പുതുവര്‍ഷത്തില്‍ ഉപഭോക്താക്കള്‍ക്കായി ‘ചാറ്റ് ട്രാന്‍സ്ഫര്‍’ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. നിലവില്‍, ഗൂഗിള്‍ ഡ്രൈവിന്റെ സഹായത്തോടെ ചാറ്റ് ഹിസ്റ്ററി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും. എന്നാല്‍, പുതിയ ഫീച്ചര്‍ എത്തുന്നതോടെ ഗൂഗിള്‍ ഡ്രൈവിന്റെ സഹായമില്ലാതെ തന്നെ രണ്ട് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ തമ്മില്‍ ചാറ്റ് ഹിസ്റ്ററി ട്രാന്‍സ്ഫര്‍ ചെയ്യാനാകും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഫീച്ചര്‍ ഈ വര്‍ഷം തന്നെ പുറത്തിറക്കാനാണ് വാട്‌സ്ആപ്പ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായുള്ള നടപടികള്‍ വാട്‌സ്ആപ്പ് ആരംഭിച്ചിട്ടുണ്ട്. ഇത്തവണ ഒരു ആന്‍ഡ്രോയിഡ് ഫോണില്‍ നിന്ന് മറ്റൊരു ആന്‍ഡ്രോയിഡ് ഫോണിലേക്ക് ചാറ്റ് ഹിസ്റ്ററി ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സംവിധാനമാണ് അവതരിപ്പിക്കുക. മുന്‍പ് ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്ന് ഐഒഎസിലേക്ക് ചാറ്റുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. രണ്ട് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കിടയില്‍ ചാറ്റ് ഹിസ്റ്ററി ട്രാന്‍സ്ഫര്‍ ചെയ്യാവുന്ന സംവിധാനത്തിന് ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുമെന്നാണ് വാട്‌സ്ആപ്പിന്റെ വിലയിരുത്തല്‍. പുതിയ ഫോണുകള്‍ വാങ്ങുന്നവര്‍ക്കാണ് ഈ ഫീച്ചര്‍ ഏറ്റവുമധികം പ്രയോജനപ്പെടാന്‍ സാധ്യത.