മെറ്റയുടെ ഉടമസ്ഥതയിലുള്ള സന്ദേശമയയ്ക്കല്‍ പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ് വീണ്ടുമൊരു കിടിലന്‍ ഫീച്ചറുമായി എത്തുകയാണ്. ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പില്‍ പുതിയ ‘ലോക്ക് ചാറ്റ്’ സവിശേഷത പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് വാട്‌സ്ആപ്പ്. ഏറ്റവും സ്വകാര്യമായ ചാറ്റുകള്‍ ലോക്ക് ചെയ്യാനും മറച്ചുവെക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഒരു ചാറ്റ് ലോക്ക് ചെയ്തുകഴിഞ്ഞാല്‍, ഉപയോക്താവിന്റെ വിരലടയാളമോ പാസ്‌കോഡോ ഉപയോഗിച്ച് മാത്രമേ അത് പിന്നീട് ആക്സസ് ചെയ്യാന്‍ കഴിയൂ, ഇത് മറ്റാര്‍ക്കും തുറന്ന് വായിക്കാന്‍ സാധിക്കില്ല. അതുപോലെ, ലോക്ക് ചെയ്യുന്ന ചാറ്റുകളിലെ മീഡിയാ ഫയലുകള്‍ ഗാലറിയിലേക്ക് ശേഖരിക്കപ്പെടില്ല. ആരെങ്കിലും ഫോണെടുത്ത് തെറ്റായ പാസ്‌വേഡ് ഉപയോഗിച്ച് ചാറ്റ് തുറക്കാന്‍ ശ്രമിച്ചാല്‍, അതിലേക്ക് പ്രവേശനം നേടാന്‍ മുഴുവന്‍ ചാറ്റും ക്ലിയര്‍ ചെയ്യാന്‍ അവരോട് ആവശ്യപ്പെടും. ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചര്‍ എന്ന് യൂസര്‍മാരിലേക്ക് എത്തുമെന്ന കാര്യം വാട്‌സ്ആപ്പ് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറിലും വാട്‌സ്ആപ്പ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.