ഭരണഘടനയ്ക്കെതിരേ മന്ത്രി സജി ചെറിയാന്. പ്രസംഗം വിവാദമായി. ഗവര്‍ണര്‍ റിപ്പോര്‍ട്ടു തേടി. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തിറങ്ങി. ഇന്ത്യന്‍ ഭരണഘടന ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണെന്ന മന്ത്രി സജി ചെറിയാന്റെ പ്രസംഗമാണു വിവാദമായത്. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. ഭരണഘടനയില്‍ മതേതരത്വം ജനാധിപത്യം കുന്തം കുടചക്രവുമൊക്കെയാണ് എഴുതിവച്ചിരിക്കുന്നതെന്നും അധിക്ഷേപിച്ചു. മല്ലപ്പള്ളിയിലെ സിപിഎം സമ്മേളനത്തിലാണ് മന്ത്രിയുടെ വിവാദ പ്രസംഗം.
കെഎസ്ആര്‍ടിസിയില്‍ യൂണിയനുകളുടെ ദുര്‍ഭരണം. തൊഴിലാളി യൂണിയനുകളുടെ യൂണിറ്റുതല ഭാരവാഹികളായ മുന്നൂറു പേര്‍ക്കു ജോലി ചെയ്യാതേയും ശമ്പളം നല്കുന്ന പ്രൊട്ടക്ഷനുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസി ഭരിക്കുന്നത് യൂണിയനുകളാണ്. ഈ സ്ഥിതി മാറണം. യൂണിറ്റ് തലത്തില്‍ യൂണിയന് നേതാക്കള്‍ക്ക് പ്രൊട്ടക്ഷന്‍ നല്കുന്ന മറ്റൊരു സ്ഥാപനവും ഇല്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍ മറ്റു വഴികളില്ല. വീണ്ടും തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കെഎസ്ആര്‍ടിസി വിഭജിച്ച് കെ സ്വിഫ്റ്റ് രൂപീകരിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെ സ്വിഫ്റ്റ് സ്വതന്ത്ര കമ്പനിയാണ്. എന്നാല്‍ വരുമാനം എത്തുന്നത് കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലേക്കാണ്. സ്വിഫ്റ്റിനു വേണ്ടി സിഎന്‍ജി ബസുകള്‍ വാങ്ങാനുള്ള തീരുമാനം എടുത്തെങ്കിലും പരിശോധനകള്‍ക്കു ശേഷമേ നടപ്പാക്കു. ആറു മാസം കൊണ്ട് സിഎന്‍ജിക്ക് 30 രൂപ വില വര്‍ധിപ്പിച്ചെന്നും ആന്റണി രാജു പറഞ്ഞു.
നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്ന് ഹൈക്കോടതി. വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി രണ്ടു ദിവസത്തിനകം സംസ്ഥാന ഫൊറന്‍സിക് ലാബിലേക്ക് മെമ്മറി കാര്‍ഡ് അയക്കണമെന്നും ഉത്തരവിട്ടു. ഏഴു ദിവസത്തിനകം സീല്‍ വച്ച കവറില്‍ പരിശോധനാഫലം കോടതിക്കു കൈമാറണമെന്നും നിര്‍ദേശിച്ചു.
കെ.ടി. ജലീലിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കലാപ ഗൂഢാലോചനക്കേസില്‍ സ്വപ്ന സുരേഷ് ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. നേരത്തെ രണ്ടു തവണ ഈ കേസുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇഡി ചോദ്യം ചെയ്യല്‍ ചൂണ്ടിക്കാട്ടി സ്വപ്ന ഹാജരായിരുന്നില്ല. അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് സ്വപ്ന മാധ്യമങ്ങളോടു പറഞ്ഞു. സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന് നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി. ഭരണഘടനക്കെതിരെ മന്ത്രി സജി ചെറിയാന് നടത്തിയ പരാമര്‍ശം ഗൗരവത്തോടെയാണ് കാണുന്നതെന്ന് രാജ് ഭവന് അറിയിച്ചു.
ഭരണഘടനക്കെതിരെ പ്രസംഗിച്ച മന്ത്രി സജി ചെറിയാന് രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. രാജി വച്ചില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണം. അതിനു തയാറായില്ലെങ്കില്‍ മന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു.
മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗുരുതരമായ സത്യപ്രതിഞ്ജാ ലംഘനമാണെന്നും അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു.
നിയമസഭാംഗങ്ങള്‍ സഭയുടെ അന്തസ്സിനു ചേരാത്ത രീതിയില്‍ പ്രവര്‍ത്തിക്കരുതെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. സഭ ചേരുമ്പോള്‍ അംഗങ്ങള്‍ അച്ചടക്കം പാലിക്കണം. പ്രതിപക്ഷ നിരയില്‍ ഇന്നും സംസാരമുണ്ടായി. ഗൗരവമുള്ള ചര്‍ച്ചകള്‍ അംഗങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി.
ഉന്നതവിദ്യാഭ്യാസ ശാക്തീകരണ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനവും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ആസ്ഥാനമന്ദിരമായ ഉന്നതവിദ്യാഭവന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു നിര്‍വഹിക്കും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ശാസ്ത്രസാങ്കേതിക മ്യൂസിയം ക്യാംപസിലാണ് പരിപാടി. ഇ-ജേര്‍ണല്‍ കണ്‍സോര്‍ഷ്യം, ബ്രെയിന്‍ ഗെയിന്‍ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും നിര്‍വഹിക്കും. അക്രഡിറ്റഡ് കോളേജുകള്‍ക്കുള്ള സ്റ്റേറ്റ് അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് സെന്റര്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും മുഖ്യമന്ത്രി നിര്‍വഹിക്കും. ശാസ്ത്രസാങ്കേതിക മ്യൂസിയം ക്യാമ്പസില്‍ നിലവിലുള്ള കെട്ടിടത്തോടു ചേര്‍ന്നാണ് ഉന്നതവിദ്യാഭവന്‍ നിര്‍മിക്കുന്നത്.
സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്റെ മകന് രഞ്ജിതിന് എയ്ഡഡ് സ്കൂളില്‍ നിയമനം ഉറപ്പാക്കാന്‍ വഴിവിട്ട നീക്കങ്ങള്‍. രഞ്ജിത് പഠിപ്പിക്കുന്ന വെളളമുണ്ട എയുപി സ്കൂളില്‍ തസ്തിക ഉറപ്പാക്കാന്‍ വേണ്ടത്ര വിദ്യാര്‍ത്ഥികളുടെ എണ്ണം തികയ്ക്കാന്‍ മറ്റു സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ ടിസിയും ഉപയോഗിച്ചെന്നാണു റിപ്പോര്‍ട്ട്. കുട്ടികളുടെ എണ്ണം നിര്‍ണയിക്കുന്ന ആറാം പ്രവര്‍ത്തി ദിനത്തിനുശേഷം അധ്യാപകര്‍ വിളിച്ചപ്പോഴാണ് രക്ഷിതാക്കള്‍ ഇക്കാര്യം അറിയുന്നത്.
കേരളത്തിലെ ഒരു സ്കൂളിലും ടിസി നിര്‍ബന്ധിച്ച് വാങ്ങാന്‍ സാധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വയനാട് വെള്ളമുണ്ട എയ്ഡഡ് സ്കൂളില്‍ നിയമനത്തിനായുള്ള വഴിവിട്ട നീക്കങ്ങളെക്കുറിച്ച് അറിയില്ലെന്നും പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
കോഴിക്കോട് ആവിക്കല്‍ത്തോട് അടക്കം മാലിന്യ സംസ്കരണത്തിന് കേന്ദ്രീകൃത പ്ളാന്റുകള്‍ അനിവാര്യമെന്നും പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും തദ്ദേശഭരണമന്ത്രി എംവി ഗോവിന്ദന്. മാലിന്യ സംസ്കരണ പ്ളാന്റിനെതിരെ ഹര്‍ത്താല്‍ നടത്തിയ ആവിക്കല്‍ത്തോട് പ്രദേശവാസികളെ മര്‍ദ്ദിക്കുകയും കേസെടുക്കുകയും ചെയ്ത പോലീസ് നടപടികള്‍ക്കെതിരേ എം.കെ മുനീര്‍ നല്കിയ അടിയന്തര പ്രമേയ ചര്‍ച്ചയിലാണ് മന്ത്രിയുടെ പ്രതികരണം.
വീട്ടുടമയുടെ കടിയേറ്റ മോഷ്ടാവ് മരിച്ചു. ഉടുമ്പന്‍ചോല ചെമ്മണ്ണാറില്‍ വിരിക്കപ്പള്ളില്‍ ജോസഫ് എന്ന അമ്പത്താറുകാരനാണു മരിച്ചത്. ചെമ്മണ്ണാറില്‍ ഓട്ടോ ഡ്രൈവറായ കൊന്നക്കപ്പള്ളില്‍ രാജന്ദ്രന്റെ വീട്ടില്‍ കവര്‍ച്ചയ്ക്കെത്തിയ ജോസഫിനെ പിടികൂടി രാജേന്ദ്രന് കവിളില്‍ കടിച്ചിരുന്നു. രാജേന്ദ്രന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്ന് അപഹരിച്ച ആറായിരം രൂപയും ഫ്രിഡ്ജില്‍നിന്ന് ഇറച്ചിയും എടുത്താണ് ജോസഫ് ഓടിയത്. മരിച്ചുകിടന്ന സ്ഥലത്തു മല്പിടിത്തം നടന്നിട്ടുണ്ടെന്ന് പോലീസ്.
സ്കോള്‍-കേരള നടത്തിയ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സ് ആറാം ബാച്ചിന്റെ 2022 മെയ്, ജൂണ്‍ മാസങ്ങളില്‍ നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ 952 വിദ്യാര്‍ഥികളില്‍ 776 പേര് യോഗ്യത നേടി. 723 വിദ്യാര്‍ഥികള്‍ക്കു ഡിസ്റ്റിംഗ്ഷനുണ്ട്.
പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തിനു പിറകേ അമ്മയും നവജാത ശിശുവും മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ഡിഎംഒ. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മറ്റ് വിവരങ്ങളും കിട്ടിയശേഷം അന്വേഷണം തുടങ്ങും. സംഭവത്തില്‍ ആശുപത്രിയുടെയോ ഡോക്ടറുടേയോ ഭാഗത്തു പിഴവില്ലെന്ന് ഐഎംഎ. അമിതമായ രക്തസ്രാവമാണ് ഐശ്വര്യയുടെ മരണത്തിന് ഇടയാക്കിയതെന്ന് ഐഎംഎ പാലക്കാട് പ്രസിഡന്റ് ഡോ. എന്‍.എം. അരുണ്‍ പറഞ്ഞു.
ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ 31 പേര്‍ക്ക് ഹൈക്കോടതിയുടെ ജാമ്യം. കുട്ടിയുടെ അച്ഛന് അസ്കര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.
മൂന്നാര്‍ ലോക്കാട് എസ്റ്റേറ്റില്‍ തൊഴിലാളികള്‍ക്കിടയിലൂടെ കുതിച്ചുപാഞ്ഞ് പുള്ളിപ്പുലി. മരത്തില്‍ ചാടിക്കയറിയ പുലിയെ കണ്ട് സ്ത്രീ തൊഴിലാളികള്‍ ഭയന്നോടി. രാവിലെ ഏഴുമണിയോടെ ലോക്കാട് എസ്റ്റേറ്റില്‍ കൊളുന്തെടുക്കുകയായിരുന്ന സ്ത്രീതൊഴിലാളികള്ക്കിടയിലൂടെയാണ് പുള്ളിപ്പുലി പാഞ്ഞോടിയത്.
യേശുവിനെയും ക്രിസ്തു മതത്തെയും അവഹേളിച്ചു പ്രസംഗിച്ച മതപ്രഭാഷകനെതിരെ കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി വസീം അല്‍ ഹിക്കാമിക്കെതിരെയാണ് നടപടി. ബിജെപി നേതാവ് അനൂപ് ആന്റണിയുടെ ഹര്‍ജിയില്‍ കോടതി നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.
ആഭരണം നിര്‍മിക്കാന്‍ നല്കിയ 302 ഗ്രാം സ്വര്‍ണവുമായി മുങ്ങിയ പ്രതി പിടിയില്‍. കൊണ്ടോട്ടിയിലെ സ്വര്‍ണപ്പണിക്കാരനായ പശ്ചിമ ബംഗാള്‍ ബര്‍ധമാന്‍ സാസ്പുര്‍ സ്വദേശി ശുക്കൂറലി ശൈഖാ(38)ണ് പിടിയിലായത്.
കൊല്ലം പെരുമണില്‍ വിനോദ യാത്രയ്ക്കു മുമ്പ് ബസിനു മുകളില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ. ബസിലെ ഇലക്ട്രിക്ക് സംവിധാനം ഉപയോഗിച്ച് പൂത്തിരി കത്തിക്കാന്‍ ബസിനു മുകളില്‍ സ്ഥിരം സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സംഭവത്തില്‍ ഇന്നലെ ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു.
തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍നിന്നു നവജാത ശിശുവിനെ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി ഷംനയുടെ ഭര്‍ത്താവ് മണികണ്ഠനെ കസ്റ്റഡിയിലെടുത്തെങ്കിലും പ്രതിയല്ലെന്ന് പൊള്ളാച്ചി പോലീസ്. മണികണ്ഠന്റെ അറിവോടെയല്ല, ഷംന കുട്ടിയെ കടത്തിയതെന്ന് പൊള്ളാച്ചി പൊലീസ് പറഞ്ഞു.
ഉദുമ മുന്‍ എംഎല്‍എ പി രാഘവന് അന്തരിച്ചു. 77 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍മൂലം കുറേക്കാലമായി ചികിത്സയിലായിരുന്നു. 37 വര്‍ഷം സിപിഎം കാസര്‍കോട് ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്നു.
തൊഴില്‍തേടി കല്പറ്റയിലെ ഹൈപ്പര്‍ മാര്‍ക്കറ്റിനെതിരെ ട്രേഡ് യൂണിയനുകള്‍ പന്തല്‍ക്കെട്ടി സമരം തുടങ്ങി. നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിനു മുമ്പിലാണ് സമരം. ഹൈപ്പര്‍മാര്‍ക്കറ്റിലേക്കുള്ള ചരക്കിറക്കുന്ന തൊഴില്‍ തങ്ങള്‍ക്കു വേണമെന്നാണ് സമരക്കാരുടെ ആവശ്യം. എന്നാല്‍ ഹൈക്കോടതി ഉത്തരവോടെ സ്ഥാപനത്തിലെ തൊഴിലാളികള്‍ തൊഴില്‍ കാര്‍ഡുമായി ജോലി ചെയ്യുന്നതെന്നാണു സ്ഥാപന ഉടമകള്‍ പറയുന്നത്.
കൊല്ലം ജില്ലയിലെ സ്കൂള്‍ കുട്ടികള്‍ക്കു ലഹരി മരുന്നുകള്‍ വിറ്റ കേസിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കൊല്ലം തൃക്കടവൂര്‍ സ്വദേശിയായ കൊമ്പന് അജി എന്ന അജികുമാറിനെയാണ് അഞ്ചാലുമൂട് പൊലീസ് പിടികൂടിയത്.
ബീഡി നല്‍കാത്തതിന് വിചാരണത്തടവുകാരന് കൈവിലങ്ങുകൊണ്ട് സ്വയം തല അടിച്ചു പൊട്ടിച്ചു. അബ്കാരി കേസ് പ്രതിയായ പാലോട് സ്വദേശി ലിനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതിയില്‍ ഹാജരാക്കി സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോകവേയാണ് ബീഡി ആവശ്യപ്പെട്ട് അക്രമാസക്തനായത്.
കട്ടപ്പന വെള്ളയാംകുടിയില്‍ മരത്തില്‍ വലിഞ്ഞു കയറി താഴേക്കു ചാടിയ അന്യസംസ്ഥാന തൊഴിലാളിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാര്‍ഖണ്ഡ് സ്വദേശി അമലു എന്നയാള്‍ നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും നോക്കിനില്‍ക്കേയാണ് മരത്തില്‍നിന്നു താഴേക്കു ചാടിയത്. ചെമ്മണ്ണില്‍ ബേബിയുടെ പുരയിടത്തിലേയ്ക്ക് അതിക്രമിച്ച് കയറിയ ഇയാള്‍ വീട്ടുടമസ്ഥരെ കണ്ടയുടനെ മരത്തിലേക്കു വലിഞ്ഞുകയറുകയായിരുന്നു.
കോഴിക്കോട് ജില്ലയിലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട കോനൂര്‍ക്കണ്ടി മരത്തോട് ഭാഗത്ത് കാട്ടാന ശല്യം. തോട്ടുമുക്കം മലയോര മേഖലയില്‍ പട്ടാപ്പകലും ആനയിറങ്ങി. കഴിഞ്ഞ ദിവസം വൈകിട്ടും മരത്തോട് ഭാഗത്ത് ആനയിറങ്ങിയിരുന്നു.
അട്ടപ്പാടിയില്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രിക്കു സമീപം കാട്ടാനക്കൂട്ടം. കുട്ടികളടക്കമുള്ള 16 ആനകളേയും നാട്ടുകാരും വനപാലകരും ചേര്‍ന്നു കാടുകയറ്റി.
രാഹുല്‍ ഗാന്ധിയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിനെയും സീ ഹിന്ദുസ്ഥാന്‍ ചാനല്‍ അവതാരകന് രോഹിത് രജ്ഞനേയും അറസ്റ്റു ചെയ്യാന്‍ ഛത്തീസ്ഗഡ് പോലീസ്. യുപി പൊലീസിനെ അറിയിക്കാതെയാണ് ഛത്തീസ്ഗഡ് പൊലീസ് നടപടിയെന്ന് രോഹിത് ആരോപിച്ചു. കോടതി ഉത്തരവുമായാണ് എത്തിയതെന്നു റായ്പൂര്‍ പൊലീസ് പറയുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളില്‍ ഇരുവര്‍ക്കുമെതിരേ കേസെടുത്തിട്ടുണ്ട്.
കൊടാക് മഹീന്ദ്ര ബാങ്കിനോടും ഇന്‍ഡസ് ഇന്‍ഡ് ബാങ്കിനോടും ഒരു കോടി രൂപവീതം പിഴ അടയ്ക്കണമെന്ന് റിസര്‍വ് ബാങ്ക്. നാലു സഹകരണ ബാങ്കുകള്‍ക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. ദി ഡെപോസിറ്റര്‍ എജുക്കേഷന്‍ ആന്റ് അവെയര്‍നെസ് ഫണ്ട് സ്കീം 2014 പ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാണ് കൊടാക് മഹീന്ദ്ര ബാങ്കിന് പിഴ ചുമത്തിയത്. ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിലും ബാങ്ക് വീഴ്ച വരുത്തിയിട്ടുണ്ട്. കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നതാണ് ഇന്‍ഡസ് ഇന്‍ഡ് ബാങ്കിനെതിരായ കുറ്റം.
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ ആദ്യ വാര്‍ഷിക ജനറല്‍ ബോഡി യോഗം സെപ്റ്റംബര്‍ 27 ന്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗം ചേരുക. ഓഗസ്റ്റ് 26 ന് ഡിവിഡന്റ് പേമെന്റ് തീയതിയായി നിശ്ചയിച്ചിട്ടുണ്ട്.
അബുദാബിയിലെ പന്ത്രണ്ടു നില കെട്ടിടത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി. ശൈഖ് റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റിലുള്ള കെട്ടിടത്തില്‍ തിങ്കളാഴ്ച രാത്രി ഒരു മണിക്കാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ തന്നെ അബുദാബി പൊലീസും അബുദാബി സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി തീയണച്ചു.
പുരുഷ – വനിതാ താരങ്ങള്‍ക്ക് തുല്യവേതനമെന്ന ചരിത്രപരമായ തീരുമാനവുമായി ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്. ഇക്കാര്യം സംബന്ധിച്ച് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡും കളിക്കാരുടെ സംഘടനയും കഴിഞ്ഞ ദിവസം അഞ്ചു വര്‍ഷത്തെ പ്രത്യേക ഉടമ്പടിയില്‍ ഒപ്പിട്ടു.
നടപ്പുസാമ്പത്തിക വര്‍ഷം (2022-23) ദേശീയ സമ്പാദ്യപദ്ധതി വകുപ്പ് ലക്ഷ്യമിടുന്നത് 6,000 കോടി രൂപയുടെ നിക്ഷേപ സമാഹരണം. ദേശീയ സമ്പാദ്യപദ്ധതി മുഖേന സ്വരൂപിക്കുന്ന തുക സംസ്ഥാനത്തിന്റെ ക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാം. അംഗീകൃത ഏജന്റുമാരുടെ സൗജന്യസേവനം ലഭ്യമാണ്. പോസ്റ്റോഫീസുകളിലൂടെയും തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകള്‍വഴിയും നിക്ഷേപം നടത്താം. സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, പോസ്റ്റോഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ്, ടൈം ഡെപ്പോസിറ്റ്, മാസവരുമാന പദ്ധതി, അഞ്ചുവര്‍ഷ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്, പി.പി.എഫ്., സീനിയര്‍ സിറ്റിസണ്‍സ് സ്കീം, പെണ്‍കുട്ടികള്‍ക്കായി സുകന്യ സമൃദ്ധിയോജന, 124 മാസംകൊണ്ട് ഇരട്ടിയാകുന്ന കിസാന്‍ വികാസ് പത്ര, സ്കൂളുകള്‍ വഴിയുള്ള സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീം എന്നിങ്ങനെ ആകര്‍ഷക നിക്ഷേപപദ്ധതികളാണ് കേന്ദ്ര മാനദണ്ഡങ്ങളോടെ ദേശീയ സമ്പാദ്യ പദ്ധതിയിലുള്ളത്.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഒരു പവന് സ്വര്‍ണത്തിനു 80 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ ഒരു പവന് സ്വര്‍ണത്തിനു 200 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന് സ്വര്‍ണത്തിന്റെ വില ഇന്ന് 38,480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു. ഇന്നലെ 25 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4810 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 10 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 20 രൂപ ഉയര്‍ന്നിരുന്നു. 18 ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,975 രൂപയാണ്.
ആലിയ ഭട്ട് നായികയാകുന്ന സിനിമയാണ് ‘ഡാര്ലിംഗ്സ്’. മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളായ റോഷന് മാത്യുവും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ജസ്മീത് കെ റീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഡാര്ലിംഗ്സ്’ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.
അമ്മ-മകള്‍ ബന്ധത്തിലൂന്നിയ കഥ പറയുന്ന ചിത്രമാണ് ‘ഡാര്ലിംഗ്സ്’. ഷെഫാലി ഷായും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. നെറ്റ്ഫ്ലിക്സില്‍ ഡയറക്ട് റിലീസ് ആയിട്ടാണ് ചിത്രം എത്തുക. ഓഗസ്റ്റ് അഞ്ചിന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ആലിയ ഭട്ടിന്റെ നിര്‍മാണ കമ്പനി ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് ‘ഡാര്ലിംഗ്സ്’ എന്ന പ്രത്യേകതയുമുണ്ട്.
വിക്രം നായകനാകുന്ന പുതിയ സിനിമയാണ് ‘കോബ്ര’. ആര് അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 11ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഇപ്പോഴിതാ ‘കോബ്ര’ എന്ന സിനിമയിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘ഉയിര് ഉറുഗുദേ’ എന്ന ഒരു ഗാനമാണ് പുറത്തുവിട്ട്ിരിക്കുന്നത്. എ ആര് റഹ്മാന് ആണ് സംഗീത സംവിധാനം. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ കെ എസ് രവികുമാര്‍, ആനന്ദ്രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്രാജന് തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്നു. ക്രിക്കറ്റ് താരം ഇര്ഫാന് പത്താന്റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന് മാത്യുവും മിയ ജോര്‍ജും സര്‍ജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ ഇരുചക്രവാഹന ഉപസ്ഥാപനമായ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ കറ്റാന മോട്ടോര്‍സൈക്കിളിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു. ‘ഫോര്‍ജിംഗ് എ ന്യൂ സ്ട്രീറ്റ് ലെജന്‍ഡ്’ എന്ന ഉല്‍പ്പന്ന ആശയത്തിന് കീഴില്‍, സ്പോര്‍ട്ടി ലുക്കിംഗ് സ്റ്റാന്‍ഡേര്‍ഡ് സ്ട്രീറ്റ് മോട്ടോര്‍സൈക്കിളായിട്ടാണ് കാറ്റാനയെ വികസിപ്പിച്ചെടുത്തിരിക്കുന്നത്. കമ്പനിയുടെ എല്ലാ ബൈക്ക് സോണ്‍ ഡീലര്‍ഷിപ്പുകളിലും സുസുക്കി കറ്റാന 13,61,000 രൂപയ്ക്ക് (എക്സ്-ഷോറൂം, ദില്ലി) ലഭ്യമാകും. മെറ്റാലിക് മാറ്റ് സ്റ്റെല്ലാര്‍ ബ്ലൂ, മെറ്റാലിക് മിസ്റ്റിക് സില്‍വര്‍ എന്നീ രണ്ട് നിറങ്ങളില്‍ ആണ് ഈ മോട്ടോര്‍സൈക്കിള്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
തകര്‍ന്ന ഹൃദയത്തോടെയാണ് സ്റ്റീവ് തനിക്ക് മുപ്പതു വര്‍ഷമായി പരിചയമുള്ള ലോകത്തേക്ക് തിരിച്ചുവന്നിരിക്കുന്നത്-പുത്തനൊരു ലോകത്തിനു വേണ്ടി ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഉപേക്ഷിച്ച ലോകമാണത്. ഒരിക്കലും നടക്കാതെ പോയ ആ ലോകത്തെക്കുറിച്ച് അയാള്‍ ഗോവയിലെ കലങ്ങൂട്ടിലെ ബാര്‍ എക്ലിപ്സിന്റെ ആശ്വാസത്തിലിരുന്ന് ബാറുടമയും ലണ്ടന്കാരിയും നാട്യങ്ങളില്ലാത്തവളുമായ കാരെനോട് മനസ്സു തുറക്കുകയാണ്. ‘മധ്യവേനല്‍ അവധിക്കാലം’. സ്റ്റീവ് ആന്‍ഡോഴ്സണ്‍. വിവര്‍ത്തനം- കബനി സി. വിസി ബുക്സ്. വില 189 രൂപ.
മഴക്കാലം വളരെയധികം സാംക്രമിക രോഗങ്ങളുടെയും ജന്തുജന്യ രോഗങ്ങളുടെയും കാലമാണ്. വെള്ളത്തില്‍ കൂടി പകരുന്ന രോഗങ്ങളാണ് വയറിളക്ക രോഗങ്ങള്‍. വൈറസ്, പലതരം ബാക്ടീരിയകള്‍ തുടങ്ങിയവ കൊണ്ടും മറ്റ് പരാദങ്ങള്‍ കൊണ്ടും ഉണ്ടാകാം. വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടുന്ന ഈ രോഗം രണ്ട് മുതല്‍ എട്ട് ദിവസം വരെ നീണ്ടുനില്‍ക്കാം. കൊതുക് ജന്യ രോഗങ്ങളില്‍ ഡങ്കിപ്പനി, മലമ്പനി എന്നിവയാണ് കേരളത്തില്‍ കണ്ടുവരുന്നത്. പനി, തലവേദന, കണ്ണിന്റെ പുറകിലുള്ള വേദന, അതിയായ സന്ധിവേദന, രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് കുറയുമ്പോള്‍ ഉണ്ടാകുന്ന രക്തസ്രാവം, ശരീരത്തിലെ രക്തക്കുഴലുകളുടെ ചോര്‍ച്ച കൊണ്ട് രക്തസമ്മര്‍ദ്ദം കുറഞ്ഞ് ഉണ്ടായേക്കാവുന്ന ഡങ്കി ഷോക്ക് സിന്‍ഡ്രോം എന്നിങ്ങനെ പല തീവ്രതയില്‍ ഡങ്കിപ്പനി മനുഷ്യരില്‍ കാണപ്പെടാം. മലമ്പനി / മലേറിയ കേരളത്തില്‍ അത്രയ്ക്ക് കാണപ്പെടുന്ന ഒരു കൊതുകുജന്യ രോഗമല്ല. അനോഫിലസ് ഗണത്തില്‍പ്പെടുന്ന കൊതുകുകളാണ് ഈ രോഗത്തിന്റെ വാഹകരായി പ്രവര്‍ത്തിക്കുന്നത്. മറ്റു ജന്തുജന്യ രോഗങ്ങളായ എലിപ്പനി, ചെള്ള് പനി മുതലായവയും മഴക്കാലത്ത് മലിന ജലത്തില്‍ കൂടിയും ജന്തുക്കളില്‍ നിന്നും മനുഷ്യരിലേക്കും പകരാം. പനി, മഞ്ഞപ്പിത്തം, വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനക്കുറവ്, മറ്റു ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയവ എലിപ്പനിയുടെ ലക്ഷണങ്ങളാണ്. പരിസര ശുചിത്വവും വ്യക്തി ശുചിത്വവുമാണ് ഇത്തരം രോഗം തടയാനുള്ള വഴി. കുടിക്കാന്‍ തിളപ്പിച്ച് ആറിയ ശുദ്ധജലം ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും കഴുകി വൃത്തിയാക്കി ഉപയോഗിക്കുക. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പാകംചെയ്യുന്ന ഭക്ഷണങ്ങളും പഴച്ചാറുകളും ഒഴിവാക്കുക, തുടങ്ങിയവ വയറിളക്ക രോഗങ്ങളില്‍ നിന്നും രക്ഷപെടാനുള്ള മാര്‍ഗങ്ങളാണ്. കൊതുകുജന്യ രോഗങ്ങളില്‍ നിന്നും രക്ഷനേടാനായി കൊതുക് പ്രജനനം ചെയ്യുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക. അതായത്, പരിസരശുചിത്വം ശീലമാക്കുക.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.13, പൗണ്ട് – 95.44, യൂറോ – 81.92, സ്വിസ് ഫ്രാങ്ക് – 82.28, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.82, ബഹറിന്‍ ദിനാര്‍ – 209.97, കുവൈത്ത് ദിനാര്‍ -257.42, ഒമാനി റിയാല്‍ – 257.75, സൗദി റിയാല്‍ – 21.10, യു.എ.ഇ ദിര്‍ഹം – 21.56, ഖത്തര്‍ റിയാല്‍ – 21.75, കനേഡിയന്‍ ഡോളര്‍ – 61.39.