തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) രണ്ടാം പാദമായ ജൂലൈ-സെപ്റ്റംബറില്‍ 133.17 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ (2022-23) സമാനപാദത്തിലെ 120.55 കോടി രൂപയേക്കാള്‍ 10 ശതമാനം അധികമാണിത്. അതേസമയം, ഇക്കഴിഞ്ഞ ജൂണ്‍ പാദത്തിലെ 132.23 കോടി രൂപയേക്കാള്‍ ഒരു ശതമാനം മാത്രമാണ് വര്‍ധന. പ്രവര്‍ത്തനലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 157.36 കോടി രൂപയില്‍ നിന്ന് 11 ശതമാനം വര്‍ധിച്ച് 174.63 കോടി രൂപയായി. ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണില്‍ ഇത് 181.43 കോടി രൂപയായിരുന്നു. പാദാടിസ്ഥാനത്തില്‍ നാല് ശതമാനം കുറവുണ്ടായിട്ടുണ്ട്. മൊത്ത വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 600 കോടി രൂപയില്‍ നിന്ന് 39 ശതമാനം വര്‍ധിച്ച് 835 കോടി രൂപയിലെത്തി. ജൂണ്‍ പാദത്തിലെ 805 കോടി രൂപയേക്കാള്‍ മൂന്ന് ശതമാനം അധികമാണിത്. അറ്റ പലിശ വരുമാനം 2022-23 സെപ്റ്റംബര്‍ പാദത്തിലെ 325 കോടി രൂപയില്‍ നിന്ന് 6 ശതമാനം ഉയര്‍ന്ന് 343.7 കോടി രൂപയായി. എന്നാല്‍ കഴിഞ്ഞ ജൂണ്‍ പാദത്തിലെ 364 കോടി രൂപയേക്കാള്‍ 6 ശതമാനം കുറവുണ്ടായിട്ടുണ്ട്. ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങള്‍ കഴിഞ്ഞ പാദത്തില്‍ 21 ശതമാനം വാര്‍ഷിക വളര്‍ച്ചയുമായി 25,438 കോടി രൂപയായി. വായ്പകള്‍ 27 ശതമാനം വര്‍ധിച്ച് 22,256 കോടി രൂപയിലുമെത്തി. ബാങ്കിന്റെ മൊത്തം ബിസിനസ് 24 ശതമാനം മുന്നേറി 47,900 കോടി രൂപയായി. സ്വര്‍ണ വായ്പകള്‍ 8,029 കോടി രൂപയില്‍ നിന്ന് 32 ശതമാനം ഉയര്‍ന്ന് 10,619 കോടി രൂപയായി. കോര്‍പ്പറേറ്റ് വായ്പകളില്‍ 17 ശതമാനം, റീറ്റെയ്ല്‍ വായ്പകളില്‍ 38 ശതമാനം, ചെറുകിട സംരംഭ വായ്പകളില്‍ 22 ശതമാനം എന്നിങ്ങനെയും വളര്‍ച്ചയുണ്ട്. മൊത്തം നിഷ്‌ക്രിയ ആസ്തി വാര്‍ഷികാടിസ്ഥാനത്തില്‍ 2022-23 സെപ്റ്റംബര്‍ പാദത്തിലെ 1.26 ശതമാനത്തില്‍ നിന്ന് ഇക്കുറി സെപ്റ്റംബറില്‍ 1.27 ശതമാനമാനമായി. അറ്റ നിഷ്‌ക്രിയ ആസ്തി വാര്‍ഷികാടിസ്ഥാനത്തില്‍ 0.35 ശതമാനത്തില്‍ നിന്ന് 0.33 ശതമാനമായി കുറയ്ക്കാന്‍ ബാങ്കിന് സാധിച്ചു. മുന്‍പാദത്തിലെ 0.32 ശതമാനവുമായി നോക്കുമ്പോള്‍ നേരിയ വര്‍ധനയുണ്ട്.