ഇനി മുതല്‍ ഒരു വാട്‌സ്ആപ്പില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കാം. അതിനായി മള്‍ട്ടി-അക്കൗണ്ട് ഫീച്ചറുമായാണ് വാട്ട്സ്ആപ്പ് എത്തുന്നത്. വാട്‌സ്ആപ്പിലേക്ക് അധിക അക്കൗണ്ടുകള്‍ ചേര്‍ക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ ഫീച്ചര്‍. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ബീറ്റ 2.23.17.8 പതിപ്പിലൂടെ വാട്ട്സ്ആപ്പ് ഫീച്ചര്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പരിമിതമായ ഒരു കൂട്ടം ബീറ്റ ടെസ്റ്ററുകള്‍ക്ക് മള്‍ട്ടി-അക്കൗണ്ട് ഫീച്ചര്‍ ലഭിക്കുമെന്നും പ്രമുഖ വാട്‌സ്ആപ്പ് ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വാട്‌സ്ആപ്പില്‍ അധിക അക്കൗണ്ടുകള്‍ ചേര്‍ക്കാന്‍ അനുവദിക്കുന്ന ഫീച്ചര്‍ എങ്ങനെയെയായിരിക്കുമെന്ന് നോക്കാം. സെറ്റിംഗ്‌സില്‍ ക്യുആര്‍ കോഡ് ബട്ടണിന് അടുത്തുള്ള അമ്പടയാളം ടാപ്പുചെയ്യുന്നതിലൂടെ ഒരു പുതിയ അക്കൗണ്ട് ചേര്‍ക്കാന്‍ സാധിക്കും. അതേ മെനു ഉപയോഗിച്ച്, മറ്റൊരു അക്കൗണ്ടിലേക്ക് മാറാനും സാധിക്കും. നിങ്ങള്‍ ഒരു പുതിയ അക്കൗണ്ട് ചേര്‍ക്കുമ്പോള്‍, നിങ്ങള്‍ ലോഗ് ഔട്ട് ചെയ്യാന്‍ തീരുമാനിക്കുന്നത് വരെ അത് നിങ്ങളുടെ ഉപകരണത്തില്‍ നിലനില്‍ക്കും. ഈ പുതിയ ഫീച്ചര്‍ ആളുകളെ അവരുടെ സ്വകാര്യ ചാറ്റുകള്‍, ജോലി സംബന്ധമായ ചാറ്റുകള്‍, മറ്റ് ചാറ്റുകള്‍ എന്നിവയെല്ലാം ഒരു ആപ്പില്‍ സൂക്ഷിക്കാന്‍ സഹായിക്കുന്നു. നോട്ടിഫിക്കേഷനുകള്‍ക്കൊപ്പം ഇത് നിങ്ങളുടെ ചാറ്റുകളെയും വേറിട്ട് നിര്‍ത്തുന്നു, കൂടാതെ വ്യത്യസ്ത ഉപകരണങ്ങളോ സമാന്തര ആപ്പുകളോ ആവശ്യമില്ലാതെ അക്കൗണ്ടുകള്‍ക്കിടയില്‍ മാറാന്‍ നിങ്ങളെ അനുവദിക്കുന്നു. ഇപ്പോള്‍ ബീറ്റ സ്റ്റേജിലുള്ള ഈ ഫീച്ചര്‍ വൈകാതെ എല്ലാവര്‍ക്കും ലഭിക്കും.