middaynews 1

നിയമനത്തട്ടിപ്പ് ആരോപണം വീണ്ടും. തിരുവനന്തപുരം ജില്ലാ മര്‍ക്കന്റയില്‍ സഹകരണ സംഘത്തിലെ നിയമനത്തിനു  സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നല്‍കിയ കത്ത് പുറത്തായി . ശുപാര്‍ശക്കത്ത് നല്‍കിയതില്‍ തെറ്റെന്താണെന്ന് ആനാവൂര്‍ നാഗപ്പന്‍. ജൂനിയര്‍ ക്ലര്‍ക്ക്, ഡ്രൈവര്‍ തസ്തികകളിലേക്ക് നിയമിക്കേണ്ടവരുടെ പേരു നല്‍കിയ കത്താണ് പുറത്തുവന്നത്.  അറ്റന്‍ഡര്‍ നിയമനം വേണ്ടെന്നു പറഞ്ഞത് സംഘത്തിന്റെ ബാധ്യത കണക്കിലെടുത്താണെന്നും അദ്ദേഹം വിശദീകരിച്ചു.

യുജിസി ചട്ടങ്ങള്‍ ലംഘിച്ചു നിയമനം ലഭിച്ച വൈസ് ചാന്‍സലര്‍മാരെ പുറത്താക്കണമെന്ന കോടതി വിധി കേരള വെറ്ററിനറി സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ക്കും ബാധകമാകും. നിയമനം പ്രതിസന്ധിയിലായ വിസിമാരുടെ എണ്ണം 12 ആയി. വിസി വിരമിച്ച കാര്‍ഷിക സര്‍വകലാശാലയില്‍ പകരം ആരെയും നിയമിച്ചിട്ടില്ല. അഞ്ചു സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരില്ല.

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നു മാറാന്‍ സന്നദ്ധത അറിയിച്ച് കെ സുധാകരന്‍ രാഹുല്‍ ഗാന്ധിക്കും എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും കത്തയച്ചു. എന്നാല്‍ രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വിശദീകരിച്ചു. രാജിക്കത്ത് നുണക്കഥയാണെന്നും സുധാകരനൊപ്പമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു. പ്രതിപക്ഷ നേതാവിന്റെ പിന്തുണയില്ലെന്നു സുധാകരന്‍ രാജിക്കത്തില്‍ കുറ്റപ്പെടുത്തിയെന്നാണു പ്രചരിച്ചത്.

ഡോ. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ വിധിക്കു മുന്‍കാല പ്രാബല്യം നല്‍കരുതെന്ന് ആവശ്യപ്പെട്ടാണ് ഡോ. രാജശ്രീ സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കി. ശമ്പളവും അനൂകൂല്യം തിരിച്ചുപിടിക്കരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം.

തിരുവനന്തപുരത്തെ നിയമന ശുപാര്‍ശ കത്തുകളില്‍ വിജിലന്‍സ് അന്വേഷണം വൈകും. മേയര്‍ ആര്യ രാജേന്ദ്രന്റേയും കൗണ്‍സിലര്‍ ഡി.ആര്‍.അനിലിന്റേയും ശുപാര്‍ശ കത്തുകളെ കുറിച്ചും പിന്‍വാതില്‍ നിയമങ്ങളെ കുറിച്ചുമുള്ള വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാന്‍ 45 ദിവസം വേണമെന്നാണ് വിജിലന്‍സ് നിലപാട്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തുടന്വേഷണം വേണോയെന്നു തീരുമാനിക്കൂ.

മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്നു വൈകുന്നേരം അഞ്ചിനു തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും. പുതിയ മേല്‍ശാന്തിമാരായ കെ ജയരാമന്‍ നമ്പൂതിരിയുടെയും ഹരിഹരന്‍ നമ്പൂതിരിയുടേയും സ്ഥാനരോഹണവും ഇന്നു നടക്കും

എറണാകുളം ജില്ലയില്‍ ഇന്നു സ്വകാര്യ ബസ് പണിമുടക്ക്. എറണാകുളം ജില്ല ബസുടമ തൊഴിലാളി സംയുക്ത സമരസമിതിയാണ്  സൂചന പണിമുടക്കു നടത്തുന്നത്. പൊലീസും മോട്ടോര്‍ വാഹന വകുപ്പും ബസ് തൊഴിലാളികളെയും ഉടമകളെയും ദ്രോഹിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. ഈ മാസം 30 ന് അനിശ്ചിതകാല സമരം നടത്തുമെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.

എറണാകുളത്ത് സ്വിഗ്ഗിക്ക് പിറകേ, സൊമാറ്റോ ഓണ്‍ലൈന്‍ വിതരണക്കാരും സമരത്തിലേക്ക്. നാളെ ആലോചനാ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.

തിരുവനന്തപുരം സംസ്‌കൃത കോളജിനു മുന്നില്‍ ഗവര്‍ണറുടെ തന്തയ്ക്കു വിളിച്ച് അധിക്ഷേപിച്ചുകൊണ്ട് എസ്എഫ്‌ഐയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട ബാനറിനെതിരേ എന്തു നടപടിയെടുത്തെന്ന ചോദ്യവുമായി രാജ്ഭവന്‍. സംസ്‌കൃത യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറോടും സംസ്‌കൃത കോളേജിലെ പ്രിന്‍സിപ്പലിനോടും വിശദീകരണം തേടി. പിറകേ, വിവാദ ബാനര്‍ അപ്രത്യക്ഷമായി.

ബോളിവുഡ് നടി സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന സണ്ണി ലിയോണിന്റെ ഹര്‍ജി പരിഗണിച്ചാണ് നടപടി. പണം വാങ്ങിയിട്ടും സ്റ്റേജ് പരിപാടി നടത്തിയില്ലെന്നാരോപിച്ച് എറണാകുളം സ്വദേശി ഷിയാസ് നല്‍കിയ കേസിലാണ് സ്റ്റേ. പണം തരാതേയും പരിപാടി നടത്താതേയും സംഘാടകരാണു വഞ്ചിച്ചതെന്നാണ് സണ്ണി ലിയോണിന്റെ വാദം.

സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രതിയായ കോന്നി സ്റ്റേഷനിലെ സിപിഒയും കൊക്കാത്തോട് സ്വദേശിയുമായ ബിനു കുമാര്‍ പത്തനംതിട്ട എആര്‍ ക്യാംപില്‍ ജീവനൊടുക്കി. കേസില്‍ കുടുങ്ങിയ ബിനുകുമാര്‍ കുറേ നാളായി ജോലിക്ക് എത്തിയിരുന്നില്ല. ഒറ്റയ്ക്കു താമസിച്ചിരുന്ന സ്ത്രീയില്‍നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള അധികാരം  ഗവര്‍ണര്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരള പ്രവാസി സംഘം തിരുവനന്തപുരം രാജ്ഭവനു മുന്നിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച പതിനെട്ടുകാരനെ കൊല്ലം കടയ്ക്കല്‍ പൊലീസ് പിടികൂടി. ഏഴാം ക്ലാസിലും എട്ടിലും പഠിക്കുന്ന പെണ്‍കുട്ടികളെ പീഡിപ്പിച്ച കടയ്ക്കല്‍ ഇടത്തറ തോട്ടത്തുവിള വീട്ടില്‍ നീരജ് ആണ് അറസ്റ്റിലായത്.

രണ്ടു മാസമായി രണ്ടു ലോറികള്‍ താമരശേരി ചുരം കയറാന്‍ അനുമതിക്കായി കാത്തുകിടക്കുന്നു. കര്‍ണാടകത്തിലേക്കു പോകാനാണു ട്രെയിലര്‍ ലോറികള്‍ റോഡരികില്‍ രണ്ടു മാസമായി കിടക്കുന്നു. സ്വകാര്യ കമ്പനിയുടെ കര്‍ണാടകയിലെ പ്ലാന്റിലേക്കുള്ള കൂറ്റന്‍ യന്ത്രങ്ങള്‍ കൊണ്ടുപോകുന്ന ട്രെയിലര്‍ ലോറി ചുരം കയറുമ്പോള്‍ ഗതാഗത തടസമുണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ ലോറികളെ താത്കാലികമായി തടഞ്ഞിട്ടത്.

മുല്ലപെരിയാര്‍ ബേബി ഡാം ബലപ്പെടുത്താന്‍ മരം മുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. 15 മരങ്ങള്‍ മുറിക്കാനാണ് അനുമതി തേടിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നല്‍കിയ അനുമതി പുനഃസ്ഥാപിക്കാന്‍ കേരളത്തോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

യുവതിയെ കഴുത്തറത്തു കൊന്ന് വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കൊലയാളിയെ പോലീസ് തെരയുന്നു. മധ്യപ്രദേശിലെ ജബല്‍പൂരിലെ മേഖ്ല റിസോര്‍ട്ടില്‍ ശില്‍പ ജാരിയ എന്ന യുവതിയാണ് കൊപ്പപ്പെട്ടത്. പ്രതിയായ അഭിജിത് പതിദാറിനെ കണ്ടെത്താന്‍ പൊലീസ് വലവിരിച്ചിരിക്കുകയാണ്. തല മുറിച്ചു മാറ്റിയ മൃതദേഹത്തെ പുതപ്പുയര്‍ത്തി കാണിച്ചുകൊണ്ട് ‘വിശ്വാസ വഞ്ചനയക്കുള്ള കൂലി’യെന്ന് ആക്രോശിക്കുന്ന വീഡിയോയാണു പ്രചരിച്ചത്. ബിസിനസ് പങ്കാളിയുമായി ശില്‍പക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പട്‌നയിലെ വ്യാപാരിയായ ഇയാള്‍ അരുംകൊല ചെയ്തത്.

ഇന്ത്യയില്‍ നിന്നുള്ള മൂവായിരം യുവ പ്രഫഷനലുകള്‍ക്ക് ഓരോ വര്‍ഷവും യുകെയിലേക്കു വീസ അനുവദിക്കാന്‍ ധാരണ. . ഇന്തൊനീഷ്യയിലെ ബാലിയില്‍ ജി 20 സമ്മേളനത്തിനിടെ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിറകേയാണ് തീരുമാനം.

യുഎസില്‍ പ്രസിഡന്റു  സ്ഥാനത്തേക്ക് മല്‍സരിക്കുമെന്ന് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫ്‌ളോറിഡയിലെ മാരാലാഗോ എസ്റ്റേറ്റിലാണ് പ്രഖ്യാപനം. അമേരിക്കയുടെ മടങ്ങിവരവ് തുടങ്ങിയെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ട്രംപിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അംഗീകാരം ലഭിച്ചിട്ടില്ല.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *