night news 1

ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷിക്കാവുന്ന വിധത്തില്‍ പോലീസ് സ്‌റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 18 മാസം വരെ  ദൃശ്യങ്ങള്‍ സൂക്ഷിക്കും. സ്റ്റേഷനുകളില്‍ മൂന്നാംമുറ ഇല്ലെന്ന് ഉറപ്പാക്കണം. പോലീസിലെ വിരലിലെണ്ണാവുന്ന ചിലരുടെ പ്രവര്‍ത്തികള്‍ സേനക്കു കളങ്കമുണ്ടാക്കുന്നു. അത്തരക്കാരോട് ഒരു ദാക്ഷിണ്യവും ഉണ്ടാകില്ല. കൊല്ലം റൂറല്‍ എസ് പി ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് ഇടത്താവളങ്ങളില്‍ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നു ദേവസ്വം ബോര്‍ഡുകളോടു ഹൈക്കോടതി. ക്ഷേത്രോപദേശക സമിതികള്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങള്‍ വിലയിരുത്താന്‍ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ക്കു നിര്‍ദേശം നല്‍കി.

പ്രീഡിഗ്രി സമര കേസുകളില്‍ ഹൈക്കോടതി ശിക്ഷിച്ച പതിനാല് എബിവിപി പ്രവര്‍ത്തകരെ സുപ്രീംകോടതി വെറുതെ വിട്ടത് പൊലീസിന്റെ വീഴ്ചമൂലം. കുറ്റകൃത്യം നടത്തിയവരെ കണ്ടെത്താന്‍ പൊലീസ് നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ ഗുരുതരമായ വീഴ്ച ഉണ്ടെന്നു സുപ്രീംകോടതി. വ്യവസ്ഥകള്‍ പാലിക്കാതെയാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയതെന്നും കോടതി.

തിരുവനന്തപുരം കോര്‍പറേഷനിലെ കരാര്‍ നിയമന കത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും മേയര്‍ ആര്യാ രാജേന്ദ്രന്റെയും മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. കത്തിനെ കുറിച്ച് അറിയില്ലെന്നും  നിയമനങ്ങളില്‍ ഇടപടാറില്ലെന്നുമാണ് ആനാവൂരിന്റെ മൊഴി. കത്ത് നല്‍കിയിട്ടില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രനും മൊഴി നല്‍കി. ക്രൈംബ്രാഞ്ച് മേയറുടെ മൊഴി നേരത്തെ എടുത്തിരുന്നു. ക്രൈംബ്രാഞ്ച് ആനാവൂര്‍ നാഗപ്പന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. വിജിലന്‍സില്‍ പരാതി നല്‍കിയ കോണ്‍ണഗ്രസ് നേതാവും മുന്‍ കൗണ്‍സിലറുമായ ശ്രീകുമാറില്‍നിന്നു വിജിലന്‍സ് മൊഴിയെടുത്തു.

നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കരാറുകാരനില്‍നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. സഹനാഥനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കരാറുകാരനായ പി.കെ. ഭാസ്‌കരന്‍ രണ്ടു വര്‍ഷം മുമ്പ് പണിത റോഡിന് ഇരുപത് ലക്ഷം രൂപയുടെ ബില്ല് മാറനാണ് കൈക്കൂലി വാങ്ങിയത്.

തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി സംഘടിപ്പിച്ച നോര്‍ക്ക റൂട്ട്സ് – കാനറാ ബാങ്ക് വായ്പാ മേളയില്‍ 175 പേര്‍ക്ക് വായ്പ അനുവദിക്കും. മേളയില്‍ 270 പ്രവാസി സരംഭകര്‍ പങ്കെടുത്തു.

കളമശേരി മെഡിക്കല്‍ കോളജിലെ കരാര്‍ നിയമനങ്ങളില്‍ ക്രമക്കേട്. ദിവസ വേതനക്കാരുടെ ഒഴിവില്‍ കുടുംബശ്രീ നല്‍കിയ പട്ടികയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാണ് ആക്ഷേപം. കുടുംബശ്രീ പട്ടിക കളമശേരി മുന്‍സിപ്പാലിറ്റി റദ്ദാക്കി.

ഗുരുവായൂരില്‍ റോഡിലെ കുഴികള്‍ക്കെതിരേ നടന്‍ ശിവജി ഗുരുവായൂര്‍ ഓട്ടന്‍തുള്ളല്‍ കളിച്ച് പ്രതിഷേധിച്ചു. കുഴിയില്‍ വീണ് കിടപ്പിലായ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ ഹമീദ ആംബുലന്‍സില്‍ സ്ഥലത്തെത്തിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ബത്തേരി ബീനാച്ചിയില്‍ കടുവയുടെ ആക്രമണം. വളര്‍ത്തു മൃഗങ്ങളെ കൊന്നു. കൊണ്ടോട്ടിമുക്ക് ഉമ്മറിന്റെ രണ്ട് ആടുകളെയാണ് കടുവ കൊന്നത്.

മൂന്നാര്‍ കുണ്ടളക്കു സമീപം പുതുക്കടിയില്‍ വിനോദ സഞ്ചാരികളുടെ ട്രാവലറിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു. കോഴിക്കോട് വടകര സ്വദേശിയായ രൂപേഷ് എന്നയാള്‍ സഞ്ചരിച്ച വാഹനത്തിനു മുകളിലേക്കാണ് മണ്ണിടിഞ്ഞത്. ട്രാവലര്‍ താഴേക്കു പതിച്ചു. തെരച്ചില്‍ നടത്തിയെങ്കിലും വാഹനത്തിലുണ്ടായിരുന്ന രൂപേഷിനെ കണ്ടെത്താനായില്ല.

അമേരിക്കയില്‍നിന്ന് കേരളത്തിലേക്കുള്ള വിമാന യാത്രയ്ക്കിടെ ഹൃദയാഘാതത്തെതുടര്‍ന്ന് അമേരിക്കന്‍ മലയാളി മരിച്ചു. പന്തളം മണ്ണില്‍ മനോരമ ഭവനില്‍ പരേതനായ എം.കെ തോമസിന്റെ മകന്‍ മാത്യു തോമസാണ് (ബാബു- 72) മരിച്ചത്. അമേരിക്കയില്‍നിന്ന് ദോഹ വഴി വരുന്നതിനിടയില്‍ ദോഹ – കേരള റൂട്ടിലാണ് ഹൃദയാഘാതമുണ്ടായത്.

മില്‍മയുടെ പേരില്‍ വ്യാജ നിയമന ഉത്തരവ് ലഭിച്ച സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മില്‍മ ചെയര്‍മാന്‍  കെ.എസ് മണി.  മലബാര്‍ മേഖലാ യൂണിയന്റെ കോഴിക്കോട് ഡയറിയിലെ അറ്റന്‍ഡര്‍ തസ്തികയിലേക്കാണ് ഉദ്യോഗാര്‍ത്ഥിക്ക വ്യാജ നിയമന ഉത്തരവ് ലഭിച്ചത്.

പത്തനംതിട്ട കൊടുമണ്ണില്‍ തീപ്പൊള്ളലേറ്റ് ചികിത്സിലായിരുന്ന പലവിളയില്‍ ജോസ് മരിച്ചു. മദ്യപിച്ചെത്തിയ ജോസ് പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഭാര്യ ഓമനയ്ക്കും പൊള്ളലേറ്റിരുന്നു.

മലപ്പുറം പാണ്ടിക്കാട് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ യുവതി മരിച്ചു. ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാന ഷെറിനാണ് മരിച്ചത്. പൊള്ളലേറ്റ ഭര്‍ത്താവ് വണ്ടൂര്‍ സ്വദേശി ഷാനവാസ് ചികില്‍സയിലാണ്. വീടിന്റെ ഓടു പൊളിച്ച് അകത്തു കയറിയാണ് ആസിഡാക്രമണം നടത്തിയത്.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയും കുടുംബ രാഷ്ട്രീയവുമാണ് തെലങ്കാനയില്‍ നടക്കുന്നത്. അന്ധവിശ്വാസവും പരദൂഷണവും അധിക്ഷേപങ്ങളും വളര്‍ത്തുന്നവരെ ജനങ്ങള്‍ തിരസ്‌കരിക്കും. ഇത്രയും പണിയെടുത്തിട്ടും തളരുന്നില്ലേയെന്നു ചോദിക്കുന്നവരുണ്ട്. ദിവസവും രണ്ടു മൂന്നു കിലോ ‘അധിക്ഷേപങ്ങള്‍’ പോഷകാഹാരമാകുന്ന തരത്തില്‍ ദൈവം അനുഗ്രഹിച്ചിട്ടുണ്ടെന്നാണു മറുപടി നല്‍കാറെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

ഇന്ത്യ പതിനഞ്ചു വര്‍ഷത്തിനകം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ത്യയിലെത്തിയ യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനുമായി പൊതു ചടങ്ങില്‍ പങ്കെടുക്കവെയാണ് ഈ പരാമര്‍ശം നടത്തിയത്. ഇന്ത്യ യുകെയെ മറികടന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയത് ഈയിടെയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് 30 വര്‍ഷം ജയിലില്‍ കഴിഞ്ഞ നളിനി അടക്കമുള്ള ആറു പ്രതികളും ജയില്‍ മോചിതരായി. നളിനി, മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരെയാണ് സുപ്രീംകോടതി ഉത്തരവനുസരിച്ചു മോചിപ്പിച്ചത്.

നാഗര്‍കോവിലില്‍ ബിഎസ്എഫ് ജവാന്റെ മരണാനന്തരം ഭാര്യയ്ക്കു ലഭിച്ച ധനസഹായം അവകാശപ്പെട്ടുള്ള തര്‍ക്കത്തിനിടെ യുവതിയെ ഭര്‍ത്തൃവീട്ടുകാര്‍ തലയ്ക്കടിച്ചു കൊന്നു. നാഗര്‍കോവില്‍ മണക്കര അവരിവിളാകം ദുര്‍ഗ(38)യാണ് കൊല്ലപ്പെട്ടത്. ഭര്‍തൃ പിതാവ് ആറുമുഖ പിള്ള (78), ഇളയ സഹോദരന്‍ മധു (42) എന്നിവരെ അറസ്റ്റ് ചെയ്തു. ദുര്‍ഗയുടെ ഭര്‍ത്താവ് അയ്യപ്പ ഗോപു ബിഎസ്എഫ് ജവാനായിരുന്നു.

സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ കേന്ദ്ര സര്‍ക്കാരിന്റെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുത്വവത്കരണത്തിനെതിരേ രാജ്യത്തെ രക്ഷിക്കാന്‍ ഒന്നിച്ചു നില്‍ക്കണം. ആര്‍ എസ് പി ദേശീയ സമ്മേളനത്തിലെ ഓപ്പണ്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സീതാറാം യെച്ചൂരിക്കൊപ്പം കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്, ഫോര്‍വേര്‍ഡ് ബ്‌ളോക്ക്  നേതാവ് ദേവരാജന്‍ എന്നിവരും പങ്കെടുത്തു.

ദുബായില്‍നിന്ന് വിലകൂടിയ വാച്ചുകളുമായി എത്തിയ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞു. 6.83 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടി അടച്ചശേഷമാണ് പുറത്തു പോകാന്‍ അനുവദിച്ചത്.

തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ചെന്നൈയില്‍ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ പാരിസ് കോര്‍ണറില്‍ സ്ഥിതി ചെയ്യുന്ന ബര്‍മാ ബസാറിലെ ഒരേ മൊബൈല്‍ കടയില്‍ ജോലി ചെയ്യുന്ന 20 വയസുകാരെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. സാഹിര്‍ ഹുസൈന്‍, നവാസ് , നാഗൂര്‍ മീരാന്‍ എന്നിവരാണു പിടിയിലായത്.

മഹാരാഷ്ട്രയിലെ താനെയില്‍ കള്ളനോട്ടു വേട്ട. എട്ടു കോടി രൂപയ്ക്ക് തുല്യമായ രണ്ടായിരത്തിന്റെ 400 കെട്ട് കള്ളനോട്ടുകള്‍ പിടികൂടി. രണ്ടുപേര്‍ അറസ്റ്റിലായി.

മരിച്ചയാളെ പുനര്‍ജീവിപ്പിക്കാന്‍ നരബലി നടത്താന്‍ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതിയെ അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ഗാര്‍ഹി മേഖലയിലാണു സംഭവം. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 25 കാരി യുവതി പിടിയിലായത്. അമര്‍ കോളനി കോട്‌ല മുബാറക്പൂര്‍ പ്രദേശത്ത് ശ്വേത എന്ന സ്ത്രീയില്‍ നിന്നാണ് കുട്ടിയെ കണ്ടെടുത്തത്.

അമേരിക്കയുടെ കറന്‍സി മോണിറ്ററിംഗ് ലിസ്റ്റില്‍ നിന്ന് ഇന്ത്യയെ നീക്കം ചെയ്തു. ഇന്ത്യയ്ക്കൊപ്പം ഇറ്റലി, മെക്സിക്കോ, തായ്ലന്‍ഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളെയും പട്ടികയില്‍നിന്ന് ഒഴിവാക്കി. ചൈന, ജപ്പാന്‍, കൊറിയ, ജര്‍മ്മനി, മലേഷ്യ, സിംഗപ്പൂര്‍, തായ്വാന്‍ എന്നിവയാണ് നിലവില്‍ കറന്‍സി മോണിറ്ററിംഗ് ലിസ്റ്റിലുള്ളത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *