യുപിഐ ഡിജിറ്റല്‍ ഇടപാട് കൂടുതല്‍ വേഗത്തിലാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്. ആപ്പില്‍ നിന്ന് കൊണ്ട് തന്നെ ഇടപാടുകള്‍ വേഗത്തില്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്. ചാറ്റ് ലിസ്റ്റില്‍ നിന്ന് കൊണ്ട് തന്നെ യുപിഐ ക്യൂആര്‍ കോഡ് നേരിട്ട് സ്‌കാന്‍ ചെയ്യാന്‍ ഉപയോക്താവിനെ സഹായിക്കുന്നതാണ് ഫീച്ചര്‍. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്ന ഫീച്ചര്‍ വൈകാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ ലഭ്യമാവുക. വേഗത്തില്‍ ഇടപാട് നടത്താന്‍ കഴിയുന്ന ഷോര്‍ട്ട്കട്ട് മാതൃകയിലാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കുക. നിലവില്‍ ഓണ്‍ലൈന്‍ പേയ്മെന്റ് വിവിധ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇത് ഒഴിവാക്കി വേഗത്തില്‍ ഇടപാട് നടത്താന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍.