മെഡിക്കല്‍ കോളജുകളിലേക്ക് രോഗികളെ റഫര്‍ ചെയ്യുമ്പോള്‍ മാനദണ്ഡങ്ങള്‍ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. എന്തിനു റഫര്‍ ചെയ്യുന്നുവെന്ന് വ്യക്തമാക്കണം. ചികിത്സാ സൗകര്യങ്ങളും രോഗിയുടെ അവസ്ഥയും പരിഗണിച്ചു മാത്രമേ റഫര്‍ അനുവദിക്കൂ. രോഗിയെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്താല്‍ അക്കാര്യം മെഡിക്കല്‍ കോളജിന്റെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കണം. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് മന്ത്രി ഇങ്ങനെ നിര്‍ദേശം നല്‍കിയത്.
കെ.എസ്.ആര്‍.ടി.സി.യുടെ നിലനില്‍പ്പ് അത്യന്താപേക്ഷിതമാണെന്നും കെ.എസ്.ആര്‍.ടി.സി നിര്‍ത്താനുള്ള ചെറിയ അടക്കംപറച്ചില്‍പോലും അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി. ആയിരക്കണക്കിനുപേര്‍ക്ക് തൊഴില്‍ നല്‍കുന്ന, ദൈനംദിനം ആറു ലക്ഷത്തോളം ആളുകള്‍ യാത്രചെയ്യുന്ന സ്ഥാപനമാണിത്. ഇതിനുപകരമായി മറ്റൊന്നില്ലെന്നും കോടതി പറഞ്ഞു. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനായി കക്കൂസുകള്‍ അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ സജ്ജമാക്കണമെന്നും ‘ബാക്ക് ടു കെ.എസ്.ആര്‍.ടി.സി’.പോലുള്ള നടപടികളും ഉണ്ടാകണമെന്നും അതിന് മേല്‍നോട്ടത്തിന് കോടതി തയ്യാറാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.
സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് സര്‍ക്കാര്‍ കോടതിയില്‍. ഗൂഢാലോചനയ്ക്കു തെളിവുകളുണ്ടന്നും മുഖ്യമന്ത്രിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് സ്വപ്ന നടത്തിയതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചത്.
എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഷോളയാര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നല്‍കിയതിനെ തുടര്‍ന്ന്, സന്നദ്ധ സംഘടനയായ എച്ച്ആര്‍ഡിഎസ്സിന്റെ രാഷട്രീയമടക്കം ഏറെ ചര്‍ച്ചയായിരുന്നു.
ദിലീപ് കേസില്‍ മുന്‍ ജയില്‍ മേധാവി ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ അപലപനീയമാണെന്ന് സിപിഐ നേതാവ് ആനി രാജ. കേസ് നടപടി നിര്‍ണായക ഘട്ടത്തിലായിരിക്കേ വെളിപെടുത്തല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആനി രാജ പറഞ്ഞു.
പതിനെട്ടാം വയസില്‍ തന്നെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച മഹതിയാണ് മുന്‍ ഡിജിപി ആര്‍. ശ്രീലേഖയെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ദിലീപിനുവേണ്ടി ഇവര്‍ നടത്തുന്ന ഇടപെടല്‍ യാദൃശ്ചികമെന്നു കരുതുന്നില്ലെന്ന് ഫേസ്ബുക്കിലൂടെ ബിന്ദു അമ്മിണി പ്രതികരിച്ചു.
പാലക്കാട് അട്ടപ്പാടിയില്‍ പത്തംഗ സംഘത്തിന്റെ മര്‍ദനമേറ്റ രണ്ടാമനും മരിച്ചു. കണ്ണൂര്‍ സ്വദേശി വിനായകനാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിനായകനൊപ്പം ഉണ്ടായിരുന്ന മര്‍ദനമേറ്റ സുഹൃത്ത് നന്ദകിഷോര്‍ നേരത്തെ മരിച്ചിരുന്നു. പത്തു പ്രതികളെ പിടികൂടിയിട്ടുണ്ട്. തോക്ക് ഇടപാടിനെച്ചൊല്ലിയുള്ള പണത്തര്‍ക്കമാണ് മര്‍ദനത്തിലും കൊലയിലും കലാശിച്ചത്.
ആര്‍എസ്എസ് നേതാവ് പി പരമേശ്വരന്റെ പുസ്തക പ്രകാശന ചടങ്ങില്‍ മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന്‍ പങ്കെടുത്തത് ആര്‍എസ്എസിനെ വിമര്‍ശിക്കാനാണെന്ന് മുന്‍ അഡീണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ ശശിധരന്‍. 2013 ല്‍ പ്രതിപക്ഷ നേതാവായിരിക്കെ ഈ പരിപാടിയില്‍ പങ്കെടുത്ത് വിഎസ് നടത്തിയ പ്രസംഗം ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റുചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആര്‍എസ്എസ് ആചാര്യന്‍ എം എസ് ഗോള്‍വാള്‍ക്കര്‍ക്കെതിരെ പ്രസ്താവന നടത്തിയതിന് വി.ഡി സതീശന് കോടതി നോട്ടീസ്. അടുത്ത മാസം 12 ന് ഹാജരാകണമെന്ന് കണ്ണൂര്‍ പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയാണ് നോട്ടീസ് അയച്ചത്. ആര്‍എസ്എസ് പ്രാന്തസംഘചാലക് കെ.കെ. ബാലറാമാണ് കേസ് ഫയല്‍ ചെയ്തത്. സജി ചെറിയാന്‍ പറഞ്ഞ വാക്കുകള്‍ ഗോള്‍വാള്‍ക്കറിന്റെ വിചാരധാര എന്ന പുസ്തകത്തിലുണ്ടെന്ന പരാമര്‍ശത്തിനെതിരേയാണ് കേസ്.
ഭരണ ഘടനയെ കുറിച്ചുള്ള വിവാദ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. ഭരണഘടന വേദഗ്രന്ഥം ആണെന്ന് തിരുത്തിക്കൊണ്ട് കൃഷ്ണദാസ് വീണ്ടും ഫേസ്ബുക്കില്‍ കുറിച്ചു. ഭരണഘടന ഭാരതീയവല്‍ക്കരിക്കണം എന്ന കൃഷ്ണ ദാസിന്റെ പോസ്റ്റ് വിവാദമായിരുന്നു. വികലമായ മതേതര സങ്കല്‍പ്പമാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നതെന്ന് കൃഷ്ണദാസ് കുറിച്ചിരുന്നു.
പാലക്കാട്ടെ എസ്ഡിപിഐ നേതാവ് സുബൈര്‍ കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബിജെപി നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയതിന്റെ വിരോധത്തിലാണ് എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഒമ്പത് പ്രതികളും ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. 167 സാക്ഷികളുണ്ട്. ഏപ്രില്‍ 15 ന് നടന്ന കൊലപാതകത്തില്‍ 81 ാമത്തെ ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം ഇന്നു കുറ്റപത്രം സമര്‍പ്പിക്കും. 26 പ്രതികളുണ്ട്. 2022 ഏപ്രില്‍ 16നാണ് ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊന്നെന്നാണു കേസ്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണു കേസ്.
പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന് കിട്ടിയതാണ് കെ.കെ രമയുടെ എംഎല്‍എ സ്ഥാനമെന്ന എളമരം കരീമിന്റെ പ്രസ്താവനയെ പിന്തുണച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. കെ.കെ രമ ഒറ്റുകാരിതന്നെയെന്നും വിപ്ലവ ചരിത്രത്തെ ഒറ്റുകൊടുത്തതിന്റെ പ്രതിഫലമാണ് എംഎല്‍എ സ്ഥാനമെന്നും മോഹനന്‍ പ്രതികരിച്ചു.
കടുവ സിനിമയില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ ഭിന്നശേഷിക്കാരായ കുട്ടിക്കെതിരായ സംഭാഷണം നീക്കം ചെയ്യുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍. പുതിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചു. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചാല്‍ ഉടനേ പ്രിന്റ് മാറ്റുമെന്നു നടന്‍ പൃഥ്വിരാജ് അറിയിച്ചു. സംവിധായകന്‍ ഷാജി കൈലാസ്, രചയിതാവ് ജിനു വി എബ്രഹാം തുടങ്ങിയവര്‍ക്കൊപ്പം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പൃഥ്വിരാജ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
താന്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് നടന്‍ പൃഥ്വിരാജ്. അക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്നും നടിയില്‍നിന്ന് നേരിട്ടുകാര്യങ്ങള്‍ അറിഞ്ഞിരുന്നെന്നും പൃഥ്വിരാജ് വ്യക്തമാക്കി. വിജയ് ബാബു അമ്മ യോഗത്തില്‍ പങ്കെടുത്തതില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
തൃശൂര്‍ പൂരത്തില്‍ ഒന്നര പതിറ്റാണ്ട് പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ, പാറമേക്കാവ് പത്മനാഭന്‍ ചരിഞ്ഞു. 2006ലാണ് പാറമേക്കാവ് വേലയ്ക്ക് പത്മനാഭനെ നടക്കിരുത്തിയത്. അറുപത് വയസ്സിലേറെ പ്രായമുണ്ട്. സംസ്‌കാരം ഇന്ന് കോടനാട് നടക്കും. ഒരാഴ്ചയായി അസുഖബാധിതനായിരുന്നു പത്മനാഭന്‍.
നഗരമധ്യത്തില്‍ തിരക്കേറിയ റോഡില്‍ യുവാവ് ആത്മഹത്യ ചെയ്തു. എറണാകുളം കലൂര്‍ റോഡിലാണ് സംഭവം. തോപ്പുംപടി സ്വദേശി ക്രിസ്റ്റഫര്‍ ആണ് മരിച്ചത്. സുഹൃത്തിനെ വെട്ടിയ ശേഷമാണ് ഇയാള്‍ സ്വയം മുറിവേല്‍പ്പിച്ചത്. കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് സ്വയം മുറിവേല്‍പ്പിച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. കൈയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റ ഇയാളെ വ്യാപാരികളും പൊലീസുകാരും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആലത്തൂര്‍ ചിറ്റിലഞ്ചേരി പാട്ട പ്ലാങ്ങോട് -ഭാഗത്ത് തോട്ടം തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ അടിയേറ്റ് ജെസിബി ഡ്രൈവര്‍ മരിച്ചു. ആലപ്പുഴ മാവേലിക്കര സ്വദേശി ഷിജുവാണ് മരിച്ചത്. സംഭവത്തില്‍ മുടപ്പല്ലൂര്‍ സ്വദേശി അംബിളി ദാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
കോട്ടയം ബിസിഎം കോജേിലെ മൂന്നാം നിലയില്‍നിന്ന് വിദ്യാര്‍ത്ഥിനി ചാടി. മൂന്നാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ത്ഥിനിയെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബപ്രശ്നമാണ് ആത്മഹത്യാശ്രമത്തിനു കാരണം.
കൊല്ലം ചടയമംഗലത്ത് എംസി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രിക മരിച്ചു. പുത്തൂര്‍ സ്വദേശിനി പങ്കജാക്ഷി (85) ആണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന നാലു പേരെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേരളത്തിലെ ജലമേളകള്‍ക്ക് തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂലം ജലോത്സവം ഇന്ന് ഉച്ചക്ക് 2 മണിമുതല്‍ പമ്പയാറ്റില്‍ അരങ്ങേറും. രാവിലെ 11.30ന് തിരുവിതാംകൂര്‍ ദേവസ്വം അധികാരികള്‍ നടത്തുന്ന ആചാരാനുഷ്ഠാനങ്ങള്‍ക്ക് ശേഷമാണ് വളളംകളി ആരംഭിക്കുക.
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എം.എല്‍.എ. കെ.എം.സച്ചിന്‍ദേവും സെപ്റ്റംബര്‍ നാലിന് വിവാഹിതരാകും. തിരുവനന്തപുരം എ.കെ.ജി. ഹാളില്‍ പകല്‍ 11-നാണ് ചടങ്ങ്. രാജ്യത്തെ പ്രായം കുറഞ്ഞ മേയറും സംസ്ഥാന നിയമസഭയിലെ പ്രായം കുറഞ്ഞ എം.എല്‍.എ.യുമാണ് വിവാഹിതരാകുന്നത്.
വിനോദ സഞ്ചാരം കൊഴുപ്പിക്കാന്‍ ബസിനു മുകളില്‍ പൂത്തിരി കത്തിച്ച ‘കൊമ്പന്‍’ ബസില്‍ കൂടുതല്‍ നിയമലംഘനങ്ങള്‍. ജിപിഎസ് സംവിധാനവും സ്പീഡ് ഗവര്‍ണറും ബസില്‍ ഇല്ലെന്നാണ് കണ്ടെത്തിയത്. ബസിനുള്ളിലെ സ്‌മോക്കറും നീക്കം ചെയ്തിട്ടില്ല. പത്തനംതിട്ടയില്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.
അശോകസ്തംഭം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് ഭരണഘടനാ ലംഘനമാണെന്ന് പ്രതിപക്ഷം. ഭരണഘടനാ അധികാര വിഭജനത്തെ മോദി അട്ടിമറിക്കുകയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തി.
ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നത് തിരുവനന്തപുരം വിമാനത്താവളത്തില്‍. കൊച്ചി വിമാനത്താവളത്തിലും ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം നല്‍കിയിട്ടുണ്ട്.
വനസംരക്ഷണ നിയമത്തിലെ ഭേദഗതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍. വനഭൂമി കോര്‍പ്പറേറ്റുകള്‍ക്കു തീറെഴുതാനുള്ള നീക്കത്തിന്റെ ഭാഗമാണ് നിയമത്തിലെ ഭേദഗതിയെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് ആരോപിച്ചു. ആദിവാസികളുടെയും ഗ്രാമസഭകളുടെയും മുഴുവന്‍ അവകാശങ്ങളും ലംഘിക്കുന്നതാണ് ഭേദഗതിയെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. 1980-ലെ വനസംരക്ഷണ നിയമം കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനു ഭേദഗതി ചെയ്തതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയത്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി ഈ മാസം 21 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. സോണിയ ഗാന്ധിയുടെ ആരോഗ്യം സംബന്ധിച്ച കാരണങ്ങളെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ നേരത്തെ മാറ്റിവച്ചിരുന്നു. ഇതേ കേസില്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ ഇഡി അഞ്ചു ദിവസം അന്‍പതിലേറെ മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
കുര്‍ത്തയും പൈജാമയും ധരിച്ചതിന് സ്‌കൂള്‍ ഹെഡ്മാസ്റ്ററെ അപമാനിച്ച് ജില്ലാ മജിസ്‌ട്രേറ്റ്. ബീഹാറിലെ ലഖിസാരായി ജില്ലയിലെ മജിസ്ട്രേറ്റ് സഞ്ജയ് കുമാര്‍ സിംഗാണ് കുര്‍ത്ത പൈജാമ ധരിച്ചതിന് സ്‌കൂളിലെ പ്രധാനാധ്യാപകനെ ശകാരിക്കുകയും സസ്പെന്റ് ചെയ്യുകയും ചെയ്തത്. അധ്യാപകനെ അപമാനിച്ചു സംസാരിച്ചതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍.
പട്നയിലെ ദളിതനായ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രേംകുമാറിന് അമേരിക്കയില്‍ പഠിക്കാന്‍ രണ്ടര കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ്. ഗോണ്‍പുര എന്ന ഗ്രാമവാസിയായ പ്രേംകുമാറിന് അമേരിക്കയിലെ പ്രശസ്തമായ ലഫായെറ്റ് കോളേജില്‍ നാലു വര്‍ഷത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് കോഴ്സാണു പഠിക്കുക. ആറു പേര്‍ക്കാണ് ഓരോ വര്‍ഷവും ഫെലോഷിപ്പ്. പ്രേമിന്റെ അമ്മ പത്തു വയസുള്ളപ്പോള്‍ മരിച്ചു. കൂലിപണിയെടുത്താണ് അച്ഛന്‍ കുടുംബം പോറ്റുന്നത്.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 22 പൈസ ഇടിഞ്ഞ് 79.48 എന്ന നിലയിലായി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്നതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം.
ഇന്റലിജന്‍സ് ബ്യൂറോ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ തസ്തികകളിലേക്കു നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. 766 ഒഴിവുകളുണ്ട്. അവസാന തീയതി ഓഗസ്റ്റ് 14.
ഗുജറാത്തിലെ പ്രളയത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി മരിച്ചത് 61 പര്‍. ദുരിതമനുഭവിക്കുന്ന ഗുജറാത്തിന് സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി പ്രധാനമന്ത്രി സംസാരിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി.
ലുലു ഗ്രൂപ്പിന്റെ ഉത്തരേന്ത്യയിലെ ആദ്യത്തെ ഷോപ്പിംഗ് മാള്‍ ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ തുറന്നു. രണ്ടായിരം കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മാള്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി ഓടിച്ച ഗോള്‍ഫ് കാര്‍ട്ടില്‍ കയറി മാള്‍ ചുറ്റിക്കണ്ടു. 22 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ലഖ്‌നൗ വിമാനത്താവളത്തിനടുത്താണ് രണ്ടു നിലകളിലായുള്ള ലുലു മാള്‍.
ഓഹരിവിപണിയില്‍ ഇന്നലെ സൂചികകള്‍ താഴേക്ക് പതിച്ചിട്ടും അദാനി ഗ്രൂപ്പ് ഓഹരികള്‍ ഉയര്‍ന്നു. ടെലികോം രംഗത്തേക്കുള്ള ചുവട് വെയ്പ് അറിയിച്ചതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ വിപണിയില്‍ മികച്ച പ്രകടനമാണ് ഇന്നലെ കാഴ്ചവെച്ചത്. അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും 2 ശതമാനം മുതല്‍ 15 ശതമാനം വരെ ഉയര്‍ന്നാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
ശ്രീലങ്കന്‍ പ്രസിഡന്റ് ഗോത്തബയ രജപക്സെ രാജ്യം വിട്ടെന്ന് സ്പീക്കര്‍. അയല്‍രാജ്യത്താണ് ഗോത്തബയ ഇപ്പോഴുള്ളതെന്നും ബുധനാഴ്ച തിരിച്ചെത്തുമെന്നും സ്പീക്കര്‍ വെളിപ്പെടുത്തി. ഇതിനിടെ ശ്രീലങ്കയില്‍ പ്രസിഡന്റ് സ്ഥാനം കൈയടക്കാന്‍ നേതാക്കള്‍ ചരടുവലി ആരംഭിച്ചു. പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചു. രാജി പ്രഖ്യാപിച്ച പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയും പ്രസിഡന്റ് പദത്തിനായി ചരടുവലി തുടങ്ങി. അതേ സമയം മൂന്നാം ദിവസവും കൊളംബോയില്‍ തന്നെ തുടരുകയാണ് പ്രക്ഷോഭകര്‍.
ശ്രീലങ്കയില്‍ ജനം ഒന്നടങ്കം തെരുവിലിറങ്ങിയതിനു സമാനമായി ചൈനയിലും ജനകീയ പ്രക്ഷോഭമെന്നു റിപ്പോര്‍ട്ട്. ഭരണകൂടത്തിനെതിരായ പ്രത്യക്ഷ പ്രതിഷേധങ്ങള്‍ വിരളമായ ചൈനയില്‍, ഹെനാന്‍ പ്രവിശ്യയില്‍ വിവിധ ബാങ്ക് ശാഖകള്‍ കേന്ദ്രീകരിച്ച് നടന്ന കോടികളുടെ തട്ടിപ്പിനെതിരെയാണു വന്‍ ബഹുജന പ്രക്ഷോഭം അരങ്ങേറിയത്. ഹെനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഷെങ്ഷൂവിലാണ് പ്രതിഷേധക്കാര്‍ പടുകൂറ്റന്‍ റാലി സംഘടിപ്പിച്ചത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട കാര്യത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ്. താരത്തെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. സീസണില്‍ റൊണാള്‍ഡോ യുണൈറ്റഡ് വിടുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് ടെന്‍ ഹാഗ് വിശദീകരണവുമായി രംഗത്തെത്തിയത്.
ഇന്ത്യയിലേക്കുള്ള മൊബൈല്‍ഫോണ്‍ ഇറക്കുമതി 2021-22ല്‍ 33 ശതമാനം കുറഞ്ഞു. ആഭ്യന്തര ഉത്പാദനം കഴിഞ്ഞവര്‍ഷം 26 ശതമാനം ഉയരുകയും ചെയ്തു. ഇന്ത്യയുടെ മൊബൈല്‍ഫോണ്‍ ഇറക്കുമതിയില്‍ 2020-21ല്‍ 64 ശതമാനവും ചൈനയില്‍ നിന്നായിരുന്നു. കഴിഞ്ഞവര്‍ഷം ചൈനീസ് ഫോണ്‍ ഇറക്കുമതി 60 ശതമാനത്തിലേക്ക് താഴ്ന്നു. വരുംവര്‍ഷങ്ങളില്‍ ഇത് കൂടുതല്‍ താഴ്ന്നേക്കും. ഇന്ത്യയില്‍ ഉത്പാദനം കൂടിയതോടെ, ഫോണ്‍ നിര്‍മ്മാണത്തിനും അസംബ്ളിംഗിനുമുള്ള അവശ്യഘടകങ്ങളുടെ ഇറക്കുമതി 27 ശതമാനം ഉയര്‍ന്നിട്ടുമുണ്ട്. ഇന്ത്യയുടെ പങ്ക് ആഗോള മൊബൈല്‍ഫോണ്‍ കയറ്റുമതിയില്‍ ഒരു ശതമാനത്തോളമാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യയില്‍ നിന്നുള്ള മൊബൈല്‍ഫോണ്‍ കയറ്റുമതി 56 ശതമാനം വര്‍ദ്ധിച്ചു.
ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്ട്സ്ആപ്പ്. ബ്ലോക്ക് ചെയ്യപ്പെട്ട ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് വീണ്ടെടുക്കാന്‍ പുതിയ അപ്ഡേറ്റ് വഴി സാധിക്കും. വാട്ട്സ്ആപ്പ് ബീറ്റാ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. പ്ലാറ്റ്ഫോമില്‍ നിരോധിക്കപ്പെട്ടവര്‍ക്ക് അവരുടെ ആക്സസ് വീണ്ടെടുക്കാന്‍ പുതിയ ഫീച്ചറിന് കഴിയും. വാട്ട്സ്ആപ്പിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാത്ത ലക്ഷക്കണക്കിന് അക്കൗണ്ടുകളാണ് നിലവില്‍ വാട്ട്സ്ആപ്പ് നിരോധിക്കുന്നത്. ഇത്തരത്തില്‍ 10 ലക്ഷത്തിലധികം അക്കൗണ്ടുകളാണ് ഓരോ മാസവും നിരോധിക്കപ്പെടുന്നത്. റിവ്യൂ ചെയ്യാനായി നല്‍കുന്ന റിക്വസ്റ്റിനൊപ്പം കൂടുതല്‍ വിവരങ്ങളും കൈമാറേണ്ടതുണ്ട്.
നീണ്ട 18 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ബാലയും നടന്‍ സൂര്യയും വീണ്ടും ഒന്നിക്കുന്നു. സൂര്യയും വിക്രമും തകര്‍ത്തഭിനയിച്ച പിതാമഹന്‍ എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. മാര്‍ച്ച് 30ന് ചിത്രത്തിന്റെ ഷൂട്ടിങ്ങും ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്തിരിക്കുന്നു. ‘വണങ്കാന്‍’ എന്നാണ് സിനിമയുടെ പേര്. താടി വളര്‍ത്തിയ ലുക്കിലുള്ള സൂര്യയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ബാലയുടെ പിറന്നാളിനോട് അനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് സിനിമയുടെ ടൈറ്റില്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ബോളിവുഡ് താരം കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായിക. മലയാളിതാരം മമിത ബൈജുവും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഒരു വന്‍ കാന്‍വാസ് ചിത്രവുമായി കരിയറില്‍ ഒരു തിരിച്ചുവരവിന് ഒരുങ്ങിയിരിക്കുകയാണ് രാം ഗോപാല്‍ വര്‍മ്മ. ആയോധന കലയ്ക്ക് പ്രാധാന്യമുള്ള ലഡ്കി: എന്റര്‍ ദ് ഗേള്‍ ഡ്രാഗണ്‍എന്നു പേരിട്ടിരിക്കുന്ന ചിത്രം ജൂലൈ 15ന് തിയറ്ററുകളിലെത്തും. പൂജ ഭലേക്കര്‍ നായികയാവുന്ന ചിത്രത്തില്‍ അഭിമന്യു സിംഗ്, രാജ്പാല്‍ യാദവ്, ടിയാന്‍ലോങ് ഷി, മിയ മുഖി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു ഇന്തോ- ചൈനീസ് സംയുക്ത നിര്‍മ്മാണ സംരംഭമാണ് ചിത്രം. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രമെത്തുന്നത്. ആക്ഷന്‍, റൊമാന്‍സ് വിഭാഗത്തിലുള്ള ചിത്രം രാം ഗോപാല്‍ വര്‍മ്മ ഇതുവര ചെയ്തതില്‍ ഏറ്റവും ചെലവേറിയ സിനിമയുമാണ്. ലോകമെമ്പാടുമായി 47,530 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കും.
എസ്.യു.വികളുടെ ‘ബിഗ് ഡാഡി’ എന്ന വിശേഷണത്തോടെ മഹീന്ദ്ര അവതരിപ്പിക്കുന്ന പുത്തന്‍ സ്‌കോര്‍പ്പിയോ-എന്‍ വിപണിയിലേക്ക്. ജൂലായ് 30ന് രാവിലെ 11 മുതല്‍ ഓണ്‍ലൈനിലും ഡീലര്‍ഷിപ്പുകളിലും ബുക്ക് ചെയ്യാം. ഇസഡ് 2, ഇസഡ് 4, ഇസഡ് 6, ഇസഡ് 8, ഇസഡ് 8 എല്‍., ഇസഡ് 8എല്‍ (6 എസ്) എന്നീ വേരിയന്റുകളാണുള്ളത്. ഇസഡ് 2ന് 11.99 ലക്ഷം രൂപയും ഇസഡ് 8എല്‍ പതിപ്പിന് 18.99 ലക്ഷം രൂപയുമാണ് പ്രാരംഭ എക്‌സ്‌ഷോറൂം വില. ഇസഡ് 8എല്‍ (6 എസ്) പതിപ്പിന്റെ വില 21ന് അറിയാം.
‘രാമായണകഥാമൃതം’കുട്ടികള്‍ക്ക് ജീവാമൃതംതന്നെയാണ്. വായിക്കുന്ന കുട്ടിയുടെ മനസ്സും ഭാഷയും ഒപ്പം ശുദ്ധമാകും. കഥ അമൃതമായി കേള്‍ക്കുന്നതോടെ കുട്ടി കഥയുള്ളവനോ കഥയുള്ളവളോ ആയിത്തീരും. അക്ഷരത്തോടുള്ള സമീപനവും അതിലുള്ള പരിചയവും അടിമുടി വികസിക്കുകയും ചെയ്യും. ജീവിതവിജയത്തിലേക്കുള്ള യാത്രയുടെ ആദ്യ പടിയില്‍ത്തന്നെ ഉപയോഗിക്കാവുന്ന പാഥേയം എന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന കൃതി. രമ മേനോന്‍. എച്ച്ആന്‍ഡ്സി ബുക്സ്. വില 100 രൂപ.
ഉറക്കമില്ലായ്മ എന്നത് ഒരു ഉറക്ക തകരാറാണ്. ഉറങ്ങാന്‍ ബുദ്ധുമുട്ടുണ്ടാകുകയോ, രാത്രി മുഴുവന്‍ പലതവണ ഉണരുകയോ ചെയ്യുന്നതെല്ലാം ഇതിന്റെ ലക്ഷണമാണ്. ശരിയായ ഉറക്കത്തിന്റെ അഭാവം നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പലവിധത്തില്‍ ബാധിക്കും. നല്ല ഉറക്കം ലഭിക്കാന്‍ പ്രയാസമുണ്ടെങ്കില്‍, ഈ അഞ്ച് സാധനങ്ങളില്‍ ഏതെങ്കിലും ഒന്ന് ഉറങ്ങുന്നതിന് മുമ്പ് ഉള്‍പ്പെടുത്തുന്നത് ഫലം ചെയ്യും. അശ്വഗന്ധയാണ് ലിസ്റ്റില്‍ ഒന്നാമത്. സമ്മര്‍ദ്ദം ലഘൂകരിക്കാനുള്ള കഴിവ് ഉള്‍പ്പെടെ നിരവധി ഗുണങ്ങള്‍ ഉള്ള, വിത്തനോലൈഡ് ആണ് ഈ ഔഷധ സസ്യത്തിലെ പ്രധാന സജീവ ഘടകം. അശ്വഗന്ധയിലെ ട്രൈമെത്തിലീന്‍ ഗ്ലൈക്കോള്‍ ഉറക്കം നല്‍കും. കിടക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് ഇത് കഴിക്കാനാണ് വിദഗ്ധര്‍ പറയുന്നത്. ഉറങ്ങുന്നതിന് മുമ്പ് ഒരു കപ്പ് ചായയോ ചൂടുള്ള പാനീയമോ വേണമെന്ന നിര്‍ബന്ധക്കാരാണെങ്കില്‍, കുറച്ച് ചമോമൈല്‍ ചായ കുടിക്കാന്‍ ശ്രമിക്കണം. ഒരു സൂപ്പര്‍സ്റ്റാര്‍ തന്നെയാണ് ഈ ചായ. തലച്ചോറിലെ റിസപ്റ്ററുകളുമായി ബന്ധിപ്പിച്ച് ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന എപിജെനിന്‍ എന്ന ആന്റിഓക്‌സിഡന്റാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. നാരുകളും നല്ല കൊഴുപ്പും നിറഞ്ഞതാണ് ബദാം. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ എല്ലാവരും ബദാം പതിവാക്കാറുണ്ട്, എന്നാല്‍ ഇത് ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന മെലറ്റോണിനെ നിയന്ത്രിക്കുന്ന ‘മഗ്നീഷ്യത്തിന്റെ നല്ല ഉറവിടം’ ആണെന്നാണ് പോഷകാഹാര വിദഗ്ധര്‍ പറയുന്നത്. ഒരു പിടി വറുത്ത മത്തങ്ങ വിത്ത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. മത്തങ്ങ വിത്തില്‍ ട്രിപ്റ്റോഫാനും സിങ്കും അടങ്ങിയിട്ടുണ്ട്. ഉറക്കം, ദഹനം, മാനസികാവസ്ഥ, ലൈംഗികാഭിലാഷം തുടങ്ങിയ പ്രവര്‍ത്തികളില്‍ സെറോടോണിന്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉറക്കമില്ലായ്മ മാറ്റാന്‍ സഹായിക്കുന്ന മറ്റൊരു ഘടകം ജാതിക്ക പാല്‍ ആണ്. പാലില്‍ ട്രിപ്റ്റോഫാന്‍ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ സെറോടോണിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമ്പോള്‍ ജാതിക്ക നേരിട്ട് സെറോടോണിന്‍ പുറത്തുവിടും.
ശുഭദിനം
കവിത കണ്ണന്‍
ആ നാട്ടിലെ ചെരുപ്പുപണിക്കാരനെ കുറിച്ച് എന്നും പരാതികളാണ്. അയാളുടെ പണി മോശമാണ്. അന്യായകൂലിയാണ് എന്നൊക്കെ. പരാതി അവസാനം ആ നാട്ടിലെ ന്യായാധിപന്റെ അടുത്തെത്തി. ന്യായാധിപന്‍ അയാളെ നാടുകടത്താന്‍ വിധിച്ചു. അപ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍ ന്യായാധിപനോട് ഇങ്ങനെ പറഞ്ഞു: ഇയാള്‍ നമ്മുടെ നാട്ടിലെ ഏക ചെരുപ്പുപണിക്കാരനാണ്. ഇയാളെ പറഞ്ഞു വിടരുത്. ന്യായാധിപന്‍ പറഞ്ഞു: ശരിയാണ്, പക്ഷേ, നീതി നടപ്പാക്കണ്ടേ.. അപ്പോള്‍ മറ്റൊരാള്‍ പറഞ്ഞു: ഇവിടെ രണ്ട് തയ്യല്‍ക്കാരുണ്ട്. ഇതുകേട്ട ന്യായാധിപന്‍ പറഞ്ഞു: എന്നാല്‍ ഒരു കാര്യം ചെയ്യാം. അവരിലൊരാളെ നാടുകടത്താം… വിധി രണ്ടു വിധത്തില്‍ നടപ്പാക്കാം. ന്യായമനുസരിച്ചും, സൗകര്യമനുസരിച്ചും. ന്യായമനുസരിച്ചുള്ള വിധികളില്‍ ആളുകളില്ല, നിയമമാണ് പ്രധാനം. ശിക്ഷകിട്ടിയാല്‍ അയാള്‍ എന്തായിത്തീരും എന്നതിനല്ല, ശിക്ഷാര്‍ഹമായതെന്താണ് അയാള്‍ ചെയ്തത് എന്നതിനാണ് മുന്‍ഗണന. ശിക്ഷ പാഴാകുന്ന രണ്ട് സന്ദര്‍ഭങ്ങളുണ്ട്. അര്‍ഹമല്ലാത്ത ശിക്ഷ നല്‍കുമ്പോഴും അര്‍ഹിക്കാത്തവനു ശിക്ഷ നല്‍കുമ്പോഴും. ഇവ രണ്ടും സൗകര്യമനുസരിച്ചുള്ള ശിക്ഷയാണ്. ശരിയായ തീരുമാനമെടുക്കുക എന്നതാണ് വിധി നിര്‍ണ്ണയത്തിലെ ആപ്തവാക്യം. തീര്‍പ്പുണ്ടാക്കുന്നതില്ല, ചോദ്യം ചെയ്യാനാകാത്തവിധം തീര്‍പ്പു കല്‍പ്പിക്കുന്നതിനാലാണ് ന്യായാധിപരുടെ വൈദഗ്ദ്യം. ശിക്ഷ വിധിക്കും മുന്‍പ് തീരുമാനം ശരിയായിരുന്നോ എന്ന് നമുക്കും പരിശോധിക്കാം – ശുഭദിനം.