yt cover 14

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ വെടിയേറ്റു മരിച്ചു. ജപ്പാനിലെ നാര നഗരത്തില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് വെടിയേറ്റത്. ഷിന്‍സോ ആബേയെ വെടിവച്ച നാവികസേന മുന്‍ അംഗം യാമാഗാമി തെത്സൂയയെ പൊലീസ് പിടികൂടി. വെടിയേറ്റ ഉടനെ തന്നെ അബോധവസ്ഥയിലായ ഷിന്‍സെ ആബെയ്ക്ക് ഹൃദയാഘാതം ഉണ്ടായതായും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെന്നും നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിറകില്‍നിന്നാണ് വെടിവച്ചതെന്നും രണ്ടു പ്രാവശ്യം വെടിയുതിര്‍ത്തെന്നുമാണ് റിപ്പോര്‍ട്ട്.

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേക്കെതിരായ ആക്രമണം ഏറെ വേദനാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആബെയ്ക്കെതിരായ ആക്രമണം ഞെട്ടിക്കുന്നതെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് -സമഗ്ര ശിക്ഷ കേരളയുടെ 2022 -23 അക്കാദമിക് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി, 1047 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ഏഴാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയതായി പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ആദിവാസി ഗോത്രമേഖലയ്ക്കും ഭിന്നശേഷി മേഖലയ്ക്കും ഗുണകരമാകുന്ന നൂതന പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനും തീരുമാനമായി.

കേരളത്തില്‍ ഞായറാഴ്ച വരെ വ്യാപകമായ മഴ തുടരും എന്ന് കാലാവസ്ഥാ പ്രവചനം. വടക്കന്‍ ജില്ലകളില്‍ ആണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. തീരമേഖലയിലെ ന്യൂനമര്‍ദ്ദ പാത്തി കൂടാതെ ആന്ധ്രാ – ഒഡിഷ തീരത്തിനു മുകളിലായി ചക്രവാതചുഴിയും നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി കാലവര്‍ഷക്കാറ്റ് വരും ദിവസങ്ങളിലും ശക്തമായി തുടരാന്‍ സാധ്യതയുണ്ട്.

ഭരണഘടനയെ തള്ളിപ്പറഞ്ഞു കൊണ്ട് സജി ചെറിയാന്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ കേസുമായി ഏതറ്റം വരെയും പോകുമെന്ന് പരാതിക്കാരനായ അഭിഭാഷകന്‍ ബൈജു നോയല്‍. മൂന്ന് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമായത് കൊണ്ട് തന്നെ പരാമാധി ശിക്ഷ വാങ്ങി കൊടുക്കാന്‍ ശ്രമിക്കുമെന്നും അഡ്വ.ബൈജു നോയല്‍ പറഞ്ഞു.

മന്ത്രി സ്ഥാനം രാജിവച്ച് നാട്ടിലേക്കു മടങ്ങിയ സജി ചെറിയാന്‍ വീടിനടുത്ത് ഹെല്‍മറ്റില്ലാതെ സ്‌കൂട്ടറോടിച്ചത് ചോദ്യം ചെയ്ത് പി.സി. ജോര്‍ജിന്റെ മകനും ജില്ലാ പഞ്ചായത്തംഗവുമായ ഷോണ്‍ ജോര്‍ജ്. ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചതിന് പിഴയടക്കണമെന്നും അല്ലെങ്കില്‍ കോടതിയില്‍ കാണാമെന്നും ഷോണ്‍ ജോര്‍ജ് ഫേസ്ബുക്കില്‍ ഫോട്ടോ സഹിതം കുറിച്ചു.

കണ്ണൂര്‍ സര്‍വകലാശാലയുടെ 72 ബോര്‍ഡ് ഓഫ് സ്റ്റഡീസ് പുനസംഘടിപ്പിച്ചുകൊണ്ടു വൈസ് ചാന്‍സലര്‍ നല്‍കിയ പട്ടിക ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരിച്ചയച്ചു. നോമിനേഷന്‍ നടത്താന്‍ സര്‍വകലാശാലക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ പട്ടിക അംഗീകരിക്കാതെ തിരിച്ചയച്ചത്.

തിരുവനന്തപുരത്ത് ചികില്‍സയിലിരിക്കെ റിമാന്‍ഡ് പ്രതി മരിച്ചു. ഞാണ്ടൂര്‍കോണത്ത് താമസിക്കുന്ന അജിത് (37) ആണ് മരിച്ചത്. യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ അഞ്ചാം പ്രതിയാണ് ഇയാള്‍. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ശരീരത്തില്‍ ക്ഷതമുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു.

ഒന്നിച്ചു ജീവിച്ച ശേഷം സ്‌നേഹബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഉന്നയിക്കുന്ന പീഡന ആരോപണത്തെ ബലാല്‍സംഗമായി കാണാനാവില്ലന്ന് ഹൈക്കോടതി. അഭിഭാഷകയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ അഭിഭാഷകന്‍ നവനീത് എന്‍. നാഥിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ പരാമര്‍ശം. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന അഭിഭാഷകയുടെ പരാതിയില്‍ നവനീതിനെ കഴിഞ്ഞമാസം 21 നാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ലൈഫ് മിഷന്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന് സിബിഐ നോട്ടീസ്. തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ്. കഴിഞ്ഞ ദിവസം സരിത്തിനും സിബിഐ നോട്ടീസ് നല്‍കിയിരുന്നു.

ന്യൂഡല്‍ഹിയില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള കേരള ഏക്‌സ്പ്രസ്സ് അഞ്ച് മണിക്കൂര്‍ വൈകിയോടുന്നു. മഹാരാഷ്ട്രയ്ക്കും ആന്ധ്രയ്ക്കും ഇടയില്‍ മണിക്കൂറുകളാണ് ട്രെയിന്‍ പിടിച്ചിട്ടത്. ബുധനാഴ്ച ന്യൂഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട ട്രെയിനിനാണ് ഈ ദുരവസ്ഥ. ശുചിമുറികളില്‍ ആവശ്യത്തിന് വെള്ളമില്ലെന്നും ഭക്ഷണം കിട്ടുന്നില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.

രാജ്യസഭാ എംപിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട പ്രശസ്ത കായിക താരം പി ടി ഉഷയെ പരിഹസിച്ച് സിപിഎം നേതാവ് എളമരം കരീം. സംഘപരിവാറിനു സ്തുതിപാടുന്നവര്‍ക്ക് പാരിതോഷികളും സ്ഥാനമാനങ്ങളും ലഭിക്കുന്ന സ്ഥിതിയാണെന്നും കേരളത്തില്‍ ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തിട്ടുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. യോഗ്യത കുറച്ചുകാലമായി തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും കരീം പറഞ്ഞു. മനുഷ്യാവകാശപ്രവര്‍ത്തക തീസ്ത സെതല്‍വാദിനെയും മുന്‍ ഡി.ജി.പി. ആര്‍.ബി. ശ്രീകുമാറിനെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണസമിതി കോഴിക്കോട് ടൗണ്‍ഹാളില്‍ നടത്തിയ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വലിയ പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പാരിതോഷികമാണ് കെ.കെ രമയുടെ എം.എല്‍.എ സ്ഥാനമെന്ന് സി.പി.എം നേതാവ് എളമരം കരീം. എം.എല്‍.എ സ്ഥാനം കിട്ടിയത് കൊണ്ടുമാത്രം അഹങ്കരിക്കരുതെന്നും വര്‍ഗ ശത്രുക്കളുമായി ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണെന്നും കരീം പ്രസംഗിച്ചു.

കോഴിക്കോട് കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ തട്ടിപ്പില്‍ അന്വേഷണം വഴിമുട്ടി. കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനമെടുത്തെങ്കിലും പുതിയ ടീം അന്വേഷണം തുടങ്ങിയിട്ടില്ല. ഇതുവരെ ഒരു കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃ ക്യാമ്പായ ചിന്തന്‍ ശിബിറിനിടെ പീഡനം നടന്നെന്ന് ഏതെങ്കിലും പെണ്‍കുട്ടിക്ക് പരാതിയുണ്ടെങ്കില്‍ പൊലീസിനു നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പരാതി ഉണ്ടോ എന്നറിയാനായി ക്യാമ്പില്‍ പങ്കെടുത്ത പെണ്‍കുട്ടികളോട് സംസാരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തോട് നിര്‍ദേശിച്ചെന്നും വി ഡി സതീശന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസിന്റ പാലക്കാട് ചിന്തന്‍ ശിബിരത്തില്‍ നടന്ന പീഡനത്തെക്കുറിച്ചുള്ള പരാതി ഒതുക്കിതീര്‍ക്കാന്‍ ശ്രമമെന്ന ആക്ഷേപവുമായി ഡിവൈഎഫ്ഐ രംഗത്ത്. പീഡന പരാതിയും ചിത്രങ്ങള്‍ മോര്‍ഫു ചെയ്ത് പ്രചരിപ്പിക്കലും ഇതൊക്കെ ചേരുന്നതാണ് സുധാകരന്റെ സെമി കേഡര്‍ സംവിധാനം എന്നാണ് കരുതുന്നതെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും പ്രസിഡണ്ട് വി വസീഫും വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

നഗ്നതാ പ്രദര്‍ശന കേസില്‍ റിമാന്‍ഡിലായ നടന്‍ ശ്രീജിത് രവി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഇന്നലെ അറസ്റ്റിലായ പ്രതിയെ തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു. 2016 മുതല്‍ സ്വഭാവവൈകല്യത്തിന് ചികിത്സയിലെന്ന് ഹര്‍ജിയില്‍ പറയുന്നു. തുടര്‍ച്ചയായുള്ള ജയില്‍വാസം ആരോഗ്യനില മോശമാക്കുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അപേക്ഷിച്ചു.

ആശുപത്രിയിലെ കുളിമുറിയില്‍ മൊബൈല്‍ ഫോണിലൂടെ യുവതിയുടെ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൂത്തുപറമ്പ് നരവൂര്‍ റസിയ മഹലില്‍ വി.അഫ്‌നാസ് (38) ആണ് അറസ്റ്റിലായത്. കുളിമുറിയുടെ ചുമരിന്റെ മുകള്‍ഭാഗത്ത് മൊബൈല്‍ഫോണ്‍ വച്ച് ദൃശ്യം ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

പാലക്കാട് തങ്കം ആശുപത്രിയില്‍ മരുന്നു മാറി നല്‍കിയതിന്റെ പാര്‍ശ്വഫലം മൂലം വയോധിക മരിച്ചെന്ന് ആരോപണം. നടുവേദനയ്ക്കു ചികിത്സ തേടിയെത്തിയ ആലത്തൂര്‍ സ്വദേശിക്ക് കാന്‍സറിന്റെ മരുന്നു നല്‍കിയെന്നാണ് ആരോപണം. പരാതി നല്‍കി ഒരുവര്‍ഷമായിട്ടും പൊലീസ് നടപടിയെടത്തില്ലെന്ന് മരിച്ച പഴമ്പാലക്കോട് സ്വദേശി സാവിത്രിയുടെ കുടുംബാംഗങ്ങള്‍ പറയുന്നു.

പാലക്കാട് ധോണിയില്‍ നടക്കാനിറങ്ങിയയാളെ കാട്ടാന ചവിട്ടിക്കൊന്നു. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. എട്ടു പേര്‍ക്കൊപ്പമായിരുന്നു ശിവരാമന്‍ നടക്കാനിറങ്ങിയത്. മുന്നില്‍ നടന്ന രണ്ടു പേരെ വിരട്ടിയോടിച്ച ആന പിന്നാലെയുണ്ടായിരുന്ന ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിച്ചു. പരാതിപ്പെട്ട നാട്ടുകാരോടു ഡിഎഫ്ഒ മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഡിഎഫ്ഒ ഓഫീസിനു മുന്നില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. എംഎല്‍എ, ആര്‍ഡിഒ, ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. ആനയെ മയക്കുവെടി വയ്ക്കാനും പട്രോളിംഗ് ശക്തമാക്കാനും തീരുമാനിച്ചു. മരിച്ച ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും.

മഞ്ചേരിയില്‍ നഗരസഭാ കൗണ്‍സിലറുടെ കടയില്‍നിന്ന് 3600 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ മഞ്ചേരി പൊലീസ് പിടികൂടി. സംഭവത്തില്‍ പയ്യനാട് താമരശ്ശേരി ആറുവീട്ടില്‍ സുലൈമാനെ(57) പൊലീസ് അറസ്റ്റ് ചെയ്തു.

നിതി ആയോഗ് മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അമിതാഭ് കാന്ത് ഇന്ത്യയുടെ ജി 20 ഷെര്‍പ്പയായി നിയമിതനായി. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിന് പകരമായാണ് അമിതാഭ് കാന്തിനെ ഗ്രൂപ്പ് ഓഫ് ട്വന്റി ഗ്രൂപ്പിംഗിനായുള്ള ഇന്ത്യയുടെ ഷെര്‍പ്പയായി നിയമിച്ചത്.

ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്ത അള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനു സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അഞ്ചു ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചത്. സുബൈറിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം.

വിശ്വാസ വോട്ടെടുപ്പില്‍ ഏകനാഥ് ഷിന്‍ഡേ വിഭാഗം കരുത്ത് തെളിയിച്ചെങ്കിലും വിമതപക്ഷത്തുള്ള എല്ലാ എംഎല്‍എമാരേയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന ഉദ്ധവ് താക്കറേ പക്ഷം സുപ്രീം കോടതിയെ സമീപിച്ചു. നേരത്തെ അയോഗ്യതാ നടപടി നേരിടുന്ന 16 പേര്‍ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുത്തതു റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേസമയം, പാര്‍ട്ടിയുടെ പേരും ചിഹ്നവും നഷ്ടമാകുമെന്ന ആശങ്കയിലാണ് ഉദ്ധവ് താക്കറെ വിഭാഗം. ചിഹ്നമായ അമ്പും വില്ലും നഷ്ടപ്പെടുകയാണെങ്കില്‍ പകരം ഏതു ചിഹ്നം വേണമെന്നു ചിന്തിക്കാന്‍ നേതാക്കള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇസ്ലാം മതത്തിനെതിരെ അപകീര്‍ത്തികരമായി ട്വീറ്റ് ചെയ്തതിന് ബിജെപിയുടെ ഹരിയാന യൂണിറ്റ് ഐടി സെല്‍ ചുമതലയുള്ള അരുണ്‍ യാദവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇയാളുടെ ട്വീറ്റുകള്‍ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് പുറത്താക്കിയത്.

മധ്യപ്രദേശിലെ രത്ലാമില്‍ ഗൂഗിള്‍ മാപ്പില്‍ ക്ഷേത്രത്തിന്റെ പേര് പള്ളി എന്നാക്കിയതില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ്. രത്‌ലാമിലെ അറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പേരാണ് തെറ്റായി രേഖപ്പെടുത്തിയത്.

ഉത്തരാഖണ്ഡില്‍ കനത്ത മഴയില്‍ കാര്‍ ഒലിച്ചുപോയി ഒമ്പതു പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ രാംനഗറിലെ ധേല നദിയിലാണ് കാര്‍ ഒഴുകി പോയത്.

ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഖത്തറില്‍ ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജൂലൈ 10 മുതല്‍ മൂന്ന് ദിവസത്തേക്കാണ് ബാങ്കുകള്‍ക്ക് അവധി നല്‍കുക. ജൂലൈ 13 മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 10 മുതല്‍ 14 വരെയാണ് അവധി. വാരാന്ത്യ അവധിക്ക് ശേഷം 17 മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുന്നതാണ്.

സൗദി അറേബ്യയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച പുകയില ഫാക്ടറി സൗദി ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടി. ഇതുമായി ബന്ധപ്പെട്ട് ഫാക്ടറി ഉടമയായ സൗദി പൗരന് ഒരു വര്‍ഷം ജയില്‍ശിക്ഷയും ഇന്ത്യക്കാരും ബംഗ്ലാദേശ് സ്വദേശികളുമായ 10 പേര്‍ക്ക് ദമ്മാം ക്രിമിനല്‍ കോടതി ആറു മാസം വീതം തടവുശിക്ഷയും വിധിച്ചു.

ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ, ട്വിറ്റര്‍ വാങ്ങാനുള്ള നീക്കം പരാജയത്തിലേക്കാണെന്ന് റിപ്പോര്‍ട്ട്. ഇടപാടിനെ തുടര്‍ന്ന് ഫണ്ടിംഗ് സംബന്ധിച്ച ചില ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നത് മസ്‌ക് അവസാനിപ്പിച്ചു എന്നാണ് ദ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്.

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ആര് ജയിച്ചാലും ചരിത്രം. ഗ്രാന്‍സ്ലാം ഫൈനലില്‍ എത്തുന്ന ആദ്യ അറബ് താരമെന്ന റെക്കോര്‍ഡും, 1960നു ശേഷം വിംബിള്‍ഡന്റെ കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്ന ആദ്യ ആഫ്രിക്കന്‍ താരവുമാണ് ജാബ്യൂര്‍. ഗ്രാന്‍സ്ലാം ഫൈനലില്‍ എത്തുന്ന ആദ്യ കസഖിസ്ഥാന്‍ താരമാണ് ലോക റാങ്കിംഗില്‍ ഇരുപത്തിമൂന്നാം റാങ്കുകാരിയായ റൈബാകിന. നാളെ വൈകിട്ട് ആറരയ്ക്കാണ് ഓന്‍സ് ജാബ്യൂര്‍-എലേന റൈബാകിന കലാശപ്പോര്.

പരിക്കേറ്റ റാഫേല്‍ നദാല്‍ വിംബിള്‍ഡണ്‍ സെമി ഫൈനലില്‍ നിന്ന് പിന്‍മാറി. വയറിനേറ്റ പരിക്കിനെ തുടര്‍ന്നാണ് പിന്‍മാറ്റം. ഇതോടെ നിക്ക് കിര്‍ഗിയോസ് ഫൈനലിലെത്തി. രണ്ടാം സെമിയില്‍ കാമറോണ്‍ നോറി നിലവിലെ ചാമ്പ്യന്‍ നൊവാക് ജോകോവിച്ചിനെ നേരിടും.

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളിലേക്ക് ഈ വര്‍ഷം ഏപ്രില്‍-ജൂണിലെത്തിയത് 690 കോടി ഡോളര്‍ നിക്ഷേപം. ജനുവരി-മാര്‍ച്ചുപാദത്തേക്കാള്‍ 33 ശതമാനം കുറവാണിത്. 2021ലെ സമാനപാദത്തില്‍ ലഭിച്ചത് 1,010 കോടി ഡോളറായിരുന്നുവെന്ന് ട്രാഷ്ഷന്‍ ജിയോയുടെ പാദാധിഷ്ഠിത റിപ്പോര്‍ട്ട് വ്യക്തമാക്കി. ആഗോള സമ്പദ്വ്യവസ്ഥ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും മൂലധനവിപണിയിലെ അസ്ഥിരതയും ഫണ്ടിംഗിനെ ബാധിച്ചുവെന്നാണ് വിലയിരുത്തലുകള്‍. കഴിഞ്ഞപാദത്തില്‍ വേഴ്‌സ് ആണ് 80.5 കോടി ഡോളറുമായി ഏറ്റവും ഉയര്‍ന്ന നിക്ഷേപം നേടിയ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്. ഡെല്‍ഹിവെറി 30.4 കോടി ഡോളര്‍ സ്വന്തമാക്കി. ഉഡാന്‍ 27.5 കോടി ഡോളറും ഷെയര്‍ചാറ്റ് 25.5 കോടി ഡോളറും അപ്ഗ്രാഡ് 22.5 കോടി ഡോളറും വിവിധ ഫണ്ടിംഗ് സീരീസുകളിലൂടെ നിക്ഷേപം നേടി. സോഷ്യല്‍ പ്ളാറ്റ്‌ഫോംസ്, ഇന്റര്‍നെറ്റ് മീഡിയ, പേമെന്റ്‌സ്, ബി2ബി ഇ-കൊമേഴ്‌സ്, ഇ-കൊമേഴ്‌സ് വിഭാഗങ്ങളിലെ കമ്പനികളാണ് കൂടുതല്‍ നിക്ഷേപം നേടിയത്.

ആഗോള സമ്പദ്വ്യവസ്ഥ വീണ്ടുമൊരു മാന്ദ്യത്തിന്റെ പടിവാതിലില്‍ നില്‍ക്കേ സ്വര്‍ണം, ക്രൂഡോയില്‍ വിലകള്‍ താഴേക്ക്. ജൂണ്‍ 30ന് ബാരലിന് 114.81 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് വില ബുധനാഴ്ച 99.49 ഡോളര്‍ വരെ താഴ്ന്നു. ഡബ്ള്യു.ടി.ഐ ക്രൂഡ് ഇടിഞ്ഞത് 110.11 ഡോളറില്‍ നിന്ന് 95.95 ഡോളറിലേക്കും. ഔണ്‍സിന് 1,819.06 ഡോളറായിരുന്ന അന്താരാഷ്ട്ര സ്വര്‍ണവില ഇന്നലെ 1,733.91 ഡോളറിലേക്കും കൂപ്പുകുത്തി. ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ടോടെ ബ്രെന്റ് വില 105 ഡോളറിലേക്കും ഡബ്ള്യു.ടി.ഐ ക്രൂഡ് 103 ഡോളറിലേക്കും സ്വര്‍ണവില 1,743 ഡോളറിലേക്കും തിരിച്ചുകയറി. ഉത്പന്നങ്ങളുടെ ക്ഷാമവും വിലവര്‍ദ്ധനയും മൂലം മിക്ക രാജ്യങ്ങളിലും നാണയപ്പെരുപ്പം റെക്കാഡ് ഉയരത്തിലാണ്. ഇത് നിയന്ത്രിക്കാന്‍ ഒട്ടുമിക്ക കേന്ദ്രബാങ്കുകളും പലിശനിരക്കും കൂട്ടിയതോടെ ഡോളര്‍ കരുത്താര്‍ജ്ജിച്ചു. ഉത്പന്നങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും വെട്ടിക്കുറയ്ക്കേണ്ടിയും വരുന്നു. ഇതാണ് ക്രൂഡ്, സ്വര്‍ണവിലയെ ബാധിക്കുന്നത്.

65 പേരുടെ ജീവന്‍ രക്ഷിച്ച മൈനിംഗ് എന്‍ജിനീയറായ ജസ്വന്ത് സിംഗ് ഗില്ലിന്റെ ജീവിതം ആസ്പദമാക്കിയൊരുക്കുന്ന ‘ക്യാപ്‌സൂള്‍ ഗില്ലിന്റെ ചിത്രീകരണം ആരംഭിച്ചു. അക്ഷയ് കുമാര്‍ ആണ് നായകന്‍. 1989ലെ വെളളപ്പൊക്കത്തില്‍ വെസ്റ്റ് ബെംഗാളിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിക്കിടന്ന 65പേരെ രക്ഷപ്പെടുത്തിയതില്‍ പ്രധാനപങ്കുവഹിച്ചത് ജസ്വന്ത് ആയിരുന്നു. ടിനു സുരേഷ് ദേശായി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പരിനീതി ചോപ്ര, കുമുദ് ശര്‍മ, രവി കിഷന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ വര്‍ഷത്തെ അക്ഷയ് കുമാറിന്റെ ഒന്‍പതാമത്തെ പ്രോജക്ട് ആണിത്.

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായെത്തുന്ന ചിത്രം ‘കുറി’ റിലീസ് മാറ്റി വെച്ചു. ജൂലൈ എട്ടിനാണ് ചിത്രം തിയേറ്റര്‍ റിലീസിന് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രം ജൂലൈ 15ലേക്കാണ് മാറ്റി വെച്ചിരിക്കുന്നത്. കെ ആര്‍ പ്രവീണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുറി’. സുരഭി ലക്ഷ്മി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസാണ് സംഗീതം പകരുന്നത്. സംഭാഷണം ഒരുക്കുന്നത് ഹരിമോഹന്‍ ജി പൊയ്യയാണ്.

ചെന്നൈ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് രാജ്യത്ത് പുതിയ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചു. ടിവിഎസ് റോണിന്‍ എന്നു പേരുള്ള ബൈക്കാണ് കമ്പനി അവതരിപ്പിച്ചത്. 1.49 ലക്ഷം മുതല്‍ 1.71 ലക്ഷം രൂപ വരെ വിലയുള്ള മൂന്ന് വേരിയന്റുകളില്‍ (ട്രിപ്പിള്‍ ടോണ്‍ ഡ്യുവല്‍ ചാനല്‍ – ടിഡി, ഡ്യുവല്‍ ടോണ്‍ സിംഗിള്‍ ചാനല്‍ – ഡിഎസ്, സിംഗിള്‍ ടോണ്‍ സിംഗിള്‍ ചാനല്‍ – എസ്എസ്) ബൈക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. മേല്‍പ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം ആണ്. ഗാലക്റ്റിക് ഗ്രേ, ഡോണ്‍ ഓറഞ്ച്, ഡെല്‍റ്റ ബ്ലൂ, സ്റ്റാന്‍സെ ബ്ലാക്ക്, മാഗ്മ റെഡ്, ലൈറ്റിംഗ് ബ്ലാക്ക് എന്നിങ്ങനെ ആറ് കളര്‍ ഓപ്ഷനുകളുണ്ട്.

കഥകളിയില്‍ കഥ മുഴുവനറിയുന്നതും ആട്ടം മുഴുവന്‍ കാണുന്നതും ആട്ടവിളക്കാണ്. എല്ലാ നല്ല കഥകളിലും അദൃശ്യമായൊരു ആട്ടവിളക്കിന്റെ വെളിച്ചം വീശുന്നുണ്ട്. അതു ജീവിതത്തിന്റെ പ്രകാശമാണ്. ‘ആദിമുതല്‍ എന്നേക്കും’. പി. ഹരികൃഷ്ണന്‍. വിസി ബുക്സ്. വില 142 രൂപ.

സമൂഹത്തില്‍ കൂടുതലായി കണ്ടുവരുന്ന ശ്വാസനാളങ്ങളെ ബാധിക്കുന്ന ഒരു രോഗമാണ് ബ്രോങ്കിയക്ടാസിസ്. ഈ രോഗം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളെ നമുക്ക് ജന്മനാല്‍ ഉള്ളതും പിന്നീട് വരുന്നതുമായി തരംതിരിക്കാം. വിട്ടുമാറാത്ത കഫത്തോടുകൂടിയുള്ള ചുമ, ചുമയ്ക്കുമ്പോള്‍ കഫത്തില്‍ രക്തത്തിന്റെ അംശം കാണുക, കഫത്തിനും ശ്വാസത്തിനും നാറ്റം ഉണ്ടാവുക, ശ്വാസംമുട്ട് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ബ്രോങ്കിയക്ടാസിസ് രോഗിക്ക് കഫത്തില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതുമൂലം വിട്ടുമാറാത്ത പനിയും ചുമയും കഫക്കെട്ടും ഉണ്ടാകാം. നെഞ്ചിന്റെ എക്‌സ്‌റേ ഉപകാരപ്പെടുമെങ്കിലും ഹൈ റെസല്യൂഷന്‍ സിടി സ്‌കാന്‍ ആണ് പ്രധാനപ്പെട്ട പരിശോധനാ രീതി. ഇതോടൊപ്പം പള്‍മനറി ഫങ്ഷന്‍ ടെസ്റ്റ് ചെയ്ത് ശ്വാസതടസ്സം ഉണ്ടോ എന്നും നോക്കാവുന്നതാണ്. കഫ പരിശോധന നടത്തി അണുബാധ, ക്ഷയരോഗത്തിന്റെ പരിശോധനകളും ചെയ്യേണ്ടതാണ്. ചികിത്സയില്‍ പ്രധാനം അണുബാധ നിയന്ത്രിക്കുക എന്നതാണ്. ഇതോടൊപ്പം ശ്വാസംമുട്ട് ഉണ്ടെങ്കില്‍ ഇന്‍ഹെയ്‌ലര്‍ ചികിത്സ എടുക്കേണ്ടത് അത്യാവശ്യമാണ്. രോഗം കടുക്കുന്ന അവസരങ്ങളില്‍ ഓക്‌സിജന്‍ തെറാപ്പി, ആന്റിബയോട്ടിക് തുടങ്ങിയവ വേണ്ടിവരും. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട ചികിത്സാരീതിയാണ് ശസ്ത്രക്രിയ ചെയ്ത് കേടായ ഭാഗം എടുത്തു മാറ്റുന്നത്. എന്നാല്‍ ഇത് എളുപ്പം ചെയ്യാവുന്നതല്ല. ശ്വാസകോശ അണുബാധ ഉണ്ടാകാതിരിക്കാന്‍ ചില കുത്തിവയ്പ്പുകള്‍ എടുക്കാവുന്നതാണ്. ഇതില്‍ പ്രധാനമായും ന്യൂമോകോക്കല്‍ കുത്തിവയ്പ്പും വര്‍ഷാവര്‍ഷം എടുക്കുന്ന ഇന്‍ഫ്ലുവന്‍സ കുത്തിവയ്പ്പും ആണുള്ളത്. ബ്രോങ്കിയക്ടാസിസ് എന്ന രോഗം ചികിത്സിച്ചില്ലെങ്കില്‍ ശ്വാസകോശ സ്തംഭനവും ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.29, പൗണ്ട് – 94.60, യൂറോ – 80.07, സ്വിസ് ഫ്രാങ്ക് – 81.09, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.01, ബഹറിന്‍ ദിനാര്‍ – 210.34, കുവൈത്ത് ദിനാര്‍ -257.68, ഒമാനി റിയാല്‍ – 205.91, സൗദി റിയാല്‍ – 21.12, യു.എ.ഇ ദിര്‍ഹം – 21.59, ഖത്തര്‍ റിയാല്‍ – 21.78, കനേഡിയന്‍ ഡോളര്‍ – 60.95.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *