നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള ഡീപ് ഫേക്ക് ഓഡിയോ – വീഡിയോകള്‍ വലിയ പ്രതിസന്ധിയാണ് ലോകമെമ്പാടുമായി സൃഷ്ടിക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍താരം രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചത് വലിയ വാര്‍ത്തയായി മാറിയിരുന്നു. പ്രധാനമായും സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരം എ.ഐ നിര്‍മിത വ്യാജ വിഡിയോകള്‍ പ്രചരിക്കുന്നത്. ഇപ്പോഴിതാ വ്യാജപ്രചാരണങ്ങള്‍ തടയുന്നതിന് പദ്ധതിയുമായി വാട്‌സ്ആപ്പ് രംഗത്തുവന്നിരിക്കുകയാണ്. ഒരു ഹെല്‍പ്പ് ലൈന്‍ സേവനമാണ് ഡീപ് ഫേക്കുകളെ നേരിടാനായി വാട്‌സ്ആപ്പ് ഒരുക്കുന്നത്. മിസ് ഇന്‍ഫര്‍മേഷന്‍ കോമ്പാക്റ്റ് അലൈന്‍സുമായി സഹകരിച്ചാണ് വാട്‌സ്ആപ്പിന്റെ നീക്കം. രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ കൂടിയാണിത്. മാര്‍ച്ച് മുതല്‍ സേവനം ലഭ്യമായിത്തുടങ്ങും. രാജ്യത്തെ ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് ചാറ്റ്‌ബോട്ട് വഴി ഈ ഹെല്‍പ്പ് ലൈനിലേക്ക് പ്രവേശം ലഭിക്കും. വാട്‌സ്ആപ്പ് വഴി നേരിട്ട് ഡീപ്‌ഫേക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഹെല്‍പ്പ് ലൈന്‍ നിങ്ങളെ സഹായിക്കും. ഇങ്ങനെ സംശയമുള്ള വീഡിയോകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ എം.സി.എയുടെ ‘ഡീപ്ഫേക്ക് അനാലിസിസ് യൂണിറ്റ്’ വീഡിയോ പരിശോധിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യും. അതേസമയം ചാറ്റ്ബോട്ട്/ഹെല്‍പ്പ്ലൈനിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വാട്‌സ്ആപ്പ് പുറത്തുവിട്ടിട്ടില്ല. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, തുടങ്ങിയ ഭാഷകളില്‍ രാജ്യത്ത് ഈ സേവനം ലഭിക്കും. മലയാളമടക്കള്ള മറ്റ് പ്രാദേശിക ഭാഷകളിലേക്കും ഭാവിയില്‍ വ്യാപിപ്പിക്കും.