night news 2

സര്‍വകലാശാലകളില്‍ യുജിസി മാനദണ്ഡങ്ങള്‍ ഉറപ്പാക്കാനുള്ള തന്റെ ഇടപെടല്‍ കാവിവത്കരണമാണെന്ന സിപിഎം ആരോപണത്തെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍്. യോഗ്യതയില്ലാത്തവരുടെ നിയമനം തടയുന്നത് കാവിവത്കരണമാണെങ്കില്‍ അവര്‍ പറയുന്നതാണ് ശരി. വിസി നിയമനങ്ങള്‍ നിയമപ്രകാരമാണെന്ന് ഉറപ്പ് വരുത്തുന്നത് കാവിവത്കരണമാണോയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ എല്ലാ നിയമവും ലംഘിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലില്‍ പ്രതിഷേധം കൈയാങ്കളിയില്‍ കലാശിച്ചു. നിയമനക്കത്തു വിവാദം ചര്‍ച്ച ചെയ്യാന്‍ വിളിച്ച കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ എത്തിയതോടെ മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കരുതെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.  യുഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാര്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. കരിങ്കൊടിയും ബാനറും ഉയര്‍ത്തി മേയര്‍ക്കെതിരെ ഗോ ബാക്ക് വിളികള്‍ മുഴക്കി. എല്‍ഡിഎഫ് അംഗങ്ങള്‍ കൂടി കളത്തിലിറങ്ങിയതോടെയാണ് കൈയാങ്കളിയായത്.

പ്രിയ വര്‍ഗീസിന്റെ വഴിവിട്ട നിയമനം കോടതി തടഞ്ഞ സാഹചര്യത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ രാജിവക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. നിയമനത്തട്ടിപ്പിനു കത്തു നല്‍കിയ തിരുവനന്തപുരം മേയറും രാജിവയ്ക്കണം. വഴിവിട്ട നിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള നിയമ നിര്‍മാണം എന്തിനാണെന്ന് മുഖ്യമന്ത്രി ജനങ്ങളോടു വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫിഷറീസ് സര്‍വകലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ പുറത്താക്കപ്പെട്ട വിസി കെ റിജി ജോണ്‍ സുപ്രീംകോടതിയെ സമീപിച്ചു. കാര്‍ഷിക വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റില്‍ വരുന്നതായതിനാല്‍ യുജിസി ചട്ടം ബാധകമല്ലെന്ന വിചിത്ര വാദവുമായാണ് സുപ്രീം കോടതിയെ സമീപിച്ചത്.

നടി ഷക്കീലയെ അതിഥിയാക്കിയതിന്റെ പേരില്‍ തന്റെ പുതിയ സിനിമ ‘നല്ല സമയ’ത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് പരിപാടിക്ക് കോഴിക്കോട്ടെ ഹൈലൈറ്റ് മാള്‍ അധികൃതര്‍ അനുമതി നിഷേധിച്ചെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ഷക്കീലയെ ഒഴിവാക്കിയാല്‍ അനുമതി നല്‍കാമെന്ന വാഗ്ദാനം നിരസിച്ചു. നിശ്ചിത സമയത്ത് ട്രെയ്‌ലര്‍ ഓണ്‍ലൈന്‍ ആയി ജനങ്ങള്‍ക്കു മുന്നില്‍ എത്തുമെന്നും ഒമര്‍ പറഞ്ഞു. ഷക്കീലയ്‌ക്കൊപ്പം സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ വിശദീകരണ വീഡിയോയിലാണ് ഒമര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

കേരള വിദ്യാഭ്യാസ മാതൃകയുമായി ബന്ധപ്പെട്ട പഠനം നടത്താന്‍ മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പു മന്ത്രി ദീപക്ക് വസന്ത് കേസാര്‍ക്കറും ഉന്നത ഉദ്യോഗസ്ഥരും തിരുവനന്തപുരത്തെത്തി. ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പു മന്ത്രിയും ഉദ്യോഗസ്ഥരും മന്ത്രി വി ശിവന്‍കുട്ടിയുമായി ചര്‍ച്ച നടത്തി.

കോഴിക്കോട് കോര്‍പറേഷനില്‍ കെട്ടിട നമ്പര്‍ ക്രമക്കേടിനു പിറകേ, റവന്യൂ വിഭാഗത്തില്‍ സാമ്പത്തിക തട്ടിപ്പും. നികുതി പിരിവിന്റെ മറവില്‍ രണ്ടു താത്കാലിക ജീവനക്കാര്‍ പണം തട്ടിയതായാണ് കണ്ടെത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തദ്ദേശ ഭരണ വകുപ്പ് റീജിയണല്‍ ഡയറക്ടര്‍ക്ക് പരാതി നല്‍കി. നികുതി പിരിക്കുമ്പോള്‍ കെട്ടിട ഉടമയ്ക്കു നല്‍കുന്ന രശീതിലും ഓഫീസില്‍ എന്‍ട്രി ചെയ്ത തുകയിലും തമ്മിലുളള പൊരുത്തക്കേടുകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പു പുറത്തറിഞ്ഞത്.

അന്ധവിശ്വാസം, ആഭിചാരം, മന്ത്രവാദം തുടങ്ങിയവ തടയാന്‍ നിയമ നിര്‍മ്മാണം അടിയന്തിരമായി കൊണ്ടുവരണമെന്ന്    മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്. അന്ധവിശ്വാസവും ആഭിചാര പ്രക്രിയയും ആകര്‍ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പരസ്യങ്ങള്‍ കര്‍ശനമായി നിയമം വഴി നിരോധിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

സില്‍വര്‍ ലൈന്റെ പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കുന്നതായുള്ള വാര്‍ത്ത തെറ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്‌നമില്ല. കേന്ദ്രാനുമതി കിട്ടിയാലുടന്‍ പദ്ധതി നടപ്പാക്കും. കേരളത്തിന്റെ അടുത്ത അന്‍പത് വര്‍ഷത്തെ വികസനം മുന്നില്‍ കണ്ടുള്ള പദ്ധതിയാണിതെന്നും ഗോവിന്ദന്‍.

സില്‍വര്‍ലൈന്‍ പദ്ധതി പ്രായോഗികമല്ലെന്നും പദ്ധതിക്ക് അനുമതി ലഭിക്കില്ലെന്നും താന്‍ തുടക്കത്തിലേ പറഞ്ഞിരുന്നെന്നു മെട്രോമാന്‍ ഇ. ശ്രീധരന്‍. പദ്ധതി വന്നാല്‍ കേരളത്തിന് വലിയ ആഘാതമുണ്ടാകും. സില്‍വര്‍ലൈന്‍ പദ്ധതി വിവരക്കേടാണെന്നും മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതി നിര്‍ത്തിവക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ കെ.ഇ ഇസ്മായില്‍ പക്ഷക്കാരെ പ്രധാന ചുമതലകളില്‍നിന്നു നീക്കി. ഇസ്മായില്‍ പക്ഷ നേതാവ് ജി കൃഷ്ണപ്രസാദിനെ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി. കൃഷ്ണപ്രസാദ് പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. മാവേലിക്കര മണ്ഡലം സിപിഐ മുന്‍ സെക്രട്ടറി എസ് സോളമനാണ് പുതിയ അസിസ്റ്റന്റ് സെക്രട്ടറി. മറ്റൊരു അസിസ്റ്റന്റ് സെക്രട്ടറി പി.വി സത്യനേശനെ നിലനിര്‍ത്തി.

കോണ്‍ഗ്രസില്‍ കുതികാല്‍വെട്ട്. ശശി തരൂരിനെ പങ്കെടുപ്പിച്ചു കോഴിക്കോട് നടത്തുന്ന സെമിനാറില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍വാങ്ങി. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന സെമിനാറില്‍നിന്നു പിന്മാറാന്‍ ഉന്നത നേതാക്കള്‍ നിര്‍ദ്ദേശിച്ചെന്നാണു വിവരം. ശശി തരൂരിന്റെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പ് ശക്തമാകുന്നതു തടയാനാണു നീക്കം.

വയനാട്ടില്‍ പോക്‌സോ കേസ് അതിജീവിതയെ പീഡിപ്പിച്ച കേസില്‍ എഎസ്‌ഐ ടി ജി ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഊട്ടിയില്‍ തെളിവെടുപ്പിനു കൊണ്ടുപോയ പെണ്‍കുട്ടിയെ എഎസ്‌ഐ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതി ടി ജി ബാബു ഒളിവിലാണ്.

തൃക്കാക്കരയില്‍ ബലാത്സംഗ പരാതിയില്‍ പ്രതിയായ സിഐ സുനു കുറ്റക്കാരനല്ലെന്ന് അവകാശപ്പെടുന്ന ശബ്ദസന്ദേശം പുറത്ത്. താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. ചെയ്യാത്ത കുറ്റത്തിനാണ് എല്ലാവരും വളഞ്ഞിട്ട് ആക്രമിക്കുന്നത്. തെളിവില്ലാത്തതിനാല്‍ മറ്റു പല രീതിയിലും കുടുക്കാന്‍ ശ്രമിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് സുനുവിന്റെ ഓഡിയോ പ്രചരിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ കരിയിലക്കുളങ്ങര പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറായ സുധിലാലിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. കൃത്യവിലോപം, അധികാര ദുര്‍വിനിയോഗം, പ്രതികളെ സഹായിക്കല്‍ തുടങ്ങിയ കുറ്റങ്ങളെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. മൂന്ന് കേസുകളുടെ അന്വേഷണത്തില്‍ ഇയാള്‍ പ്രതികളില്‍നിന്ന് പണം വാങ്ങി അവര്‍ക്ക് അനുകൂലമായ സഹായങ്ങള്‍ നല്‍കിയെന്നാണ് ആരോപണം. കായംകുളം ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണ മേഖലാ ഐജി പി പ്രകാശാണ് സുധിലാലിനെ സസ്‌പെന്‍ഡു ചെയ്തത്.

കൊച്ചി നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ പത്തൊന്‍പതുകാരി മോഡലിനെ കൂട്ട ബലാത്സംഗം ചെയ്‌തെന്ന സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 24 മണിക്കൂറും നിരീക്ഷണമുണ്ടെന്ന് പൊലീസ് പറയുന്ന കൊച്ചിയിലാണ് കൊടുംക്രൂരത അരങ്ങേറിയതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുത്ത യുവാവിനെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റു ചെയ്തു. ഇടുക്കി കീരിത്തോട് കിഴക്കേപാത്തിക്കല്‍ അനന്ദു ഹരിയെയാണ് പിടികൂടിയത്.

കോഴിക്കോട് ബാലുശേരി ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഓട്ടോ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂനത്ത് ചേരത്തൊടി വയലില്‍ ഇമ്പിച്ചി മൊയ്തീന്റെ മകന്‍ മഞ്ഞപ്പാലം കാട്ടാമ്പള്ളിക്കല്‍ മന്‍സൂറി(38) നെയാണ് കടവരാന്തയില്‍ മരിച്ചനിലയില്‍ കണ്ടത്.

ജനാധിപത്യത്തിന്റെയും സാമ്പത്തിക വളര്‍ച്ചയുടെയും ലോകസമാധാനത്തിന്റെയും മുഖ്യ ശത്രു ഭീകരവാദമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തീവ്രവാദ ഫണ്ടിംഗ്, സാങ്കേതികവിദ്യയുടെ ദുരുപയോഗം എന്നിവയിലെ പുതിയ പ്രവണതകള്‍ ചര്‍ച്ചയായ തീവ്രവാദ വിരുദ്ധ ധനസഹായ കോണ്‍ക്ലേവിലാണ് അമിത് ഷായുടെ പ്രസംഗം.

ഫേസ്ബുക്കിലൂടെ വിവാഹ വാഗ്ദാനം നല്‍കി 40 ലക്ഷം രൂപ യുവതി തട്ടിയെടുത്ത ‘തട്ടിപ്പുകാരി’യെ കര്‍ണാടക പോലീസ് തെരയുന്നു. വിജയപുരയില്‍ ഐഎഎസ് ഓഫീസര്‍ ചമഞ്ഞാണ് ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെ 40 ലക്ഷം രൂപ തട്ടിയെടുത്തത്. ബഗലൂര്‍ വില്ലേജില്‍ താമസിക്കുന്ന പരമേശ്വര്‍ ഹിപ്പാര്‍ഗിയാണ് കെ.ആര്‍ മഞ്ജുള എന്ന ഫേസ്ബുക്ക് ഐഡിക്കെതിരെ പരാതി നല്‍കിയത്.

ഉത്തര്‍പ്രദേശിലെ മഥുരയില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍. മൃതദേഹത്തിന്റെ തോളില്‍ വെടിയേറ്റ മുറിവുണ്ട്. ഒരു വലിയ സ്യൂട്ട്കേസില്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലാണു യമുന എക്സ്പ്രസ് വേയില്‍
മൃതദേഹം കണ്ടെത്തിയത്.

ചില ദീര്‍ഘദൂര അന്താരാഷ്ട്ര വിമാനങ്ങളില്‍ പ്രീമിയം ഇക്കോണമി ക്ലാസ്  അവതരിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ. അടുത്ത മാസത്തോടെ ഇത് നടപ്പാക്കുമെന്ന് എയര്‍ ഇന്ത്യയുടെ ചീഫ് കാംബെല്‍ വില്‍സണ്‍ പറഞ്ഞു.

ജെറ്റ് എയര്‍വേയ്സിലെ 10 ശതമാനം ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയ്ക്കു വിടുന്നു. ചെലവുു ചുരുക്കാന്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു. മിഡ്-സീനിയര്‍ ലെവല്‍ ജീവനക്കാരോട് 50 ശതമാനം വരെ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാനും കമ്പനി ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയുടെ സഹസ്ഥാപകന്‍ മോഹിത് ഗുപ്ത രാജിവച്ചു. ജീവനക്കാരില്‍ നാലു ശതമാനം പേരെ പിരിച്ചുവിടാനുള്ള ഒരുക്കത്തിലാണു കമ്പനി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *