മമ്മൂട്ടി ആരാധകര്‍ ഏറെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് ‘ബിലാല്‍’. അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ എത്തിയ രണ്ടാം ഭാഗമായ ബിലാലിനെ കുറിച്ച് ചര്‍ച്ചകള്‍ തുടരുന്നതിനിടെ അമല്‍ നീരദ് പങ്കുവച്ചൊരു പോസ്റ്റാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധനേടുന്നത്. പുതിയ ടൈറ്റില്‍ ഗ്രാഫിക്സാണ് സംവിധായകന് പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ ‘ബിലാല്‍, ആന്‍ അമല്‍ നീരദ് ഫിലിം’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ‘ബിഗ് ബിയുടെ ടൈറ്റില്‍ ഗ്രാഫിക്സ് ചെയ്ത പ്രിയപ്പെട്ട രാജീവ് ഗോപാല്‍ വളരെ നന്ദി ഞാന്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരില്‍ ഒരാളാണ് രജീവ് ഗോപാല്‍’ എന്നാണ് ഗ്രാഫിക്സ് വീഡിയോയ്ക്ക് ഒപ്പം അമല്‍ കുറിച്ചിരിക്കുന്നത്. ബിലാലിന്റെ വരവാണ് ഇതെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഇതിനിടെ, ബിലാല്‍ ഈ വര്‍ഷം ഷൂട്ടിംഗ് ആരംഭിക്കുമെന്നും നേരത്തെ കമ്മിറ്റ് ചെയ്ത പ്രൊജക്ടുകള്‍ മമ്മൂട്ടി ബിലാലിന് വേണ്ടി നീട്ടിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.