പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനു പൊലീസ് എഡിജിപി ഇന്റലിജന്‍സ് തയ്യാറാക്കിയ സുരക്ഷാ ക്രമീകരണങ്ങളുടെ രഹസ്യ റിപ്പോര്‍ട്ട് ചോര്‍ന്നു. യാത്രാ റൂട്ടും സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങളും അടങ്ങുന്ന 49 പേജുള്ള റിപ്പോര്‍ട്ടാണു ചോര്‍ന്നത്. ഇതെങ്ങനെ ചോര്‍ന്നുവെന്ന് അന്വേഷണം ആരംഭിച്ചു. പുതിയ സ്‌കീം തയ്യാറാക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേര ചാവേറാക്രമണം നടത്തുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് ഭീഷണിക്കത്ത് ലഭിച്ചു. എറണാകുളം സ്വദേശി ജോസഫ് ജോണ്‍ നടുമുറ്റത്തിലിന്റെ പേരിലാണ് കത്തു വന്നത്. താന്‍ അങ്ങനെയൊരു കത്ത് അയച്ചിട്ടില്ലെന്ന് ജോസഫ് ജോണ്‍ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച പോലീസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നതു പോലീസില്‍നിന്നുതന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദന്‍. റിപ്പോര്‍ട്ടില്‍ എല്‍ഡിഎഫിലെ രണ്ടു കക്ഷികളുടെ പേരും പരാമര്‍ശിച്ചിട്ടുണ്ടെന്നു സുരേന്ദ്രന്‍ പറഞ്ഞു. പ്രധാന മന്ത്രിയുടെ ഒരു പരിപാടിയും മുടങ്ങില്ലെന്നും റോഡ് ഷോ ഉപേക്ഷിക്കില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കണ്ണൂര്‍ കാഞ്ഞിരകൊല്ലിയില്‍ അരുവി റിസോര്‍ട്ട് ഉടമ ഏലപ്പാറ പരത്തനാല്‍ ബെന്നി വെടിയേറ്റു മരിച്ചു. ഇന്നലെ രാത്രി കൃഷിയിടത്തില്‍ പന്നിയെ വെടിവയ്ക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം തോക്കുമായി പോയതായിരുന്നു. നായാട്ടിനിടെ അബദ്ധത്തില്‍ വെടി പൊട്ടിയതാണ് മരണകാരണമെന്നു സുഹൃത്തുക്കള്‍ പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് വിട്ട ജോണി നെല്ലൂരിന്റെ നേതൃത്വത്തിലുളള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഇന്ന് കൊച്ചിയില്‍ നടക്കും. നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി എന്നാണ് പേര്. ജോണി നെല്ലൂരിനൊപ്പം ജോര്‍ജ് ജെ മാത്യു, മാത്യു സ്റ്റീഫന്‍ എന്നിവരും നേതൃനിരയിലുണ്ട്. എന്‍ഡിഎയുടെ ഭാഗമാകാനാണ് ധാരണ.
അഭിഭാഷകനു കോവിഡായതിനാല്‍ ലാവ്‌ലിന്‍കേസ് മാറ്റിവയ്ക്കണമെന്ന് സുപ്രീം കോടതിയില്‍ അപേക്ഷ. തിങ്കളാഴ്ച പരിഗണിക്കാനിരുന്ന കേസ് മാറ്റിവയ്ക്കണമെന്ന് പിണറായിക്കൊപ്പം പ്രതിയായിരുന്ന ഫ്രാന്‍സിസ് എന്നയാളുടെ അഭിഭാഷകനാണു സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.
പ്രധാനമന്ത്രി പങ്കെടുക്കുന്ന ബിജെപിയുടെ യുവം പരിപാടിക്കു ബദലായി യുവജന സംഗമം പ്രഖ്യാപിച്ച കെപിസിസി വെട്ടിലായി. യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തിന് തൃശൂരില്‍ എത്തുന്ന രാഹുല്‍ ഗാന്ധിയെ ബദല്‍ പരിപാടിക്കു വിട്ടുകൊടുക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നിലപാടെടുത്തു. രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിച്ച് കൊച്ചിയില്‍ യുവാക്കളുമായി അടുത്ത മാസം സംവാദപരിപാടി സംഘടിപ്പിക്കുമെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പ്രഖ്യാപിച്ചിരുന്നത്.
സുഡാന്‍ ദൗത്യത്തിനു സജ്ജമാകാന്‍ ഇന്ത്യന്‍ വ്യോമ- നാവിക സേനകള്‍ക്കു നിര്‍ദ്ദേശം. സൈന്യവും അര്‍ധസൈനിക വിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സുഡാനിലെ വിമാനത്താവളങ്ങള്‍ തകര്‍ന്നതിനാല്‍ കടല്‍മാര്‍ഗ്ഗം ഒഴിപ്പിക്കാനേ സാധിക്കൂ. സൗദിയിലേക്കോ ഈജിപ്തിലേക്കോ ഇവരെ എത്തിച്ച ശേഷം വ്യോമമാര്‍ഗ്ഗം തിരികെയെത്തിക്കാനാണ് ആലോചന.
യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസിനെതിരെ ആസാമിലെ വനിതാ നേതാവ് അങ്കിത ദാസ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തി തുടങ്ങിയ ആരോപണങ്ങളെത്തുടര്‍ന്നാണ് കേസ്.
സത്യപാല്‍ മല്ലിക്കിനെ വീട്ടിലെത്തി ചോദ്യം ചെയ്യാമെന്ന് സിബിഐ. ഗസ്റ്റ് ഹൗസിലേക്കു വിളിപ്പിച്ച സിബിഐ നടപടി ഒഴിവാക്കി. ജമ്മു കാഷ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്കിനെ ഇന്നലെയാണ് സിബിഐ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് അറിയിച്ചത്.
പൂഞ്ച് ഭീകരാക്രമണത്തില്‍ സംശയിക്കുന്ന 12 പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. സൈനികര്‍ സഞ്ചരിച്ച ട്രക്കിന് നേരെ ഇരുവശങ്ങളില്‍ നിന്നും ഭീകരര്‍ വെടിയുതിര്‍ത്തുവെന്നാണ് എന്‍ഐഎ അന്വേഷണത്തിലെ കണ്ടെത്തല്‍. അങ്ങനെയെങ്കില്‍ ഭീകരര്‍ എണ്ണത്തില്‍ കൂടുതലുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. സ്ഥലത്തു നിന്ന് ചൈനീസ് വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്.
അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിനു പ്രതികാരം ചെയ്യുമെന്ന ഭീഷണിയുമായി ഭീകര സംഘടനയായ അല്‍ ഖ്വയിദയുടെ ഇന്ത്യന്‍ വിഭാഗം. അതീഖിനെയും സഹോദരന്‍ അഷ്റഫിനെയും രക്തസാക്ഷികളെന്നും ഭീകരസംഘടന വിശേഷിപ്പിച്ചു.