ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ടയാളെക്കുറിച്ചു സൂചനകള്‍ ലഭിച്ചെന്നു പോലീസ്. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. തീപിടിത്തത്തില്‍നിന്നു രക്ഷപ്പെടാന്‍ ട്രെയിനില്‍നിന്നു പുറത്തേക്കു ചാടിയ മൂന്നാമത്തെയാളേയും തിരിച്ചറിഞ്ഞു. മട്ടന്നൂര്‍ സ്വദേശി റഹ്‌മത്ത്, സഹോദരീ പുത്രി ചാലിയം സ്വദേശി ശുഹൈബ് സഖാഫിയുടെ രണ്ടു വയസുള്ള മകള്‍ സഹറ, മട്ടന്നൂര്‍ സ്വദേശി നൗഫിക് നൗഫിക്ക് എന്നിവരാണ് മരിച്ചത്. ട്രെയിനില്‍ തീയിട്ടതുമൂലം ഒമ്പതു യാത്രക്കാര്‍ക്കു പൊള്ളലേറ്റു. ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ടു തേടി. സംഭവത്തെക്കുറിച്ച് എന്‍ഐഎയും അന്വേഷിക്കും.
ട്രെയിനില്‍ തീയിട്ട അക്രമിയുടെ രേഖാചിത്രം പോലീസ് തയാറാക്കുന്നു. പ്രതി മറ്റൊരാളുടെ ബൈക്കില്‍ കയറി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കോഴിക്കോട് കൂരാച്ചൂണ്ട് സ്വദേശിയുടേതാണ് വാഹനമെന്ന് സ്ഥിരീകരിച്ചു. അക്രമിയുടെ ബാഗും കണ്ടെത്തിയിട്ടുണ്ട്. ബാഗില്‍ അര കുപ്പിയോളം പെട്രോളും ലഘുലേഖകളും രണ്ടു മൊബൈല്‍ ഫോണുകളും കണ്ടെത്തി. ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ ദിനചര്യാ കുറിപ്പുകള്‍, ഇയര്‍ഫോണും കവറും, ഭക്ഷണമടങ്ങിയ ടിഫിന്‍ ബോക്സ്, പാക്കറ്റിലുള്ള ലഘുഭക്ഷണം, പഴ്സ്, ടീ ഷര്‍ട്ട്, തോര്‍ത്ത്, കണ്ണട, കപ്പലണ്ടി മിഠായി എന്നിവയാണ് ബാഗില്‍ നിന്ന് കണ്ടെത്തിയത്. ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കോവളം, കുളച്ചല്‍, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് നോട്ട് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. നോട്ട് ബുക്കിലെ കുറിപ്പില്‍ കാര്‍പെന്റര്‍ എന്ന വാക്ക് ആവര്‍ത്തിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.
ഡി വണ്‍ കോച്ചില്‍ ചുവന്ന ഷര്‍ട്ടും തൊപ്പിയും ധരിച്ച അക്രമി ഒരു പ്രകോപനവുമില്ലെയാണ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. തര്‍ക്കമമോ മുദ്രാവാക്യം മുഴക്കലോ ഉണ്ടായില്ല. ഒരു വ്യക്തിയെ ലക്ഷ്യമിട്ടുള്ള ആക്രമണമല്ല, ട്രെയിനില്‍ നടന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ (63) അന്തരിച്ചു. കാന്‍സര്‍ രോഗ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരള ഹൈക്കോടതിയില്‍ 12 വര്‍ഷം ജഡ്ജിയായരുന്നു. കൊല്‍ക്കത്ത ഹൈക്കോടതി, ഛത്തീസ്ഗഡ്, തെലങ്കാന/ആന്ധ്ര ഹൈക്കോടതികള്‍ എന്നിവിടങ്ങളില്‍ ചീഫ് ജസ്റ്റിസായിരുന്നു.
ട്രെയിനിനു തീയിട്ട സംഭവം ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കും. സമഗ്രമായ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നും മുഖ്യമന്ത്രി.
ആലപ്പുഴ കായംകുളത്ത് പൊലീസിനെ വെട്ടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി. തിരുവല്ല നെടുമ്പ്രം സ്വദേശി വിഷ്ണു ഉല്ലാസിനെയാണ് പൊലീസും നാട്ടുകാരും ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയശേഷം ജയിലിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. നേരത്തെ മാവേലിക്കര സബ് ജയിലില്‍ നിന്ന് ചാടി രക്ഷപ്പെട്ട കേസിലാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.
തിരുവനന്തപുരം ശ്രീകാര്യം ചെക്കാലമുക്കില്‍ ഉത്സവ ഘോഷയാത്രയ്ക്കിടെ ആന വിരണ്ടോടി അഞ്ചു പേര്‍ക്കു പരിക്ക്. മദ്യപിച്ചു ലക്കുകെട്ടയാള്‍ ആനയുടെ വാലില്‍ തൂങ്ങിയതാണു പ്രകോപനമെന്ന് ആരോപണമുണ്ട്. കരിയം കരിമ്പുകോണം ദേവീ ക്ഷേത്രത്തിലെ ഘോഷയാത്രക്കിടെയാണ് ചെക്കാലമുക്ക് ജംഗ്ഷനില്‍ രാത്രി ആന വിരണ്ടത്. ആന സിപിഎം അണിയൂര്‍ ബ്രാഞ്ച് സെക്രട്ടറി അച്ചുവിനെ തൂക്കിയെറിഞ്ഞു.
ശമ്പളം കിട്ടാഞ്ഞതിനു പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി അറിഞ്ഞില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സര്‍ക്കാര്‍ അറിഞ്ഞ വിഷയമല്ല. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശമ്പളം ലഭിക്കാത്തതിന് മുമ്പും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. അതൊന്നും സര്‍ക്കാരിനെ അപകീര്‍ത്തിപെടുത്തുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി.
ജോലിക്കു കൂലിയാവശ്യപ്പെട്ട തൊഴിലാളിയെ നാടുകടത്തുന്നതാണ് പിണറായി മോഡല്‍ കമ്മ്യൂണിസമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ശമ്പളം വൈകിയതിന് യൂണിഫോമില്‍ പ്രതിഷേധ ബാഡ്ജ് ധരിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയതിനെതിരേയാണു വിമര്‍ശനം. പിണറായി ഭരണത്തില്‍ ”എല്ലാം ശരിയായി ” എന്ന് മനസിലാക്കാന്‍ ഈ ഒരൊറ്റ വാര്‍ത്തമതിയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മോദി വിരുദ്ധ പരാമര്‍ശത്തില്‍ സൂറത്ത് കോടതി വിധിച്ച രണ്ടുവര്‍ഷം തടവുശിക്ഷക്കെതിരെ രാഹുല്‍ഗാന്ധി ഇന്ന് ഉച്ചകഴിഞ്ഞ് സൂററ്റ് സെഷന്‍സ് കോടതിയില്‍ അപ്പില്‍ നല്‍കും. അതേസമയം രാഹുല്‍ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രിമാര്‍. കുറ്റവാളികള്‍ അപ്പീല്‍ നല്കാന്‍ കോടതിയില്‍ പോകാറില്ലെന്നു നിയമമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു. രാഹുലിന്റേത് നാടകമെന്നും അദ്ദേഹം പറഞ്ഞു. പിന്നാക്കക്കാരോട് രാഹുല്‍ ആദ്യം മാപ്പു പറയണമെന്ന് മന്ത്രി അനുരാഗ് താക്കൂര്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കോളജ് വിദ്യാഭ്യാസം നേടിയിട്ടുണ്ടെങ്കില്‍ പഠിച്ചിരുന്ന കോളജ് അഭിമാനപൂര്‍വം അക്കാര്യം വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മോദിയുടെ വിദ്യാഭ്യാസ യോഗ്യത എന്തെന്നു ചോദിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് 25,000 രൂപ പിഴ വിധിച്ച ഗുജറാത്ത് ഹൈക്കോതിയുടെ വിധി വിചിത്രമാണെന്നും ഉദ്ധവ് താക്കറെ.
രാജസ്ഥാനില്‍ ഒമ്പതു വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ഇരുപതുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. ഉദയ്പൂര്‍ സ്വദേശിയായ കമലേഷ് ആണ് പിടിയിലായത്.
മദീന മസ്ജിദുന്നബവിയിലെ പ്രവാചക ഖബറിടത്തിനു ചുറ്റും പുതിയ കൈവരി സ്ഥാപിച്ചു. സ്വര്‍ണം പൂശിയ പുതിയ വേലി ചെമ്പു കൊണ്ടാണ് നിര്‍മിച്ചത്.