പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ 15 സീരീസ് ഫോണുകള്‍ ആഗോള തലത്തില്‍ പുറത്തിറക്കി. 15 സീരീസില്‍ വരുന്ന ഷവോമി 15, ഷവോമി 15 അള്‍ട്രാ എന്നിവ ലൈക്ക കാമറ, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്സെറ്റ് തുടങ്ങിയ ഫീച്ചറുകളോടെയായിരിക്കും വിപണിയില്‍ എത്തുക. ഇന്ത്യയില്‍ മാര്‍ച്ച് 11ന് ഇരു ഫോണുകളും വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആമസോണ്‍ ഇന്ത്യ, ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, മറ്റ് റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ എന്നിവയില്‍ ഫോണുകള്‍ ലഭ്യമാകും. ഷവോമി 15 മൂന്ന് നിറങ്ങളില്‍ ലഭ്യമാകുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കറുപ്പ്, പച്ച, വെള്ള നിറങ്ങളിലാണ് വിപണിയില്‍ എത്തുക. അതേസമയം ഷവോമി 15 അള്‍ട്രാ സില്‍വര്‍ ക്രോം നിറത്തില്‍ മാത്രമേ ലോഞ്ച് ചെയ്യാന്‍ സാധ്യതയുള്ളൂ. 120ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 1.5കെ റെസല്യൂഷനുമുള്ള 6.36 ഇഞ്ച് എല്‍ടിപിഒ ഒലെഡ് ഡിസ്പ്ലേയുമായാണ് ഷവോമി 15 വരിക. ഷവോമി 15 അള്‍ട്രായ്ക്ക് 120ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 2കെ റെസല്യൂഷനുമുള്ള 6.73 ഇഞ്ച് ക്വാഡ്കര്‍വ്ഡ് എല്‍ടിപിഒ ഒലെഡ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.