റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യക്കും ചൈനക്കും കൂടുതൽ നികുതി ചുമത്തണമെന്ന് ജി7 രാജ്യങ്ങളോട് യുഎസ് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച നടന്ന യോഗത്തിൽ ജി7 രാജ്യങ്ങളുടെ ധനമന്ത്രിമാർ റഷ്യയ്‌ക്കെതിരായ കൂടുതൽ ഉപരോധങ്ങളെക്കുറിച്ചും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ സാധ്യമായ തീരുവകളെക്കുറിച്ചും ചർച്ച ചെയ്തുവെന്നും ഈ യോഗത്തിലാണ് റഷ്യൻ എണ്ണ വാങ്ങുന്നവർക്ക് മേൽ തീരുവ ചുമത്താൻ യുഎസ് സഖ്യകക്ഷികളോട് ആവശ്യപ്പെട്ടതെന്നുമാണ് റിപ്പോർട്ട്. യുക്രൈനെതിരായ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുടെ മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനുള്ള കൂടുതൽ നടപടികൾ ചർച്ച ചെയ്യുന്നതിനായാണ് യോഗം ചേർന്നത്.