രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ആപ്പിള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആപ്പിളില്‍ ലയിക്കുന്ന ഒരു തരം നാരായ പെക്റ്റിന്‍ അടങ്ങിയിട്ടുണ്ട്. ഇത് വയറു നിറയ്ക്കുകയും രാത്രിയില്‍ ലഘുഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കുകയും ചെയ്യും. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാനോ ആസക്തി നിയന്ത്രിക്കാനോ ശ്രമിക്കുന്ന ആളുകള്‍ക്ക് ഇത് സഹായകരമാകും. ആപ്പിളില്‍ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. പക്ഷേ അവയുടെ നാരുകള്‍ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയുന്നു. കൂടാതെ, ആപ്പിളിലെ നാരുകള്‍ മലബന്ധവും വിവിധ ദഹനപ്രശ്‌നങ്ങള്‍ തടയുന്നതിനും സഹായിക്കും. ആപ്പിളില്‍ പെക്റ്റിന്‍, പോളിഫെനോള്‍സ് തുടങ്ങിയ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കാനും, രക്തസമ്മര്‍ദ്ദം കുറയ്ക്കാനും, മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ ആപ്പിള്‍ പ്രധാന പങ്ക് വഹിക്കുന്നു. പ്രായവുമായി ബന്ധപ്പെട്ട ഓര്‍മ്മക്കുറവ്, അല്‍ഷിമേഴ്സ് രോഗ ലക്ഷണങ്ങള്‍ എന്നിവ കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നു. എന്നാല്‍, ചില ആളുകള്‍ക്ക് ആപ്പിള്‍ കഴിച്ചതിനുശേഷം വയറു വീര്‍ക്കുന്നത് അനുഭവപ്പെടുന്നു. പ്രത്യേകിച്ച് രാത്രിയില്‍ ദഹനം മന്ദഗതിയിലാകുമ്പോള്‍. ആപ്പിളില്‍ ഉയര്‍ന്ന അളവില്‍ ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് മൂത്രമൊഴിക്കല്‍ വര്‍ദ്ധിപ്പിക്കും. ഉറങ്ങാന്‍ പോകുന്നതിന് 30-60 മിനിറ്റ് മുമ്പ് ആപ്പിള്‍ കഴിക്കുന്നത് ശരീരത്തിന് ഊര്‍ജ്ജം നല്‍കും. രാത്രിയില്‍ ചുവന്ന നിറത്തിലുള്ള ആപ്പിള്‍ തന്നെ കഴിക്കുക.