പതഞ്ജലി ഫുഡ്സിന്റെ 2023 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ അറ്റാദായം 12.5 ശതമാനം ഉയര്‍ന്ന് 263.7 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 234 കോടി രൂപയായിരുന്നു ലാഭം. പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള വരുമാനം 18.1 ശതമാനം ഉയര്‍ന്ന് 7872.9 കോടി രൂപയിലെത്തി. എഫ്എംസിജി കമ്പനി റിപ്പോര്‍ട്ടിംഗ് കാലയളവില്‍ 416 കോടി രൂപ എബിറ്റ്ഡ നേടിയിട്ടുണ്ട്. മുന്‍ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 418 കോടിയില്‍ നിന്ന് നേരിയ തോതില്‍ കുറഞ്ഞു. സെഗ്മെന്റ് തിരിച്ച്, ഭക്ഷണം, എഫ്എംസിജി വിഭാഗങ്ങളില്‍ നിന്നുള്ള വരുമാനം നാലാം പാദത്തില്‍ 1,805 കോടി രൂപയായി, ഒരു വര്‍ഷം മുമ്പ് 452 കോടി രൂപയായിരുന്നു. ഭക്ഷ്യ എണ്ണ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 6,201.78 കോടി രൂപയില്‍ നിന്ന് 2% കുറഞ്ഞ് 6,058.98 കോടി രൂപയായി. 2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 2 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 6 രൂപ (300 ശതമാനം) ലാഭവിഹിതം ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 2023 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം വരുമാനം 24,284.38 കോടി രൂപയില്‍ നിന്ന് 31 ശതമാനം ഉയര്‍ന്ന് 31,821 കോടി രൂപയായി. ഇതേ കാലയളവില്‍ പിഎടി 10 ശതമാനം ഉയര്‍ന്ന് 886 കോടി രൂപയായി.