അധിക വരുമാനം നേടുന്നതിനായി പ്ലാറ്റ്‌ഫോം ഫീസ് കുത്തനെ ഉയര്‍ത്തി ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍. ഇഷ്ട ഭക്ഷണത്തിന്റെ യഥാര്‍ത്ഥ വിലയ്ക്ക് പുറമേ, ഡെലിവറി ചാര്‍ജ്, പാക്കേജിംഗ് ഫീസ്, ജിഎസ്ടി തുടങ്ങിയ അധിക ബാധ്യതകള്‍ വരുമെങ്കിലും, ഭക്ഷണം ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തില്‍ യാതൊരു കുറവും ഉണ്ടാകാറില്ല. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ഓഗസ്റ്റ് മാസം സൊമാറ്റോ ഓരോ ഇടപാടിനും 2 രൂപ വീതം പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കി തുടങ്ങിയിരുന്നു. പിന്നീട്, മാസങ്ങള്‍ക്ക് ശേഷം അത് 3 രൂപയാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ 2024 ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വന്ന വിധത്തില്‍ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ പ്ലാറ്റ്‌ഫോം ഫീസ് 4 രൂപയാക്കി ഉയര്‍ത്തിയിരിക്കുകയാണ് സൊമാറ്റോ. സൊമാറ്റോയുടെ ഗോള്‍ഡ് ഉപഭോക്താക്കളില്‍ നിന്നും പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുന്നുണ്ട്. ന്യൂ ഇയര്‍ ആഘോഷ പശ്ചാത്തലത്തില്‍ ഓര്‍ഡറുകളുടെ എണ്ണം വലിയ തോതില്‍ ഉയര്‍ന്നപ്പോഴാണ് സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് കൂട്ടിയത്. സമാനമായ തരത്തില്‍ സ്വിഗ്ഗിയും ഉപഭോക്താക്കളില്‍ നിന്ന് പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കി തുടങ്ങിയിട്ടുണ്ട്. നിലവില്‍, ഒരു ഓര്‍ഡറിന് 3 രൂപ നിരക്കിലാണ് സ്വിഗ്ഗിയിലെ പ്ലാറ്റ്‌ഫോം ഫീസ്. ഘട്ടം ഘട്ടമായി പ്ലാറ്റ്‌ഫോം ഫീസ് ഉയര്‍ത്തുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് ഓരോ ഓര്‍ഡറിനും അധിക തുക നല്‍കേണ്ടിവരും.