‘സ്‌പോയിലര്‍ മെസ്സേജ്’ എന്ന പുതിയൊരു ഫീച്ചര്‍ പരീക്ഷിച്ച് വാട്‌സ്ആപ്പ്. ഈ ഫീച്ചര്‍ വഴി സന്ദേശങ്ങള്‍ മങ്ങിയ രീതിയില്‍ അയക്കാം. രഹസ്യസ്വഭാവമുള്ളതോ പെട്ടെന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തതോ ആയ വിവരങ്ങള്‍ പങ്കുവെക്കാന്‍ ഇത് സഹായകമാകും. അയക്കുന്ന സന്ദേശം ചാറ്റ് വിന്‍ഡോയില്‍ നേരിട്ട് കാണുന്നതിന് പകരം, സ്വീകര്‍ത്താവ് അതില്‍ ടാപ്പ് ചെയ്യുന്നത് വരെ അത് മങ്ങിയിരിക്കും. ഒ.ടി.പികള്‍, ഫോണ്‍ നമ്പറുകള്‍, സര്‍പ്രൈസ് വിവരങ്ങള്‍ തുടങ്ങിയവ പങ്കുവെക്കുമ്പോള്‍ ഈ സംവിധാനം ഗുണകരമാകും. മെസ്സേജ് കമ്പോസറില്‍ സന്ദേശം ടൈപ്പ് ചെയ്ത ശേഷം അത് സെലക്ട് ചെയ്യുക. തുടര്‍ന്ന് കാണുന്ന ‘ത്രീ-ഡോട്ട്’ മെനുവില്‍ ക്ലിക്ക് ചെയ്താല്‍ ബോള്‍ഡ്, ഇറ്റാലിക് തുടങ്ങിയ ഫോര്‍മാറ്റിങ്ങള്‍ക്കൊപ്പം ‘സ്‌പോയിലര്‍’ എന്നൊരു ഓപ്ഷന്‍ കൂടി ലഭ്യമാകും. ഇത് സെലക്ട് ചെയ്ത് അയക്കുന്ന സന്ദേശം ബ്ലര്‍ ആയിരിക്കും. ഈ ഫീച്ചര്‍ വ്യക്തിഗത ചാറ്റുകളില്‍ മാത്രമല്ല, ഗ്രൂപ്പ് ചാറ്റുകളിലും ലഭ്യമാകുമെന്നാണ് സൂചന. നിലവില്‍ ടെക്സ്റ്റ് മെസ്സേജുകളില്‍ മാത്രമാണ് പരീക്ഷണം നടക്കുന്നത്.
