ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്തണമെന്ന ഹൈക്കോടതി രജിസ്ട്രാറുടെ ആവശ്യം സര്‍ക്കാര്‍ തളളി. ഹൈക്കോടതിയുടെയും ജീവനക്കാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം 56 ത്‌നെയായി തുടരും. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചിഫ് സെക്രട്ടറിയാണ് മറുപടി നല്‍കിയത്.
ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍. സംസ്ഥാനംവിട്ട് റായ്പൂരിലേക്കു പോയതു ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് ആരോപിച്ച് പൊലീസ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാനാണ് എല്‍ദോസ്യ കോടതിയുടെ അനുമതി തേടാതെ പോയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സിസ തോമസിനെ തിരുവനന്തപുരത്തു തന്നെ നിയമിക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍. സിസയെ ഇന്നലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. പകരം നിയമനം നല്‍കിയിട്ടില്ല. സിസ തോമസ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയ്ക്കു വീട് നിര്‍മ്മിച്ച് നല്‍കണമെന്ന അപേക്ഷയുമായി വയനാട് ജില്ലാ അധ്യക്ഷന്‍ കെ പി മധു കല്‍പറ്റ നഗരസഭാ സെക്രട്ടറിക്കു കത്തു നല്‍കി. പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധിയ്ക്ക് വീടും സ്ഥലവും നല്‍കണമെന്നാണ് ആവശ്യം. 52 വയസായ തനിക്ക് സ്വന്തമായി വീടില്ലെന്നു രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പറഞ്ഞതിനെ പരിഹസിച്ചാണ് കത്ത്.
പയ്യന്നൂരില്‍ പെരുമ്പ മാതമംഗലം റോഡ് വീതികൂട്ടാന്‍ 51െ വീട്ടുകാരുടെ സ്ഥലം കൈയേറിയ സിപിഎം പ്രവര്‍ത്തകരുടെ നടപടിയെ ന്യായീകരിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. സ്ഥലം കൈയേറ്റത്തിനെതിരേ കോടതി ഉത്തരവു സമ്പാദിച്ചിട്ടുണ്ടെങ്കിലും പൊതുആവശ്യത്തിന് എല്ലാവരും സഹകരിക്കണമെന്നാണ് ജയരാജന്‍ പ്രതികരിച്ചത്.
നിയമസഭയില്‍ മുഖ്യമന്ത്രിക്കെതിരേ വീണ്ടും ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ റിമാന്‍ഡു പ്രതിയെന്നു പരിഹസിച്ച് മുന്‍മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ. ബാലന്‍. മൊഴി മാറ്റിപ്പറയുന്ന റിമാന്‍ഡ് പ്രതിയുടെ ആരോപണത്തിനു മുഖ്യമന്ത്രി മറുപടി പറയണമെന്നു പറയുന്നത് സാമന്യ ബോധത്തിനു നിരക്കുന്നതല്ലെന്നാണ് ബാലന്റെ അധിക്ഷേപം. ചട്ട പ്രകാരം അനുവദിക്കാന്‍ കഴിയാത്ത വിഷയമായിട്ടും പ്രമേയം സ്പീക്കര്‍ അനുവദിച്ചത് മാന്യതയും ഔദാര്യവുമാണെന്നും ബാലന്‍
ജസ്റ്റിസ് മേരി ജോസഫ് പരിഗണിക്കുന്ന കേസുകളുടെ എണ്ണം ഇരുപതായി വെട്ടിക്കുറച്ചതിനെതിരേ ചീഫ് ജസ്റ്റിസിനെ എതിര്‍ കക്ഷിയാക്കി ഹൈക്കോടതിയില്‍ ഹര്‍ജി. ഹൈക്കോടതി അഭിഭാഷകന്‍ യശ്വന്ത് ഷേണായി ആണ് ഹര്‍ജിക്കാരന്‍. ജഡ്ജിമാര്‍ പരിഗണിക്കേണ്ട ഹര്‍ജികളുടെ എണ്ണത്തിനു മാനദണ്ഡം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ ബഞ്ചും 50 ഹര്‍ജികളെങ്കിലും പരിഗണിക്കാന്‍ ഉത്തരവിടണമെന്നും ആവശ്യമുണ്ട്.
രോഗിയില്‍നിന്നു കോഴ വാങ്ങിയ രണ്ടു ഡോക്ടര്‍മാര്‍ വിജിലന്‍സ് പിടിയില്‍. ചാവക്കാട് താലുക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ പ്രദീപ് വര്‍ഗീസ്സ് കോശി, അനസ്‌തേഷ്യ ഡോക്ടര്‍ വീണ വര്‍ഗീസ് എന്നിവരെയാണ് വിജിലന്‍സ് കൈയോടെ പിടികൂടിയത്. ഡോ പ്രദീപ് മൂവായിരം രൂപയും, ഡോ. വീണ രണ്ടായിരം രൂപയുമാണ് വാങ്ങിയത്. പൂവ്വത്തൂര്‍ സ്വദേശി ആഷിക് നല്‍കിയ പരാതിയിലാണു നടപടി.
യുവ ഡോക്ടറെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വയനാട് കണിയാമ്പറ്റ സ്വദേശിനി തന്‍സിയ (25) യാണ് മരിച്ചത്. കോഴിക്കോട് പാലാഴിയിലെ സുഹൃത്തിന്റെ ഫ്ളാറ്റിലാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ഥിയാണ്. കണിയാമ്പറ്റ പരേതനായ പള്ളിയാല്‍ ഷൗക്കത്തിന്റെയും ആമിനയുടെയും മകളും ഫരീദ് താമരശേരിയുടെ ഭാര്യയുമാണ്.
സ്‌കൂള്‍ കലോത്സവ നടത്തിപ്പില്‍ വീഴ്ച വരുത്തിയ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ലോകായുക്ത. സബ് ജില്ലാതല സ്‌കൂള്‍ കലോത്സവ അപ്പീല്‍ കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ച തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍.എസ് സുരേഷ് ബാബുവിനെതിരെയാണ് നടപടിക്കു ശുപാര്‍ശ. ഒപ്പനയില്‍ മത്സരിച്ചവരുടെ പരാതി കലോത്സവ മാനുവലിനു വിരുദ്ധമായി തീര്‍പ്പാക്കിയതിനെ ചോദ്യം ചെയ്ത് പട്ടം ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണു ലോകായുക്തയ്ക്കു പരാതി നല്‍കിയത്.
പാചക വാതക വില വര്‍ധവനില്‍ പ്രതിഷേധിച്ച് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ ട്രാക്കില്‍ ട്രെയിന്‍ തടയല്‍ സമരവുമായി ഡിവൈഎഫ്‌ഐ. കായംകുളം പാസഞ്ചര്‍ ട്രെയിനിനു മുന്നില്‍ നടത്തിയ പ്രതിഷേധം സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാംത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന് 62 വര്‍ഷം കഠിന തടവ്. ഭാര്യയുടെ ആദ്യ വിവാഹത്തില്‍ ജനിച്ച മകളെയാണ് നിരവധി കേസുകളിലെ പ്രതിയായ രണ്ടാനച്ഛന്‍ തട്ടികൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ രക്ഷിക്കാനെത്തിയ പൊലീസിനുനേരെ പ്രതി ബോംബെറിഞ്ഞ് രക്ഷപ്പെട്ടെങ്കിലും പിന്നീടു പിടിയിലായി.
നഗ്‌നനായി നടന്ന് മോഷണം നടത്തിയെന്ന കേസില്‍ ജയിലില്‍നിന്നു പുറത്തിറങ്ങിയ മോഷ്ടാവ് മറ്റൊരു മോഷണക്കേസില്‍ പിടിയില്‍. വാട്ടര്‍ മീറ്റര്‍ കബീര്‍ എന്ന് വിളിക്കുന്ന ഗൂഡല്ലൂര്‍ സ്വദേശി കബീറാണ് മലപ്പുറത്ത് പിടിയിലായത്.
നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കേ, കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒറ്റയടിക്ക് 17 ശതമാനം ശമ്പളവര്‍ധന പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇടക്കാലാശ്വാസമായാണ് ഈ വര്‍ധന. ഏഴാം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പുതിയ ശമ്പള സ്‌കെയില്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. ശമ്പള വര്‍ധന ആവശ്യപ്പെട്ട് അഞ്ചു ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചിരിക്കേയാണ് ശമ്പളം വര്‍ധിപ്പിച്ചത്.
ബെംഗളുരു മുന്‍ സിറ്റി പൊലീസ് കമ്മീഷണറും ആം ആദ്മി പാര്‍ട്ടി അംഗവുമായിരുന്ന ഭാസ്‌കര്‍ റാവു ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാനാധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ അംഗത്വം നല്‍കി.
കോണ്‍ഗ്രസ് നേതാവ് മണിശങ്കരയ്യരുടെ മകളുടെ നേതൃത്വത്തിലുള്ള എന്‍ജിഒയുടെ വിദേശ സംഭാവനാ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിനെതിരേയാണു നടപടി. വിദേശ നാണ്യ വിനിമയ നിയന്ത്രണനിയമം ലംഘിച്ചെന്ന് ആരോപച്ചാണു നടപടി.
ബിബിസിയുടെ മുംബൈ, ഡല്‍ഹി ഓഫീസുകളില്‍ ആദായനികുതി വകുപ്പു റെയ്ഡ് നടത്തിയ സംഭവത്തില്‍ നീരസം പ്രകടിപ്പിച്ച് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജയിംസ് ക്ലെവര്‍ലി. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ മറുപടി നല്‍കി. ഇരുവരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ബിബിസി റെയ്ഡ് ചര്‍ച്ചയായത്.
വിരമിച്ച ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം നടപ്പാക്കിയെന്നു കേരളം റിപ്പോര്‍ട്ടു നല്‍കി. 68 പേരുടെ പെന്‍ഷനാണ് വര്‍ധിപ്പിച്ചു നല്‍കിയത്. ഇതോടെ ചീഫ് സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യ നടപടികള്‍ ഒഴിവാകും.