S3 yt cover

 

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി റിട്ടയേഡ് ജസ്റ്റീസ് എസ് മണികുമാറിനെ നിയമിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചീഫ് സെക്രട്ടറിയോടു വിശദീകരണം തേടി. നിയമനത്തിനുള്ള സമിതി അംഗമായ പ്രതിപക്ഷ നേതാവ് വിയോജിപ്പു രേഖപ്പെടുത്തുകയും ഗവര്‍ണര്‍ക്കു പരാതി നല്‍കുകയും ചെയ്തിരുന്നു.

◾ഭൂമി തരംമാറ്റല്‍ വേഗത്തിലാക്കാന്‍ 249 പുതിയ തസ്തികയുണ്ടാക്കും. തരംമാറ്റല്‍ അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കാന്‍ പ്രത്യേക കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച ശേഷം റവന്യു ഡിവിഷണല്‍ ഓഫീസുകളിലേക്ക് പ്രതിമാസം ചുരുങ്ങിയത് 1000 അപേക്ഷകളെങ്കിലും എത്തുന്നുണ്ട്. 25 സെന്റ് വരെ ഫീസ് ഈടാക്കാതെയും അതിനു മുകളില്‍ ന്യായ വിലയുടെ 10 ശതമാനം ഈടാക്കിയുമാണ് തരം മാറ്റുന്നത്. രണ്ടര ലക്ഷത്തോളം അപേക്ഷകള്‍ ഇനിയും തീര്‍പ്പാക്കാന്‍ ബാക്കിയുണ്ട്.

◾പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ നാളെ വോട്ടെടുപ്പ്. ഇന്നു നിശബ്ദ പ്രചാരണം. വെള്ളിയാഴ്ചയാണു വോട്ടെണ്ണല്‍. ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളിക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ യാത്രയയപ്പാകും നാളത്തെ വോട്ടെടുപ്പെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു.

◾നാഷണല്‍ പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്കു കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ പ്രവേശന നികുതി നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവു മറികടക്കാന്‍ പഴുതുതേടി സംസ്ഥാന സര്‍ക്കാര്‍. നാഷണല്‍ പെര്‍മിറ്റിന്റെ മറവില്‍ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ പ്രവേശന നികുതി നല്‍കാതെ സര്‍വ്വീസ് നടത്തുന്നതു തടയാന്‍ എന്തു ചെയ്യണമെന്ന് ആലോചിക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു നാളെ 11 ന് എറണാകുളത്തു ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.

◾ഇന്നും നാളെയും അതിശക്തമായ മഴയ്ക്കു സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

◾കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് അതിവേഗ ട്രെയിനിനെ ഗോവയിലേക്കു കടത്തിക്കൊണ്ടുപോകാന്‍ നീക്കം. ദക്ഷിണ റെയില്‍വേക്ക് അനുവദിച്ച പുതിയ വന്ദേഭാരത് റേക്ക് പാലക്കാട്ടെ എന്‍ജിനിയര്‍മാര്‍ക്കു കൈമാറിയെങ്കിലും ചെന്നൈയില്‍ത്തന്നെ കിടക്കുകയാണ്.

◾തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പു കേസ് സുപ്രീം കോടതി വീണ്ടും മാറ്റി. കെ ബാബുവിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കേസ് സെപ്റ്റംബര്‍ 12 ലേക്കു മാറ്റിയത്.

◾ഭരണത്തിനെതിരെ ജനങ്ങളുടെ പരാതികള്‍ കൂടിവരികയാണെന്ന വിമര്‍ശനവുമായി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. വന്‍കിട പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നില്ല. സേവനമേഖലയും പിറകിലാണ്. വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണെന്നും പാര്‍ട്ടി പ്രസിദ്ധീകരണമായ ചിന്തയിലെ ലേഖനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.

◾പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ഷിന 13 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തും. നിയമസഭാ സമ്മേളനത്തിനു മുന്‍പ് നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹര്‍ഷിനയുടെ ആവശ്യം.

◾കസവ് സാരിയുടുത്ത് മലയാളി മങ്കയായി നടി സണ്ണി ലിയോണ്‍ കോഴിക്കോട്ടെ റാമ്പില്‍ ജനസഹസ്രങ്ങളുടെ ഹൃദയം കീഴടക്കി. സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടന്ന ഫാഷന്‍ റേയ്‌സ്- വിന്‍ യുവര്‍ പാഷന്‍ ഡിസൈനര്‍ ഷോയിലാണ് ഞായറാഴ്ച സണ്ണി ലിയോണ്‍ എത്തിയത്. ഭിന്ന ശേഷി കുട്ടികള്‍ക്കൊപ്പം റാംപ് വാക്ക് നടത്തിയ സണ്ണി ലിയോണ്‍ സദസിന് ആവേശമായി മാറി.

◾കുട്ടികള്‍ക്കു മദ്യം നല്‍കിയെന്ന് ആരോപിച്ച് മൂവാറ്റുപുഴയിലെ ബിവറേജസ് കോര്‍പറേഷന്‍ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഓഗസ്റ്റ് 25 ന് നാല് കുട്ടികള്‍ മദ്യലഹരിയില്‍ പുഴയോരത്ത് ഇരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

◾എറണാകുളം മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതനായ അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മാപ്പ് പറഞ്ഞു. നടപടി നേരിട്ട ആറ് വിദ്യാര്‍ത്ഥികളും ഡോ. പ്രിയേഷിനോട് മാപ്പ് പറഞ്ഞു.

◾ശക്തമായ കാറ്റിലും മഴയിലും പാലമരം കടപുഴകി വീണ് ക്ഷേത്രത്തിന്റെ സപ്താഹപ്പന്തല്‍ തകര്‍ന്നു. അമ്പലപ്പുഴ നീര്‍ക്കുന്നം അപ്പക്കല്‍ ശ്രീ ദുര്‍ഗാദേവി നാഗരാജ ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്.

◾വയനാട് മൂലങ്കാവില്‍ വിലസിയിരുന്ന കടുവ പിടിയില്‍. എറളോട്ട് കുന്നില്‍ കോഴിഫാമിനരികില്‍ വച്ച കെണിയിലാണ് 12 വയസുള്ള പെണ്‍കടുവ കുടുങ്ങിയത്.

◾പാലായ്ക്കടുത്ത് രാമപുരത്ത് മൂന്നു പെണ്‍മക്കളുടെ കഴുത്തറുത്ത് പിതാവ് തൂങ്ങി മരിച്ചു. രാമപുരം ചേറ്റുകുളം സ്വദേശി ജോമോന്‍ (40) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾ഇടുക്കി രാജാക്കാട് കുളത്രക്കുഴിയില്‍ ആംബുലന്‍സ് തോട്ടിലേക്കു മറിഞ്ഞ് ഒരാള്‍ മരിച്ചു. ആശുപത്രിയില്‍നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന വട്ടപ്പാറ ചെമ്പുഴയില്‍ അന്നമ്മ പത്രോസ് (80) ആണ് മരിച്ചത്.

◾മാവേലിക്കരയില്‍ അച്ചന്‍ കോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞു കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. അമ്മ ആതിരക്ക് പിന്നാലെ മൂന്നുവയസുള്ള കാശിനാഥാണ് മരിച്ചത്.

◾ഡല്‍ഹില്‍ നടക്കുന്ന ജി 20 ഉച്ചകോടിയുടെ പ്രഖ്യാപനത്തില്‍നിന്ന് തര്‍ക്ക വിഷയങ്ങള്‍ ഒഴിവാക്കണമെന്ന് ഇന്ത്യ. യുക്രെയിന്‍ സംഘര്‍ഷത്തില്‍ ശക്തമായ നിലപാട് വേണമെന്നാണ് അമേരിക്ക ഉള്‍പ്പെടെ ജി 7 രാജ്യങ്ങളുടെ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. ആഫ്രിക്കന്‍ യൂണിയനെ ജി 20 സഖ്യത്തില്‍ ഉള്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ നിര്‍ദ്ദേശത്തോടു ചില രാജ്യങ്ങള്‍ക്ക് എതിര്‍പ്പുണ്ട്.

◾ശനിയാഴ്ചയും ഞായറാഴ്ചയുമായി ഡല്‍ഹി പ്രഗതി മൈതാനത്തിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ജി 20 ഉച്ചകോടിയിക്കു വന്‍സുരക്ഷാ സന്നാഹം. രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്ന സമ്മേളനത്തിനു വ്യോമ പ്രതിരോധ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹി പോലീസിലെ എണ്‍പതിനായിരം സേനാംഗങ്ങള്‍ ഉള്‍പെടെ 1,30,000 സുരക്ഷാ ഭടന്മാരെയാണു വിന്യസിപ്പിക്കുന്നത്.

◾മണിപ്പൂരില്‍ സര്‍ക്കാര്‍ പരസ്യമായി മെയ്തികള്‍ക്കൊപ്പം ചേര്‍ന്നു കുക്കികളെ വംശഹത്യ നടത്തിയെന്നു പഠന റിപ്പോര്‍ട്ടു പുറത്തുവിട്ട എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യക്കെതിരേ പോലീസ് കേസെടുത്തു. റിപ്പോര്‍ട്ടു തയാറാക്കിയ സമിതിയിലെ സീമ ഗുഹ, സഞ്ജയ് കപൂര്‍, ഭരത് ഭൂഷണ്‍ എന്നിവര്‍ക്കെതിരേയാണ് കേസ്.

◾ഭരണപരാജയം മറയ്ക്കാന്‍ ബിജെപി മതത്തെ ഉപയോഗിക്കുന്നുവെന്നു തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മതവികാരം ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്. 2002 ല്‍ ഗുജറാത്തില്‍ വെറുപ്പും വിദ്വേഷവും വിതച്ചവര്‍ മണിപ്പൂരിലും ഹരിയാനയിലും അത് ആവര്‍ത്തിക്കുകയാണ്. സ്റ്റാലിന്‍ പറഞ്ഞു.

◾സനാതന ധര്‍മത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശത്തെ ബിജെപി വളച്ചൊടിക്കുകയാണെന്ന് തമിഴ്നാട് യുവജനക്ഷേമ, കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണ്. എന്തു നിയമ നടപടി നേരിടാന്‍ തയ്യാറാണെന്നും ഉദയനിധി പറഞ്ഞു. സനാതന ധര്‍മം മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണെന്ന പരാമര്‍ശമാണ് വിവാദമായത്.

◾സര്‍വ ധര്‍മ സമഭാവനയാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ . ഓരോ പാര്‍ട്ടിക്കും അവരുടെ നിലപാട് പറയാന്‍ അവകാശം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

◾ചന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ വീണ്ടും പറന്നു. 40 സെന്റീ മീറ്റര്‍ പറന്ന് പൊങ്ങിയ ലാന്‍ഡര്‍ വീണ്ടും സോഫ്റ്റ് ലാന്‍ഡ് ചെയ്തു ചരിത്രം കുറിച്ചു. സ്ലീപ് മോഡിലേക്കു മാറ്റുന്നതിനു തൊട്ടുമുമ്പാണ് ഐഎസ്ആര്‍ഒ ഈ വിദ്യ പ്രയോഗിച്ചത്.

◾റോക്കറ്റ് വിക്ഷേപണത്തിനു കൗണ്ട് ഡൗണ്‍ അനൗണ്‍സ്മെന്റ് നടത്താറുള്ള ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞ എന്‍ വളര്‍മതി ചെന്നൈയില്‍ അന്തരിച്ചു. 64 വയസായിരുന്നു. ചന്ദ്രയാന്‍ 3 വിക്ഷേപണത്തിനും വളര്‍മതിയുടെ കൗണ്ട്ഡൗണ്‍ ശബ്ദമാണു മുഴങ്ങിയത്.

◾കാനഡയിലെ ഒട്ടാവയില്‍ വിവാഹ ചടങ്ങിനിടെയുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്കു പരിക്കേറ്റു. പാര്‍ക്കിങ് ഗ്രൗണ്ടിലാണ് വെടിവയ്പുണ്ടായത്.

◾റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇന്ധന ഇറക്കുമതിയില്‍ ഓഗസ്റ്റില്‍ ഇടിവ്. റിഫൈനറികള്‍ ഇറക്കുമതി കുറച്ചതോടെ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ജൂലൈയിലെ 42 ശതമാനത്തില്‍ നിന്ന് ആഗസ്റ്റില്‍ 34 ശതമാനമായി കുറഞ്ഞു. റഷ്യയില്‍ നിന്നുള്ള വിതരണവും ഓഗസ്റ്റില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 23 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 14.7 ലക്ഷം ബാരല്‍ എണ്ണയാണ് റഷ്യ നല്‍കുന്നത്. ഇക്കാലയളവില്‍ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയ്ല്‍ ഇറക്കുമതി 5 ശതമാനം ഇടിഞ്ഞ് 43.5 ലക്ഷം ബാരലായി കുറഞ്ഞു. അതേസമയം, ചൈനയിലേക്കുള്ള റഷ്യയുടെ കയറ്റുമതി ജൂലൈയില്‍ പ്രതിദിനം 13 ലക്ഷം ബാരലായിരുന്നത് ആഗസ്റ്റില്‍ 14 ലക്ഷം ബാരലായി ഉയര്‍ന്നു. ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള റിഫൈനറികള്‍ പ്രതിദിനം 8.52 ലക്ഷം ബാരല്‍ റഷ്യന്‍ എണ്ണ വാങ്ങിയപ്പോള്‍ സ്വകാര്യ എണ്ണ കമ്പനികള്‍ 6.17 ബാരലാണ് വാങ്ങിയത്. സ്വകാര്യ കമ്പനികളുടെ ഇറക്കുമതിയില്‍ ജൂലൈയിലേതിനേക്കാള്‍ 13 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറഞ്ഞത് പ്രധാനമായും ഗുണം ചെയ്തത് സൗദി അറേബ്യയ്ക്കാണ്. ഇന്ത്യന്‍ ക്രൂഡ് വിപണിയില്‍ സൗദി അറേബ്യയുടെ വിഹിതം ജൂലൈയിലെ 11 ശതമാനത്തില്‍ നിന്ന് 19 ശതമാനമായി ഉയര്‍ന്നു. വിഹിതത്തില്‍ കുറവുണ്ടായെങ്കിലും നിലവില്‍ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി നടത്തുന്ന രാജ്യം റഷ്യയാണ്. ഇറാഖാണ് രണ്ടാം സ്ഥാനത്ത്. 20 ശതമാനം. മൂന്നാം സ്ഥാനത്താണ് സൗദി.

◾വാട്‌സ്ആപ്പ് അവതരിപ്പിച്ച മള്‍ട്ടി അക്കൗണ്ട് ഫീച്ചര്‍ കൂടുതല്‍ പേരിലേക്ക്. ആന്‍ഡ്രോയിഡ് 2.23.18.21 അപ്ഡേറ്റിനായുള്ള വാട്‌സ്ആപ്പ് ബീറ്റാ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കും. ആപ്പ് സെറ്റിങ്ങ്‌സിന് വേണ്ടിയുള്ള പുതിയ ഇന്റര്‍ഫെയ്‌സിനൊപ്പം പുതിയ ഫീച്ചര്‍ കൂടി പ്രയോജനപ്പെടുത്താവുന്നതാണ്. ഒരു ഡിവൈസില്‍ തന്നെ ഒന്നിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. വാട്‌സ്ആപ്പ് സെറ്റിങ്ങ്‌സില്‍ കയറി ഒരു വാട്‌സ്ആപ്പ് അക്കൗണ്ട് കൂടി അധികമായി ആഡ് ചെയ്യാന്‍ കഴിയുന്നവിധമാണ് ക്രമീകരണം. വിവിധ ഡിവൈസുകളില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയുന്ന കംപാനിയന്‍ മോഡിന്റെ നേര്‍വിപരീതമാണ് മള്‍ട്ടി അക്കൗണ്ട് ഫീച്ചര്‍. വരും ആഴ്ചകളില്‍ തന്നെ ഈ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നിലധികം ഫോണ്‍ നമ്പറുകള്‍ ഉള്ളവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ ഫീച്ചര്‍. ജോലിക്കും വ്യക്തിഗത ആവശ്യങ്ങള്‍ക്കും എന്നിങ്ങനെ തരംതിരിച്ച് വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ ഇത് സഹായിക്കും. സെറ്റിങ്ങ്‌സ് മെനുവില്‍ കയറി ആഡ് അക്കൗണ്ട് ടാപ്പ് ചെയ്ത് വേണം മുന്നോട്ടുപോകാന്‍. ഫോണ്‍ നമ്പര്‍ നല്‍കി മറ്റു നിര്‍ദേശങ്ങള്‍ പാലിക്കുന്നതോടെ അക്കൗണ്ട് ഓപ്പണ്‍ ആവും. ഓരോ അക്കൗണ്ടിനും വ്യത്യസ്തമായി ചാറ്റ് ചാറ്റ് ഹിസ്റ്ററിയും നോട്ടിഫിക്കേഷനും എല്ലാം ഉണ്ടാവും.

◾ജയം രവിയെയും നയന്‍താരയെയും പ്രധാന കഥാപാത്രങ്ങളാക്കി ഐ.അഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ‘ഇരൈവന്‍’ ട്രെയ്‌ലര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരവും ജയറാം ജിയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ആശിഷ് വിദ്യാര്‍ത്ഥി, നരേന്‍, ബോളിവുഡ് താരം രാഹുല്‍ബോസ്, ബിഗ് ബോസ്സ് സീസണ്‍ ഫൈവ് മത്സരാര്‍ത്ഥി ലച്ചു തുടങ്ങീ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. കുറ്റവാളികളെ നിയമവ്യവസ്ഥിതിയുടെ പുഴുതുകളിലൂടെ രക്ഷപ്പെടാന്‍ അനുവദിക്കാതെ, എന്‍കൗണ്ടറുകളിലൂടെ കൊല്ലുന്ന പൊലീസ് ഓഫീസറായാണ് ജയം രവി ചിത്രത്തിലെത്തുന്നത്. സൈക്കോ കില്ലറായി എത്തുന്ന രാഹുല്‍ ബോസ്സിന്റെ ഗംഭീര പ്രകടനം തന്നെ സിനിമയില്‍ പ്രതീക്ഷിക്കാം, സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയതുകൊണ്ട് തന്നെ വയലന്‍സിന്റെ അതിപ്രസരം ട്രെയ്‌ലറിലുടനീളം കാണാന്‍ സാധിക്കും. തമിഴ്, തെലുങ്ക്, മലയാളം, കന്നട തുടങ്ങീ വിവിധ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുന്നതായിരിക്കും. യുവന്‍ ശങ്കര്‍ രാജയാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.

◾ഭാവനയെ പ്രധാന കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഹണ്ട്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന സിനിമയുടെ ടീസറും പ്രേക്ഷകരെ ഭയത്തിന്റെ മുള്‍മുനയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. മെഡിക്കല്‍ ക്യാംപസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. അത്യന്തം സസ്പെന്‍സ് നിലനിര്‍ത്തി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ അതിഥി രവി, രാഹുല്‍ മാധവ്, അജ്മല്‍ അമീര്‍, അനു മോഹന്‍, ചന്തു നാഥ്, രണ്‍ജി പണിക്കര്‍, ഡെയ്ന്‍ ഡേവിഡ്, നന്ദു, വിജയകുമാര്‍, ജി.സുരേഷ് കുമാര്‍, ബിജു പപ്പന്‍, കോട്ടയം നസീര്‍, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായര്‍, സോനു എന്നിവരും പ്രധാന താരങ്ങളാണ്. തിരക്കഥ നിഖില്‍ ആന്റണി. ഗാനങ്ങള്‍ സന്തോഷ് വര്‍മ്മ, ഹരി നാരായണന്‍. സംഗീതം കൈലാസ് മേനോന്‍. ഛായാഗ്രഹണം – ജാക്സണ്‍ ജോണ്‍സണ്‍. എഡിറ്റിങ് അജാസ് മുഹമ്മദ്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

◾ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ ഇരുചക്രവാഹന ഉപസ്ഥാപനമായ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയ്ക്ക് വന്‍ വില്‍പ്പന വളര്‍ച്ച. 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് കമ്പനി കഴിഞ്ഞ മാസം 30 ശതമാനം വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി. മൊത്തത്തില്‍ 103,336 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. ആഭ്യന്തര വിപണിയില്‍ വിറ്റ 83,045 യൂണിറ്റുകളും ആഗോളതലത്തില്‍ കയറ്റുമതി ചെയ്ത 20,291 യൂണിറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇത് കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ ആഭ്യന്തര വില്‍പ്പന കണക്കായി മാറി. ആക്സസ് 125ന്റെ ഉല്‍പ്പാദനം അമ്പത് ലക്ഷം തികിഞ്ഞു എന്ന നാഴികക്കല്ലും കമ്പനി അടുത്തിടെ സ്വന്തമാക്കിയിരുന്നു. 2023 ജൂലൈയിലും സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ മികച്ച വില്‍പ്പന നേടിയിരുന്നു. 1,07,836 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനിക്ക് 2023 ജൂലായില്‍ ലഭിച്ചത്. ഒരു ലക്ഷത്തിലധികം പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തുന്നത് ഇതാദ്യമായിരുന്നു. ഈ കണക്കില്‍ ആഭ്യന്തര വിപണിയില്‍ വിറ്റ 80,309 യൂണിറ്റുകളും 2023 ജൂലൈയില്‍ അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്ത 27,527 യൂണിറ്റുകളും ഉള്‍പ്പെടുന്നു. 2022 ജൂലൈയെ അപേക്ഷിച്ച് ഏകദേശം 41.5 ശതമാനം വാര്‍ഷിക വില്‍പ്പന വളര്‍ച്ച കമ്പനിക്ക് ലഭിച്ചു.

◾വളരെ പ്രത്യേകതയുള്ള ടെക്‌നിക്കുകള്‍ ഈ നോവലില്‍ ഉപയോഗിക്കുന്നുണ്ട്. ഓം സേഠി ടെക്നിക് ആണ് അതില്‍ ആദ്യത്തേത്. ബിസി 1400നടുത്ത് ജീവിച്ചിരുന്ന സേഠിന്റെ കാമുകി 1914നടുത്ത് ഇംഗ്ലണ്ടില്‍ ജനിച്ച് ഓം സേഠി എന്ന പേരില്‍ പ്രശസ്തയായി. അവര്‍ ഈജിപ്തില്‍ വന്ന് താമസിച്ച് 1986ല്‍ മരിച്ചു. ഓം സേഠിയുടെ പുസ്തകത്തിലാണ് പ്രാചീന ശാപങ്ങളുടെ പുനര്‍സന്ദര്‍ശന ടെക്‌നിക്ക് പ്രയോഗിക്കുന്നത്. കഥാകൃത്ത് ഈ ടെക്‌നിക് വളരെ മനോഹരമായി നോവലില്‍ പ്രതിഫലിപ്പിച്ചിരിക്കുന്നു. ‘ദ വയലിനിസ്റ്റ്’. ബെഞ്ചമിന്‍ മാത്യു. ഗ്രീന്‍ ബുക്സ്. വില 313 രൂപ.

◾വിഷാദ രോഗവും ഉത്കണ്ഠയും നമ്മുടെ ശരീരത്തെ ബാധിക്കാതെ മുന്നോട്ടുപോകാന്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. പഴം, തൈര്, ധാന്യങ്ങള്‍, ആപ്പിള്‍, ചീര, ചോക്ലേറ്റ്, ഓട്‌സ്, വാള്‍നട്‌സ്, മുട്ട, ഉള്ളി എന്നിവയ്‌ക്കൊക്കെ വിഷാദരോഗത്തെ ചെറുക്കുവാനുള്ള കഴിവുണ്ട്. ഉത്കണ്ഠയുള്ളവര്‍ക്ക് തൈര് കഴിക്കുന്നത് നല്ലതാണ്. തൈരില്‍ കാല്‍സ്യം ധാരാളം അടങ്ങിയിരിക്കുന്നു. അത് നമ്മുടെ മാനസികനില മെച്ചപ്പെടുത്തുമെന്ന് ചൈനയിലെ ഷാങ്‌ഗെയ് ജിയോ ടങ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിനിലെ ഗവേഷകര്‍ പറയുന്നു. പൊട്ടാസ്യത്തിന്റെ കലവറയാണ് പഴം. കൂടാതെ ഇത് ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ സഹായിക്കുന്നു. ധാന്യങ്ങള്‍, ചീര എന്നിവയ്ക്കും നമ്മുടെ മാനസിക നില മെച്ചപ്പെടുത്തുന്നതില്‍ പങ്കുണ്ട്. ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതിരുന്നാല്‍ ശരീരം ക്ഷീണിക്കും. നിരാശയോടൊപ്പം തളര്‍ന്ന ഒരു ശരീരം കൂടിയായാല്‍ അത് കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ജീവകം ബി യുടെ കുറവ് വിഷാദത്തിലേക്ക് നയിക്കും. ചീരയിലും ബ്രൊക്കോളിയിലും ഫോളേറ്റ്, ജീവകം ബി3,ബി6, ബി12 ഇവ അടങ്ങിയിട്ടുണ്ട്. ഇത് മൂഡ് മെച്ചപ്പെടുത്തും. മാനസികോല്ലാസത്തിന് ധാരാളം പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ആപ്പിള്‍ കഴിക്കുക. പഴവര്‍ഗ്ഗങ്ങളിലടങ്ങിയിരിക്കുന്ന ഫൈബറും അയെണും ആന്റി ഓക്സിഡന്റുകളുമെല്ലാം ശരീരത്തെ സംരക്ഷിക്കും. സിങ്ക്, ജീവകം ബി, അയഡിന്‍, മൂഡ് മെച്ചപ്പെടുത്തുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഇവ മുട്ടയില്‍ അടങ്ങിയിരിക്കുന്നു. ഇതും മാനസിക പിരിമുറുക്കം കുറയ്ക്കും. ഓട്‌സും ചോക്ലേറ്റും മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കും. ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറവായതിനാല്‍ ഊര്‍ജ്ജത്തെ സാവധാനം മാത്രം പുറത്തു വിടുന്നു. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്ന ധാതുവായ സെലെനിയവും ഓട്‌സില്‍ ഉണ്ട്. പതിവായി ചോക്കളേറ്റ് കഴിക്കുന്നത് മാനസിക പിരിമുറുക്കങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ഇത് സ്‌ട്രെസ് ഹോര്‍മോണുകളുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഉള്ളി കഴിക്കുന്നതിലൂടെയും വിഷാദരോഗവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ ചെറുക്കാം.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.70, പൗണ്ട് – 104.43, യൂറോ – 89.30, സ്വിസ് ഫ്രാങ്ക് – 93.57, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.49, ബഹറിന്‍ ദിനാര്‍ – 219.35, കുവൈത്ത് ദിനാര്‍ -268.19, ഒമാനി റിയാല്‍ – 214.81, സൗദി റിയാല്‍ – 22.11, യു.എ.ഇ ദിര്‍ഹം – 22.51, ഖത്തര്‍ റിയാല്‍ – 22.71, കനേഡിയന്‍ ഡോളര്‍ – 60.84.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *