നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദഫലങ്ങള്‍ പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ടയര്‍ ഉല്‍പാദന കമ്പനിയായ എംആര്‍എഫ്. ഒക്ടോബറില്‍ ആരംഭിച്ച് ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ മികച്ച അറ്റാദായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകള്‍ പ്രകാരം, മൂന്നാം പാദത്തില്‍ 174.83 കോടി രൂപയുടെ അറ്റാദായമാണ് എംആര്‍എഫ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 17 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. 149.39 കോടി രൂപയുടെ അറ്റാദായമാണ് മുന്‍ വര്‍ഷം കൈവരിച്ചത്. ഇത്തവണ എംആര്‍എഫിന്റെ വരുമാനം 5,644.55 കോടി രൂപയായാണ് ഉയര്‍ന്നത്. കൂടാതെ, നിക്ഷേപകര്‍ക്കായി കമ്പനി ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരി ഒന്നിന് അഞ്ച് രൂപ നിരക്കിലാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ രണ്ടാമത്തെ ഇടക്കാല ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. ഇവ ഉടന്‍ വിതരണം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.