night news hd 10

 

മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ അനുമതി നിഷേധിച്ചതിനാല്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനം ഥൗബലിലേക്കു മാറ്റി. മണിപ്പൂര്‍ പിസിസിയാണ് ഇക്കാര്യം അറിയിച്ചത്. ഇംഫാലില്‍ എവിടെയും നിയന്ത്രണങ്ങളോടെ മാത്രമേ പരിപാടി നടത്താന്‍ അനുവദിക്കൂവെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനിടെ ആസാമിലും ബിജെപി സര്‍ക്കാര്‍ യാത്രക്കെതിരേ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയതായി കോണ്‍ഗ്രസ് ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നാളെ രാത്രി എട്ടിനു മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തും. സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് സമര ജ്വാല എന്ന മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി പറഞ്ഞു. രാഹുലിന്റെ മെഡിക്കല്‍ രേഖ അട്ടിമറിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അബിന്‍ വര്‍ക്കി ആവശ്യപ്പെട്ടു.

വിവാഹത്തിനു പെണ്‍മക്കള്‍ക്കു നല്‍കുന്ന പാരിതോഷികങ്ങള്‍ക്ക് പരിധി നിശ്ചയിക്കണമെന്നും ആഡംബര വിവാഹങ്ങള്‍ക്ക് നികുതി ചുമത്തണമെന്നും വനിതാ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനു ശിപാര്‍ശ നല്‍കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. സ്ത്രീധന പീഡന കേസുകള്‍ ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണെന്നും സതീദേവി പറഞ്ഞു. കൊല്ലം ജില്ലാതല പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപായി മാര്‍ റാഫേല്‍ തട്ടില്‍ ചുമതലയേറ്റു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിഞ്ഞ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ള മെത്രാന്മാര്‍ പങ്കെടുത്തു. 1989 ല്‍ മാര്‍ ജോസഫ് കുണ്ടുകുളത്തില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ച മാര്‍ റാഫേല്‍ തട്ടില്‍ 2010 ലാണ് തൃശൂര്‍ സഹായ മെത്രാനായത്. 2017 മുതല്‍ ഷംഷാബാദ് രൂപയുടെ ബിഷപ്പായി സേവനം ചെയ്യുകയായിരുന്നു.

മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനമൊഴിഞ്ഞ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചക്രവാളത്തില്‍ അസ്തമിച്ചു പോകുന്ന സൂര്യനല്ലെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പായി ചുതലയേറ്റ മാര്‍ റാഫേല്‍ തട്ടില്‍. വിവാദങ്ങളുണ്ടായെങ്കിലും അദ്ദേഹം തെറ്റുചെയ്‌തെന്ന് കരുതുന്നില്ല. ഏറെ യാതനകളിലൂടെ കടന്നു പോയ പിതാവാണ് അദ്ദേഹമെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

മുസ്ലിം ലീഗുമായുള്ള പഴയ ബന്ധം ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 60 കളില്‍ ലീഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും അന്ന് പലരും ആക്ഷേപിച്ചെന്നും പിണറായി പറഞ്ഞു. മലപ്പുറത്ത് ദേശാഭിമാനി പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പിണറായിയില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങിയത് മുസ്ലീം ലീഗ് എംഎല്‍എ പി. ഉബൈദുള്ളയാണ്.

ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ 2023 ലെ ‘ഓടക്കുഴല്‍ അവാര്‍ഡ്’ പ്രസിദ്ധ കവി പി.എന്‍. ഗോപീകൃഷ്ണന്റെ ‘കവിത മാംസഭോജിയാണ്’ എന്ന കവിതാ സമാഹാരത്തിന്. മഹാകവിയുടെ ചരമവാര്‍ഷികദിനമായ ഫെബ്രുവരി രണ്ടിന് എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്ത് മന്ദിരത്തില്‍ നടക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് അദ്ധ്യക്ഷയായ പ്രൊഫ. എം. ലീലാവതി അവാര്‍ഡ് സമ്മാനിക്കും.

കേരളം അന്താരാഷ്ട്ര ഭീകരരുടെ ഒളിത്തവളമായി മാറിയെന്ന് കൈവെട്ടുകേസില്‍ 13 വര്‍ഷം ഒളിവില്‍ കഴിഞ്ഞ സവാദ് അറസ്റ്റിലായതിനെ പരാമര്‍ശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയായ മട്ടന്നൂരില്‍ ഒളിത്താവളം ഒരുക്കിയവര്‍ക്കെതിരേയും അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആലപ്പുഴയിലെ കുട്ടനാട്ടില്‍ ജീവനൊടുക്കിയ കര്‍ഷകന്‍ പ്രസാദിന്റെ വീടിന്റെ ജപ്തി നടപടികള്‍ മരവിപ്പിച്ചു. പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷനോട് മന്ത്രി കെ രാധാകൃഷ്ണന്‍ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പ്രസാദിന്റെ ഭാര്യ ഓമന രണ്ടു വര്‍ഷം മുന്‍പ് എടുത്ത 60,000 രൂപയുടെ വായ്പ കുടുശികയായതോടെയാണ് ജപ്തി നോട്ടീസുമായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്. ജപ്തി ഭീഷണി ഒഴിവാക്കാന്‍ സഹായ വാഗ്ദാനവുമായി മുംബൈ മലയാളി രംഗത്തെത്തിയിരുന്നു.

പത്തനംതിട്ട കടമ്മനിട്ടയില്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസിലെ എസ്എഫ്‌ഐ നേതാവും ഒന്നാം പ്രതിയുമായ ജയ്‌സണ്‍ ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. രണ്ടു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍ പതിനഞ്ചാം തീയതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.

തമിഴ്‌നാട്ടില്‍നിന്നു ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കേരളത്തിന് വീണ്ടും തമിഴ്‌നാട് കത്തയച്ചു. അതേസമയം, ശബരിമലയില്‍ കേരള സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ മികച്ചതാണെന്ന് തമിഴ്‌നാട് ദേവസ്വം മന്ത്രി പ്രതികരിച്ചു.

പാലക്കാട് വടകരപ്പതിയില്‍ പഞ്ചായത്ത് ഓഫീസിന് സമീപം യുവാവിന്റെ ആത്മഹത്യാ ശ്രമം. ചുള്ളിമട സ്വദേശി ചാര്‍ളിയാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. വീട് നിര്‍മിക്കാന്‍ സ്ഥലത്തിനായി ചാര്‍ളി അപേക്ഷ നല്‍കിയെങ്കിലും അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാ ശ്രമം.

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അതിഥികളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് കിടക്കാനും പ്രാഥമിക ആവശ്യങ്ങള്‍ക്കുമായി സൗകര്യം ഒരുക്കാന്‍ ധാരണയായതായി ടൂറിസം, മരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഡ്രൈവര്‍മാരും റിസോര്‍ട്ട് ഉടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെന്ന് കെ.ടി.ഡി.സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈമാസം 31 ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഫെബ്രുവരി 9 വരെ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

തെലുങ്കാനയില്‍ കാട്ടില്‍ പശുവിനെ കൊന്നു തിന്ന കടുവകള്‍ ചത്ത് വീഴുന്നു. മൂന്നു കടുവകളാണു ചത്തത്. അവയ്‌ക്കൊപ്പം ചത്ത പശുവിന്റെ മാംസം കഴിച്ച അമ്മ കടുവയേയും മൂന്ന് കുട്ടികളേയും കണ്ടെത്താന്‍ 80 അംഗ വനപാലകസംഘമാണ് തെലങ്കാനയിലെ കാഗസ്‌നഗര്‍ കാട് അരിച്ച് പെറുക്കുന്നത്. പശുമാംസത്തില്‍ വിഷാംശമുണ്ടെന്നാണു വനംവകുപ്പുകാര്‍ പറയുന്നത്.

ജമ്മുകാഷ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി സഞ്ചരിച്ചിരുന്ന വാഹനം അനന്താനാഗില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. മെഹബൂബ മുഫ്തി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥനും ഡ്രൈവര്‍ക്കും നേരിയ പരിക്കുണ്ട്.

കോടതിയുടെ സമയം പാഴാക്കിയതിന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് 25,000 രൂപ പിഴ ചുമത്തി. ആയുധ നിയമവുമായി ബന്ധപ്പെട്ടുള്ള കേസിന്റെ വിശദാംശങ്ങള്‍ പഠിക്കാതെ കോടതിയില്‍ ഹാജരായ പ്രോസിക്യൂട്ടര്‍ക്കെതിരേയാണ് പിഴശിക്ഷ. കേസുമായി ബന്ധപ്പെട്ട് പത്തു മിനിറ്റു സംസാരിച്ചശേഷം പഠിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. പത്തു മിനിറ്റു പാഴാക്കിയതിനാണു പിഴ ശിക്ഷ വിധിച്ചത്.

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് വിഐപി അതിഥികള്‍ എത്തുന്ന അയോധ്യയിലെ ഹോട്ടല്‍ മുറികളുടെ നിരക്ക് അഞ്ചിരട്ടി വര്‍ധിപ്പിച്ചു. മുറികളെല്ലാം ബുക്കു ചെയ്തു തീര്‍ന്ന സ്ഥിതിയാണ്. പ്രതിഷ്ഠ നടത്തുന്ന 22 ന് അഞ്ചു ലക്ഷത്തോളം ഭക്തര്‍ അയോധ്യയിലെത്തിയേക്കും.

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങ് നടക്കുന്ന 22 ന് പുതിയ അയോധ്യ വിമാനത്താവളത്തില്‍ 100 ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇറങ്ങുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യ വിമാനത്താവളത്തിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനുള്ള സമയം കൂടിയായിരിക്കും ഇതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ നടി നയന്‍താരക്കെതിരെയും നെറ്റ്ഫ്‌ലിക്‌സിനെതിരെയും കേസ്. അന്ന പൂരണി എന്ന സിനിമയില്‍ ശ്രീരാമന്‍ മാംസഭുക്ക് ആയിരുന്നെന്ന് ഡയലോഗ് മതവികാരം വൃണപ്പെടുത്തുന്നതാണെന്ന് ആരോപിച്ചു മധ്യപ്രദേശില്‍ ലഭിച്ച പരാതിയിലാണു കേസ്.

ജമ്മുകാഷ്മീല്‍ അടുത്തിടെ നടന്ന ആക്രമണങ്ങള്‍ക്കു പാക്കിസ്ഥാന്റെ സഹായം ഉണ്ടായിട്ടുണ്ടെന്ന് കരസേന മേധാവി. പൂഞ്ച് മേഖലയിലടക്കം ഭീകര ക്യാമ്പുകള്‍ സജീവമാക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും ജനറല്‍ മനോജ് പാണ്ഡെ അറിയിച്ചു. ചൈനീസ് അതിര്‍ത്തിയിലെ പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചകള്‍ തുടരുകയാണെന്നും മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സ്ഥിതി ആശങ്ക ജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുജറാത്തിലെ അഹമ്മദബാദില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ തുടങ്ങുമെന്ന് ലുലു ഗ്രൂപ്പ്. 4000 കോടി മുടക്കിയാണ് ഷോപ്പിംഗ് മാള്‍ നിര്‍മിക്കുകയെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി പറഞ്ഞു. വൈബ്രന്റ് ഗുജറാത്ത് ആഗോള നിക്ഷേപ സംഗമത്തിനിടെയാണ് പ്രഖ്യാപനം.

അടുത്ത മാസം 13 ന് അബുദാബിയില്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്ക് വന്‍ രജിസ്‌ട്രേഷനെന്ന് സംഘാടകര്‍. ‘അഹ്ലന്‍ മോദി’ എന്ന് പേരിട്ട പരിപാടി അബുദാബിയിലെ സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കുന്നത്. ഇരുപതിനായിരത്തിലേറെ പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *