ്യത്തെ ബൗളറാണ് 19.5 ശരാശരിയുള്ള ബുംറ.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ച് ദക്ഷിണാഫ്രിക്ക. പാകിസ്താനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിലെ വിജയത്തോടെയാണ് ദക്ഷിണാഫ്രിക്ക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരിലേക്ക് പ്രവേശിച്ചത്. ഫൈനലില്‍ ഓസ്ട്രേലിയയോ ഇന്ത്യയോ ആയിരിക്കും എതിരാളികള്‍.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *