ബ്രഹ്‌മപുരത്ത് 90 കോടി രൂപ മുടക്കി സിഎന്‍ജി പ്ലാന്റ് സ്ഥാപിക്കുമെന്നും മാലിന്യം പ്രകൃതി വാതകമാക്കി മാറ്റുമെന്നും മന്ത്രി എം ബി രാജേഷ്. ബിപിസിഎല്ലാണ് പ്ലാന്റ് നിര്‍മ്മിക്കുക. ഒരു വര്‍ഷത്തിനകം പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഉപോല്‍പന്നമായി വളവും നിര്‍മ്മിക്കും. മാലിന്യ ശേഖരണം തദ്ദേശ സ്ഥാപനങ്ങള്‍ തന്നെ നിര്‍വഹിക്കും. മുതല്‍ മുടക്കും പ്രവര്‍ത്തന ചെലവും ബിപിസിഎല്‍ വഹിക്കും.
കോഴിക്കോട് ഉള്ളിയേരിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. മടവൂര്‍ സ്വദേശി സദാനന്ദന്‍, ചെറുമകന്‍ ധന്‍ജിത്ത് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അഞ്ചു പേരെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊതു പദ്ധതികളുടെ ഭാഗമായി ഭൂമി കൈമാറ്റം രജിസ്‌ട്രേഷന്‍ ചെയ്യുമ്പോള്‍ മുദ്ര വിലയിലും രജിസ്‌ട്രേഷന്‍ ഫീസിലും ഇളവ്. ബിപിഎല്‍ ലിസ്റ്റില്‍പ്പെടുന്ന ഭൂരഹിതര്‍ക്ക് ദാനമായോ വിലക്കോ വാങ്ങി നല്‍കുന്ന ഭൂമിക്ക് ഇളവുണ്ടാകും. 10 സെന്റ് വരെയുള്ള ഭൂമിക്കാണ് ഇളവ്. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
വന്ദേ ഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ഈ സ്റ്റേഷനുകളുടെ പ്രധാന്യവും പ്രസക്തിയും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
അട്ടപ്പാടി മധു കേസിലെ അഭിഭാഷകന്‍ രാജേഷ് എം മേനോനെ വാളയാര്‍ കേസിലെ സിബിഐയുടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കും. പെണ്‍കുട്ടികളുടെ അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് നിയമനം.
എഐ ക്യാമറ ക്രമക്കേടില്‍ പ്രതിഷേധിച്ച് ട്രാഫിക്ക് ഐലന്റിലെ ക്യാമറ കൊട്ടകൊണ്ടു മറിച്ച് പ്രതീകാത്മക പ്രതിഷേധവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. കൊച്ചിയില്‍ യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായായിരുന്നു ലീഗ് നേതാവിന്റെ കൊട്ട കൊണ്ടുള്ള പ്രതിഷേധം.
പത്തനംതിട്ടയില്‍ നാളെ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാരുടെ സമരം. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷനും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സൂചന പണിമുടക്കും കളക്ട്രേറ്റ് മാര്‍ച്ചും പ്രഖ്യാപിച്ചത്. ദിവസ വേതനം മിനിമം 1500 രൂപയാക്കണമെന്നാണ് ആവശ്യം.
അരിക്കൊമ്പന്റെ വലതുകണ്ണിന് കാഴ്ചക്കുറവെന്ന് വനം വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. മയക്കുവെടി വച്ച് പരിശോധിച്ചപ്പോഴാണ് മനസ്സിലായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതിന് കൂടുതല്‍ ചികിത്സ ആവശ്യം ഇല്ലെന്നും വനംവകുപ്പ് വ്യക്തമാക്കി.
പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയില്‍ ആഭിചാരക്രിയകള്‍ നടത്തി പിടിയിലായ ശോഭനയുടെ വീട്ടില്‍ പൂട്ടിയിട്ടിരുന്ന ഏഴു വയസുള്ള കുട്ടിയടക്കം മൂന്നുപേരെ സിപിഎം പ്രവര്‍ത്തകരും പോലീസും എത്തി മോചിപ്പിച്ചു. പൂജകളുടെ പണം നല്‍കിയില്ലെന്ന് ആരോപിച്ച് പത്തനാപുരം സ്വദേശികളെ പൂട്ടിയിട്ടെന്ന് അറിഞ്ഞ് മന്ത്രവാദ കേന്ദ്രത്തിലേക്ക് സിപിഎം പ്രകടനം നടത്തി. തുടര്‍ന്നാണ് ഇവരെ മോചിപ്പിച്ചത്. മോചിപ്പിച്ചവരെ പോലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോയി.
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ട കാപ്പ തടവുകാരനെ പിടികൂടി. മട്ടാമ്പ്രം സ്വദേശി സുനീറാണ് ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍നിന്നു രക്ഷപ്പെട്ടത്. ആയിക്കരയില്‍ നിന്നാണ് സുനീറിനെ പൊലീസ് പിടികൂടിയത്. മയക്കുമരുന്ന്, ക്വട്ടേഷന്‍, തട്ടിക്കൊണ്ട് പോകല്‍ ഉള്‍പ്പെടെ പതിമൂന്ന് കേസുകളിലെ പ്രതിയാണ് ഇയാള്‍.
നെടുമ്പാശേരി വിമാനത്താവളത്തില്‍ മൂന്നു കിലോ സ്വര്‍ണവുമായി രണ്ടു യാത്രക്കാര്‍ കസ്റ്റംസിന്റെ പിടിയിലായി. മലപ്പുറം സ്വദേശി ഷെരീഫ്, പാലക്കാട് സ്വദേശി ഷെമീര്‍ എന്നിവരാണ് പിടിയിലായത്. ഒരു കോടി നല്‍പ്പത് ലക്ഷം രൂപയുടെ സ്വര്‍ണം കാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്.
ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. ശനിയാഴ്ച രൂപപ്പെടുന്ന ചക്രവാതച്ചുഴി ഞായറാഴ്ച അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറും. പിന്നീട് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണത്തിന്റെ മുന്നറിയിപ്പ്.
വിവാഹം വാഗ്ദാനം നല്‍കി പണം തട്ടിയ യുവതി തിരുവനന്തപുരത്ത് അറസ്റ്റില്‍. ഹണി ട്രാപ്പ് ഉള്‍പ്പെടെ നിരവധി കേസില്‍ ഉള്‍പ്പെട്ട അശ്വതി അച്ചുവാണ് പൊലീസിന്റെ പിടിയിലായത്. പൂവാര്‍ സ്വദേശിയായ 68 കാരനില്‍ നിന്നാണ് അശ്വതി പണം തട്ടിയെടുത്തത്.
നിലമ്പൂര്‍ വഴിക്കടവ് മരുതയില്‍ 14 ദിവസം പ്രായമുള്ള ആദിവാസി കുഞ്ഞ് മരിച്ചു. വെണ്ടേക്കുംപൊട്ടി ആദിവാസി കോളനിയിലെ ഇണ്ണിമാന്‍-ഇന്ദിര ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.
വ്യക്തിത്വ വികസനം പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തണമെന്ന് ഡോ. അലക്‌സാണ്ടര്‍ ജേക്കബ്. മാനവവിഭവ ശേഷി പരിശീലക പേളി ജോസ് രചിച്ച ‘വ്യക്തി, വ്യക്തിത്വം, വ്യക്തിപ്രഭാവം’ പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കവി ഡോ. സി. രാവുണ്ണി അധ്യക്ഷനായി. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ പി. പ്രേംനാഥ്, പ്രഫ. ജോര്‍ജ് എസ്. പോള്‍, ഡോ. സി.കെ.തോമസ്, ഡേവിസ് കണ്ണനായ്ക്കല്‍, ഫ്രാങ്കോ ലൂയിസ്, സി.ആര്‍. രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കര്‍ണാടക തിരഞ്ഞെടുപ്പില്‍ 16 നിയമസഭാ സീറ്റുകളില്‍ മത്സരിക്കുമെന്നും ബാക്കി സീറ്റുകളില്‍ കോണ്‍ഗ്രസിനും ജെഡിഎസിനും പിന്തുണ നല്‍കുമെന്നും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ). 100 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നായിരുന്നു എസ്ഡിപിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
മോദി പരാമര്‍ശത്തിനെതിരായ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് റാഞ്ചി കോടതി. ഇളവ് തേടി രാഹുല്‍ നല്‍കിയ ഹര്‍ജി റാഞ്ചി കോടതി തള്ളി. മോദി പരാമര്‍ശത്തില്‍ രാഹുലിനെതിരെ പല സംസ്ഥാനങ്ങളിലും മോദിയെന്നു പേരുള്ളവര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. റാഞ്ചിയില്‍ പ്രദീപ് മോദി എന്നയാളാണ് കോലാര്‍ പ്രസംഗത്തിനെതിരെ കോടതിയെ സമീപിച്ചത്.
ഇന്ത്യയില്‍ വിവാഹമോചന കേസുകള്‍ ഒരു ശതമാനം മാത്രമെന്നു റിപ്പോര്‍ട്ട്. 94 ശതമാനം വരെ ബന്ധങ്ങള്‍ തകരുന്ന രാജ്യങ്ങളുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ വിവാഹമോചന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറവാണെന്നും വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ശതമാനം മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യ കഴിഞ്ഞാല്‍ വിയറ്റ്നാമാണ് രണ്ടാം സ്ഥാനത്ത്. ഏഴ് ശതമാനമാണ് വിയറ്റ്നാം റിപ്പോര്‍ട്ട് ചെയ്യുന്നത്. താജിക്കിസ്ഥാനില്‍ 10 ശതമാനവും ഇറാനില്‍ 14 ശതമാനവും മെക്‌സിക്കോയില്‍ 17 ശതമാനവും വിവാഹമോചനം നടക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
87 ദിവസം നിരാഹാര സമരം നടത്തിയ പലസ്തീന്‍ തടവുകാരന്‍ കഴിഞ്ഞ ദിവസം മരിച്ചു. പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ നേതാവായ ഖാദര്‍ അദ്നാന്റെ (45) മരണ വാര്‍ത്ത പുറത്തുവന്നതിനു പിറകേ ഗാസാ മുനമ്പില്‍ ഹമാസിന്റെ നേതൃത്വത്തില്‍ ശക്തമായ റോക്കറ്റ് ആക്രമണം. ഇസ്രായേലും റോക്കറ്റ് ആക്രമണം ശക്തമാക്കി.
സെര്‍ബിയയില്‍ സ്‌കൂളില്‍ വെടിവയ്പ്. എട്ട് വിദ്യാര്‍ത്ഥികളും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ബെല്‍ഗ്രേഡിലെ സ്‌കൂളില്‍ പതിനാലു വയസുകാരനാണ് വെടിവയ്പ് നടത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.