sunset july 16

പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിക്കുന്നതു നിരോധിച്ചു. പാര്‍ലമെന്റില്‍ 65 വാക്കുകളും പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധവും വിലക്കിയതിന് പിറകേയാണ് ഈ വിലക്ക്. തുടര്‍ച്ചയായുള്ള പ്രതിപക്ഷ പ്രതിഷേധം നേരിടാനാണ് നീക്കം. ലഘുലേഖകള്‍, ചോദ്യാവലികള്‍, വാര്‍ത്ത കുറിപ്പുകള്‍ എന്നിവ വിതരണം ചെയ്യാന്‍ പാടില്ല. അച്ചടിച്ചവ വിതരണം ചെയ്യണമെങ്കില്‍ മുന്‍കൂര്‍ അനുമതി തേടണമെന്നും നിര്‍ദ്ദേശമുണ്ട്. വിലക്ക് നേരത്തെയും ഉള്ളതാണെന്നും പാലിക്കണമെന്നുമാണ് നിര്‍ദേശം.

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്നത് കണ്ടെത്തണമെന്ന് വിചാരണ കോടതി. ജിയോ സിം ഉള്ള വിവോ ഫോണ്‍ ആരുടേതെന്നു വേഗത്തില്‍ കണ്ടെത്തണം. മെമ്മറി കാര്‍ഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മാത്രമാണ് കൈകാര്യം ചെയ്ത്. താന്‍ ദൃശ്യങ്ങള്‍ കണ്ടിട്ടില്ല, കാണണമെന്നു പ്രത്യേക താല്‍പ്പര്യവുമില്ല. വിചാരണ ഘട്ടത്തില്‍ ആവശ്യമെങ്കില്‍ മാത്രമാണ് ദൃശ്യങ്ങള്‍ പരിശോധിക്കുക. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശമുണ്ടോയെന്നും വിചാരണ കോടതി ജഡ്ജി ചോദിച്ചു. കേസ് ചൊവ്വാഴ്ച്ചത്തേക്കു മാറ്റിവച്ചു.

തീവ്രവാദികളുമായി സംസാരിച്ചതുകൊണ്ട് ഒരാള്‍ തീവ്രവാദിയായെന്നു പറയാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. നരേന്ദ്ര മോദിയെയും പ്രവീണ്‍ തൊഗാഡിയയെയും വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതി ബിലാല്‍ അബ്ദുള്‍ റസാഖിനു ജാമ്യം അനുവദിച്ച് കൊണ്ടാണ് നിരീക്ഷണം. 2016 ല്‍ ഇയാള്‍ു ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. ബിലാല്‍ മറ്റ് പ്രതികളുമായി സമ്പര്‍ക്കം നടത്തിയെന്ന വിചാരണ കോടതിയുടെ വിധി തെറ്റാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2021 ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം മുതിര്‍ന്ന സംവിധായകന്‍ കെ പി കുമാരന്. ഗായകന്‍ പി ജയചന്ദ്രന്‍ ചെയര്‍മാനായ ജൂറിയാണ് കുമാരനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ നഷ്ടപരിഹാരത്തിന് അര്‍ഹരായ 3,714 പേരുടെ പട്ടിക തയ്യാറായതായി സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കോടതിയില്‍ സമര്‍പ്പിച്ച പുരോഗതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതില്‍ 3,667 പേര്‍ക്ക് നഷ്ടപരിഹാരമായ അഞ്ചു ലക്ഷം രൂപ വീതം നല്‍കാന്‍ അനുമതി നല്‍കിയതായും സര്‍ക്കാര്‍ അറിയിച്ചു.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എയര്‍ അറേബ്യ വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയ സംഭവത്തില്‍ ഡിജിസിഎ സംഘം അന്വേഷണം നടത്തും. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ നിയോഗിച്ച സംഘം തിങ്കളാഴ്ച കൊച്ചിയിലെത്തും.

ഡല്‍ഹിയില്‍ നരേന്ദ്രമോദിയും അമിത് ഷായും നോക്കിയിട്ടു പറ്റാത്ത ഭീഷണിയാണോ വെറുമൊരു മണി പയറ്റിനോക്കുന്നതെന്ന് സിപിഐ നേതാവ് ആനി രാജ. കെ.കെ. രമയ്ക്കെതിരേ മണി നടത്തിയ പരാമര്‍ശം മോശമെന്നു പ്രതികരിച്ചതിന് ‘ഡല്‍ഹിയിലാണല്ലോ ഉണ്ടാക്കല്‍’ എന്നു പരിഹസിച്ച മണിയുടെ നിലപാട് അത്യന്തം സ്ത്രീവിരുദ്ധമാണെന്ന് ആനി രാജ പറഞ്ഞു.

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് എവിടെയാണ് ഉണ്ടാക്കുന്നതെന്ന് എം.എം. മണിയെ പരിഹസിച്ച് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍. ആനി രാജക്കെതിരായ എംഎം മണിയുടെ ആക്ഷേപത്തിനാണ് ശിവരാമന്റെ മറുപടി. മണി പുലയാട്ട് ഭാഷ അവസാനിപ്പിക്കണം. ഇടതു പക്ഷത്തിന്റേത് സ്ത്രീപക്ഷ രാഷ്ട്രീയമെന്നും ശിവരാമന്‍ പറഞ്ഞു.

ബ്രൂവറിക്കേസില്‍ ശിക്ഷിക്കപ്പെടുമെന്നു ഭയന്നാണ് രേഖകള്‍ ഹാജരാക്കാനുള്ള വിജിലന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍നിന്നു താത്ക്കാലിക വിധി സമ്പാദിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ധനകാര്യ വകുപ്പിലെ ഫയലുകള്‍ കോടതി പരിശോധിച്ചാല്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുളളവരുടെ അഴിമതി പുറത്തു വരും. തന്റെ ഭാഗം കോടതി കേട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

മങ്കിപോക്സ് വ്യാപനം തടയാനുള്ള നിര്‍ദേശങ്ങളുമായി കേന്ദ്ര മെഡിക്കല്‍ സംഘം കേരളത്തിലെത്തി. ആരോഗ്യ ഡയറക്റ്ററേറ്റില്‍ സംസ്ഥാനത്തെ ആരോഗ്യ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. രോഗി ചികിത്സയിലുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കൊല്ലത്തും സന്ദര്‍ശനം നടത്തുന്നുണ്ട്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ടിപി വധക്കേസ് അന്വേഷണം വഴിമുട്ടിയത് മൊബൈല്‍ ഫോണ്‍ പ്രൊവൈഡേഴ്സ് വിവരം തരില്ലെന്ന് പറഞ്ഞതിനാലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടിപി വധക്കേസ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതാണ്. സിപിഎമ്മും ബിജെപിയും ചേര്‍ന്ന് കേസ് അട്ടിമറിച്ചു. ടിപി കേസ് അന്വേഷിക്കാന്‍ സിബിഐ തയ്യാറായില്ലെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

പറമ്പിക്കുളം ആളിയാര്‍ ഡാമില്‍നിന്ന് ഒട്ടന്‍ ചത്രത്തിലേക്ക് കൂടുതല്‍ വെള്ളം കൊണ്ടു പോകാനുള്ള തമിഴ്നാടിന്റെ നീക്കം തടയുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കൂടുതല്‍ വെള്ളം കൊണ്ടു പോകരുതെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഈ മാസം തമിഴ്നാടുമായി ചര്‍ച്ച നടത്തും.

കൊല്ലത്ത് മങ്കിപോക്സ് ബാധിച്ച രോഗി സഞ്ചരിച്ച കാര്‍ ഡ്രൈവറെ കണ്ടെത്തി. കൊല്ലത്തുനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗിയെത്തിയത് ടാക്സിയിലായിരുന്നു. രോഗിയുടെ സഹോദരന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെയാണ് ഡ്രൈവറെ കണ്ടെത്തിയത്. രോഗിയുമായി സഞ്ചരിച്ച രണ്ട് ഓട്ടോ ഡ്രൈവര്‍മാരെയും ഇന്നലെ കണ്ടെത്തിയിരുന്നു.

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ നിയമങ്ങളും ചട്ടങ്ങളും പരിഷ്‌ക്കരിക്കുന്നതിന് രൂപീകരിച്ച സര്‍വകലാശാല നിയമപരിഷ്‌കരണ കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തി എത്രയും വേഗം തുടര്‍നടപടി സ്വീകരിക്കുമെന്ന് ചേംബറില്‍ റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയ ശേഷം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

തൃശൂര്‍ മേയറെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കോര്‍പറേഷനിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്. പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്‍, ജോണ്‍ ഡാനിയല്‍ എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കഴിഞ്ഞ ദിവസം പ്രതിപക്ഷം മേയറുടെ കാര്‍ തടഞ്ഞതിനാണ് കേസ്.

പുനലൂരില്‍ വനത്തില്‍ അതിക്രമിച്ച് കടന്ന് വീഡിയോ ചിത്രീകരിച്ച യൂട്യൂബര്‍ അമല അനുവിന്റെ കാര്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് പോത്തന്‍കോട്ടുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. അമല അനു ഇവിടെ ഒളിവില്‍ കഴിയുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതെങ്കിലും ഇവരെ കണ്ടെത്താനായില്ല.

നാളെ കര്‍ക്കിടകം ഒന്ന്. രാമായണ മാസാരംഭം. ക്ഷേത്രങ്ങളിലും വീടുകളിലും രാമായണ പാരായണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. കര്‍ക്കിടക ചികില്‍സയ്ക്കും നാളെ തുടക്കമാകും.

ചങ്ങരംകുളത്ത് കഞ്ചാവ് കച്ചവടം പൊലീസിനെ അറിയിച്ചതിന്റെ വിരോധം തീര്‍ക്കാന്‍ യുവാവിനെ മര്‍ദ്ദിച്ചതിനു രണ്ടു പേരെ അറസ്റ്റു ചെയ്തു. കുന്നംകുളത്ത് പൊലീസുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലായ പ്രതികളായ പെരുമ്പിലാവ് കാര്യാടത്ത് അബ്ദുല്‍ അഹദ്(26), ചിറമനങ്ങാട് ഇല്ലിക്കല്‍ ഷമ്മാസ്(22) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളം പുത്തന്‍വേലിക്കരയില്‍ ഓപ്പറേഷന്‍ വാഹിനി പദ്ധതിയുടെ പേരിലുള്ള മണല്‍ഖനനം ജില്ലാ കളക്ടര്‍ നിര്‍ത്തിവയ്പിച്ചു. തിരുത്തിപ്പുറം പുഴയുടെ ചെളിയും എക്കലും നിറഞ്ഞ പ്രദേശം ഒഴിവാക്കി ആഴമേറിയ ഭാഗത്ത് നടന്ന ഖനനമാണ് കളക്ടര്‍ തടഞ്ഞത്.

പുല്‍പ്പള്ളിക്കടുത്ത ഇരുളത്ത് കാട്ടാന പലചരക്കു കടയിലേക്കു പാഞ്ഞു കയറി. ഇരുളം മരിയനാടില്‍ ആണ് കാട്ടാന മരിയനാട് ജനാര്‍ദനന്റെ കടയിലേക്ക് ഇരച്ചെത്തിയത്. സംഭവസമയം കടയില്‍ ഉണ്ടായിരുന്നവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കടയുടെ തൂണു തകര്‍ത്താണ് കാട്ടാന മടങ്ങിയത്.

സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയല്‍ ചിത്രീകരണങ്ങള്‍ നിരോധിച്ചു. സുരക്ഷ കണക്കിലെടുത്താണ് തിരുമാനമെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം. സിനിമാ -സീരിയല്‍ ചിത്രീകരണ അനുമതി തേടിയുള്ള അപേക്ഷകള്‍ സര്‍ക്കാര്‍ തള്ളി.

എയര്‍- റെയില്‍ സര്‍ക്കുലര്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി സ്വിഫ്റ്റ്. തിരുവനന്തപുരത്തെ വിമാനത്താവളം, റെയില്‍വെ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള 24 മണിക്കൂര്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും. പുതുതായി എത്തിയ ഇലക്ട്രിക് ബസ്സുകള്‍ ഇതിനായി ഉപയോഗിക്കാനാണ് തീരുമാനം.

അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മുടങ്ങി. രണ്ട് ശസ്ത്രക്രിയകളാണ് മുടങ്ങിയത്. ശസ്ത്രകിയ ആവശ്യമുള്ള രോഗികളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. പത്ത് രോഗികള്‍ ഡിസ്ചാര്‍ജ് വാങ്ങി മറ്റ് ആശുപത്രികളിലേക്ക് പോയി.

തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടില്‍ പൊലീസ് സ്റ്റേഷനു പിന്നിലെ വീട്ടില്‍ നിന്ന് 210 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് സൂക്ഷിച്ച കിഷോര്‍ എന്നയാളെ കസ്റ്റഡിയിലെടുത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ഗൂഡാലോചന നടത്തിയിരുന്നെന്ന് പോലീസ് കോടതിയില്‍. ടീസ്റ്റയുടെ ജാമ്യ ഹര്‍ജിയെ എതിര്‍ക്കവേയാണ് 2002 ലെ ഗുജറാത്ത് കലാപത്തില്‍ മോദി അടക്കമുള്ളവരെ കുറ്റക്കാരാക്കാന്‍ ഗൂഡാലോചന നടത്തിയെന്ന് പോലീസ് ആരോപിച്ചത്. അന്നത്തെ ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍കൂടിയാണ് ഗൂഡാലോചന നടത്തിയതെന്നും പോലീസ്.

പാറ്റ്നയിലെ പോപ്പുലര്‍ ഫ്രണ്ട് ആയുധ പരീശീലന ക്യാമ്പില്‍നിന്നു രണ്ടു പേരെ ബിഹാര്‍ പോലീസ് അറസ്റ്റു ചെയ്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ കേരള, തമിഴ്നാട് ബന്ധവും അന്വേഷിക്കുമെന്ന് ബിഹാര്‍ പൊലീസ്. അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് രണ്ട് സംസ്ഥാനങ്ങളില്‍ നിന്നും ഉളള ചിലരുടെ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്.

പാര്‍ലമെന്റിലെ വിലക്കുകള്‍ സര്‍വ്വകക്ഷി യോഗത്തില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. വാക്കുകളും, പരസ്യപ്രതിഷേധവും വിലക്കിയതിനൊപ്പം പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിക്കരുതെന്ന നിര്‍ദ്ദേശവും പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. നിലവിലുളള നടപടികളെ വക്രീകരിച്ച് പ്രതിപക്ഷം സ്വയം പ്രകോപിതരാകുകയാണെന്ന് ബിജെപി പരിഹസിച്ചു.

ഡല്‍ഹി അലിപൂരില്‍ നിര്‍മാണത്തിലിരുന്ന ഗോഡൗണിന്റെ ചുമരിടിഞ്ഞ് വീണ് അഞ്ചു പേര്‍ മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കരാറുകാരനും സൂപ്പര്‍വൈസറുമാണ് അറസ്റ്റിലായത്. അനധികൃതമായി നടത്തിയ കെട്ടിട നിര്‍മാണം ഡല്‍ഹി കോര്‍പ്പറേഷനും നേരത്തെ തടഞ്ഞിരുന്നു. ഇത് വകവയ്ക്കാതെയാണ് നിര്‍മാണം പുനരാരംഭിച്ചത്.

ഇന്ത്യയിലെ ആദ്യത്തെ 5 ജി നെറ്റ്‌വര്‍ക്ക് വിജയകരമായി പരീക്ഷിച്ച് ഭാരതി എയര്‍ടെല്‍. ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അനുവദിച്ച ട്രയല്‍ സ്പെക്ട്രം ഉപയോഗിച്ച് ഹൈദരാബാദിലെ കൊമേര്‍ഷ്യല്‍ നെറ്റ്‌വര്‍ക്കിലാണ് 5 ജി നെറ്റ്‌വര്‍ക്ക് പരീക്ഷിച്ചത്.

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതം സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മനുഷ്യാവകാശ പ്രശ്നങ്ങളില്‍ നിശബ്ദരാകില്ലെന്നും ജോ ബൈഡന്‍ പറഞ്ഞു.

ഐ.എസ്.എസ്.എഫ് ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ ഐശ്വരി പ്രതാപ് സിങ് തോമറിന് സ്വര്‍ണം. 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ വിഭാഗത്തിലാണ് ഇന്ത്യന്‍ താരം സ്വര്‍ണം നേടിയത്.

സിങ്കപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 500 സീരിസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി.വി.സിന്ധു ഫൈനലില്‍. സെമി ഫൈനലില്‍ ജപ്പാന്റെ സയീന കവകാമിയെ തകര്‍ത്താണ് സിന്ധു കലാശപ്പോരിന് യോഗ്യത നേടിയത്.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില വീണ്ടും പരിഷ്‌കരിച്ചു. രാവിലെ ഉയര്‍ന്ന സ്വര്‍ണവില ഉച്ചയ്ക്ക് കുത്തനെ ഇടിയുകയാണ്. ഇന്നലെ ഉണ്ടായ 320 രൂപയുടെ ഇടിവിന്റെ തുടര്‍ച്ചയായി ഇന്ന് വീണ്ടും 320 രൂപ കുറഞ്ഞിരിക്കുകയാണ്. ഇതോടെ രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഉച്ചയ്ക്ക് ഇടിഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 36,960 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപയാണ് ഉച്ചയ്ക്ക് ഇടിഞ്ഞത്. രാവിലെ 10 രൂപ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്നലെ 40 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4,620 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 35 രൂപയാണ് കുറഞ്ഞത്. രാവിലെ 10 രൂപ ഉയര്‍ന്നിരുന്നു. 18 ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,815 രൂപയാണ്.

നടപ്പുവര്‍ഷത്തെ (2022-23) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ ഫെഡറല്‍ ബാങ്ക് 64 ശതമാനം വളര്‍ച്ചയോടെ 601 കോടി രൂപ ലാഭം നേടി. ബാങ്കിന്റെ എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ ലാഭമാണിത്. പ്രവര്‍ത്തനലാഭം 973 കോടി രൂപ. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും വായ്പാ വളര്‍ച്ചയിലുണ്ടായ മികവ് നേട്ടത്തിന് സഹായകമായി. ബാങ്കിന്റെ മൊത്തം ബിസിനസ് 12 ശതമാനം ഉയര്‍ന്ന് 3.35 ലക്ഷം കോടി രൂപയായി. വായ്പകള്‍ 16 ശതമാനം വര്‍ദ്ധിച്ച് 1.54 ലക്ഷം കോടി രൂപയിലും നിക്ഷേപം എട്ട് ശതമാനം ഉയര്‍ന്ന് 1.83 ലക്ഷം കോടി രൂപയിലുമെത്തി. റീട്ടെയില്‍ വായ്പകള്‍ 14 ശതമാനവും കാര്‍ഷിക വായ്പ 19 ശതമാനവും ഉയര്‍ന്നു. ഗോള്‍ഡ് ലോണിലും മികച്ച വളര്‍ച്ചയുണ്ട്. വിദേശത്തു നിന്നുള്ള റെമിറ്റന്‍സ് ബിസിനസില്‍ (പ്രവാസിപ്പണമൊഴുക്ക്) ഫെഡറല്‍ ബാങ്കിന്റെ വിഹിതം 21.06 ശതമാനമായി ഉയര്‍ന്നു.

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാപ്പന്‍’. സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുലും ആദ്യമായി ഒരു ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും പാപ്പനുണ്ട്. ചിത്രം റിലീസിനോട് അടുക്കുമ്പോള്‍, ചിത്രത്തിന്റേതായി പുറത്തുവന്ന ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഗോകുല്‍ അവതരിപ്പിക്കുന്ന മൈക്കിള്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നത്. ജൂലൈ 29ന് ലേകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും. നൈല ഉഷ,കനിഹ, നീത പിള്ള എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മറ്റു നിരവധി താരങ്ങളും അണി നിരക്കുന്നു.

പ്രകൃതി ദുരന്തത്തിന്റെ ആഴവും ഭീകരതയും പങ്കുവയ്ക്കുന്ന സമാനതകളില്ലാത്ത ദൃശ്യാനുഭവമായിരിക്കുമെന്ന സൂചന നല്‍കിക്കൊണ്ട് ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘മലയന്‍കുഞ്ഞി’ന്റെ ഔദ്യോഗിക ട്രെയ്‌ലര്‍ പുറത്തിറങ്ങി. മലയാളത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത ‘വിഷ്വല്‍ ട്രീറ്റ്’ ഉറപ്പ് നല്‍കുന്ന ട്രെയ്‌ലര്‍ വന്‍ ജനശ്രദ്ധ ചുരുങ്ങിയ നേരം കൊണ്ട് തന്നെ നേടി കഴിഞ്ഞു. നവാഗതനായ സജിമോനാണ് ചിത്രത്തിന്റെ സംവിധായകന്‍. രജിഷാ വിജയന്‍ ആണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജൂലൈ 22ന് ‘സെഞ്ച്വറി ഫിലിംസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.

ഈ വര്‍ഷം ആദ്യം ലോഞ്ച് പ്ലാനുകള്‍ മാറ്റിവച്ചതിന് ശേഷം, ബിഎസ്എ ഇപ്പോള്‍ ലോഞ്ച് ടൈംലൈനും അതിന്റെ മിഡില്‍വെയ്റ്റ് ഓഫറായ ഗോള്‍ഡ് സ്റ്റാറിന്റെ വില ശ്രേണിയും വെളിപ്പെടുത്തി. ആഗസ്റ്റ് പകുതിയോടെ യുകെയില്‍ ഈ റെട്രോ-ഓഫര്‍ അരങ്ങേറ്റം കുറിക്കും. യുണൈറ്റഡ് കിംഗ്ഡത്തില്‍ ബിഎസ്എ ഗോള്‍ഡ് സ്റ്റാറിന് ആവശ്യപ്പെടുന്ന വില ജിബിപി 6,500 (ഏകദേശം 6.15 ലക്ഷം രൂപ നികുതികള്‍) മുതല്‍ ആരംഭിക്കുന്നു. കൂടാതെ, പെയിന്റ് ഓപ്ഷനുകള്‍ അനുസരിച്ച് പ്രീമിയം ജിബിപി 6,800, ജിബിപി 7,000 വരെ വര്‍ദ്ധിക്കുന്നു. ഇപ്പോള്‍, റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 ന് ഏകദേശം ജിബിപി 6,200 (ഏകദേശം 5.87 ലക്ഷം രൂപ) ആണ് വില.

സിനിമാ സീരിയല്‍ രംഗത്ത് ദീര്‍ഘകാലം സംവിധായകനായി പ്രവര്‍ത്തിച്ച വിജയകൃഷ്ണന്‍ ആ മേഖലയുമായി ബന്ധപ്പെടുത്തി എഴുതിയ ഏതാനും ചെറുകഥകളാണ് ഈ പുസ്തകത്തില്‍. ‘വിജയകൃഷ്ണന്റെ സിനിമാക്കഥകള്‍’. ശ്രേഷ്ഠ പബ്ളിക്കേഷന്‍സ്. വില 133 രൂപ.

ആഴ്ചയില്‍ എല്ലാ ദിവസവും വ്യായാമം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും വാരാന്ത്യങ്ങളിലെങ്കിലും മേലനങ്ങി വിയര്‍ത്താല്‍ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ദിവസവും വ്യായാമം ചെയ്യുന്നതിന്റെ ഗുണങ്ങളില്‍ നല്ലൊരു പങ്കും നല്‍കാന്‍ രണ്ട് ദിവസത്തെ വ്യായാമത്തിന് കഴിയുമെന്ന് ജാമ ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. ഇടദിവസങ്ങളിലായാലും വാരാന്ത്യത്തില്‍ മാത്രമാണെങ്കിലും ശാരീരികമായി ഊര്‍ജ്ജസ്വലതയോടെ ഇരുന്നാല്‍ മതിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത്തരത്തിലുള്ളവരുടെ മരണനിരക്ക് സജീവ ജീവിതശൈലി പിന്തുടരാത്തവരെ അപേക്ഷിച്ച് മെച്ചപ്പെട്ടതാണെന്നും ഗവേഷകര്‍ പറയുന്നു. ഓട്ടം, നീന്തല്‍, ഫുട്ബോള്‍ പോലുള്ള കളികള്‍ എന്നിവയെല്ലാം വാരാന്ത്യങ്ങളിലെ വ്യായാമക്കാര്‍ക്ക് പിന്തുടരാവുന്നതാണ്. മൂന്നര ലക്ഷത്തോളം പേരെ 10 വര്‍ഷത്തിലധികം പിന്തുടര്‍ന്നാണ് ഗവേഷണം നടത്തിയത്. 150 മിനിറ്റ് വ്യായാമമാണ് മുതിര്‍ന്ന ഒരാള്‍ക്ക് ഒരാഴ്ചയില്‍ ആവശ്യമെന്ന് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നു. ഇത് അഞ്ച് ദിവസം മുപ്പത് മിനിറ്റ് വച്ചു വേണോ അതോ രണ്ട് ദിവസം 75 മിനിറ്റ് വച്ചു വേണോ എന്നെല്ലാം വ്യക്തികള്‍ക്ക് തീരുമാനിക്കാമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു. അതേ സമയം വാരാന്ത്യങ്ങളില്‍ മാത്രം വ്യായാമം ചെയ്യുന്നവര്‍ ശരിയായ രീതിയില്‍ വാം അപ്പ് ചെയ്ത ശേഷം മാത്രമേ കാര്യമായ വ്യായാമമുറകളിലേക്ക് കടക്കാവൂ. ഒരാഴ്ച മുഴുവന്‍ കാര്യമായി അനങ്ങാതിരുന്ന പേശികളും മറ്റും പെട്ടെന്ന് തീവ്രമായ തോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ പരുക്ക് പറ്റാനുള്ള സാധ്യത അധികമാണ്. സ്ഥിരമായി വ്യായാമം ചെയ്യാന്‍ സമയം കിട്ടാത്തവര്‍ക്ക് ലഘു വ്യായാമങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കാവുന്നതാണെന്നും ഫിറ്റ്നസ് വിദഗ്ധര്‍ പറയുന്നു.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.72, പൗണ്ട് – 94.51, യൂറോ – 80.36, സ്വിസ് ഫ്രാങ്ക് – 81.61, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.14, ബഹറിന്‍ ദിനാര്‍ – 211.21, കുവൈത്ത് ദിനാര്‍ -258.48, ഒമാനി റിയാല്‍ – 206.77, സൗദി റിയാല്‍ – 21.23, യു.എ.ഇ ദിര്‍ഹം – 21.70, ഖത്തര്‍ റിയാല്‍ – 21.90, കനേഡിയന്‍ ഡോളര്‍ – 61.17.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *