ചാറ്റ് ലോക്ക് ഫീച്ചറും ഗ്രൂപ്പ് കോള്‍ ഫീച്ചറും അവതരിപ്പിച്ച് വാട്സ്ആപ്പ്. തെരഞ്ഞെടുക്കപ്പെട്ട ചാറ്റുകള്‍ പ്രൈവറ്റ് ഫോള്‍ഡറിലേക്ക് മാറ്റി സ്വകാര്യത ഉറപ്പാക്കാന്‍ സഹായിക്കുന്നതാണ് പുതിയ ചാറ്റ് ലോക്ക് ഫീച്ചര്‍. വ്യക്തിഗത ചാറ്റുകള്‍ മാത്രമല്ല, ഗ്രൂപ്പ് ചാറ്റുകളും ഇത്തരത്തില്‍ രഹസ്യമാക്കിവെയ്ക്കാന്‍ സാധിക്കും. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ഫീച്ചര്‍. ഇത്തരം ലോക്ക്ഡ് ചാറ്റുകളുടെ നോട്ടിഫിക്കേഷന്‍ കാണാന്‍ സാധിക്കില്ല. മറ്റുള്ളവര്‍ക്ക് ഫോണ്‍ കൈമാറുന്നവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ ഫീച്ചര്‍. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ഗ്രൂപ്പ്, കോണ്‍ടാക്ട് നെയിമുകളില്‍ ടാപ്പ് ചെയ്ത് വേണം ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍. തുടര്‍ന്ന് ചാറ്റ് ലോക്ക് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. കോണ്‍ടാക്ട് ഡീറ്റെയില്‍സ് പേജിന് താഴെയാണ് ചാറ്റ് ലോക്ക് ഓപ്ഷന്‍. ബയോമെട്രിക് വിശദാംശങ്ങള്‍, പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ചാണ് ചാറ്റുകള്‍ ലോക്ക് ചെയ്യേണ്ടത്. അതുപോലെ മറ്റൊരു അപ്‌ഡേഷനും വാട്സ്ആപ്പ് കൊണ്ടുവരുന്നുണ്ട്. പല ഗ്രൂപ്പില്‍നിന്നുള്ളവരെ സെലക്ട് ചെയ്ത് കോള്‍ ചെയ്യാവുന്ന വിധത്തില്‍ പുതിയ ഗ്രൂപ്പ് കോള്‍ ഫീച്ചറാണിത്. തുടക്കത്തില്‍ എട്ടു പേരെ ഉള്‍പ്പെടുത്തിയാണ് ഇത്തരത്തില്‍ ഗ്രൂപ്പ് കോള്‍ ചെയ്യാനാവുക. ഇത് പിന്നീട് 32 ആയി ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മാക് ഒഎസിലാണ് തുടക്കത്തില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക. ഒരു ഗ്രൂപ്പില്‍നിന്നു തന്നെ സെലക്ട് ചെയ്യുന്ന അംഗങ്ങള്‍ക്ക് ഗ്രൂപ്പ് കോള്‍ ചെയ്യാം. പല ഗ്രൂപ്പുകളില്‍നിന്നു സെലക്ട് ചെയ്യുന്നവരെ കോളിലേക്ക് ആഡ് ചെയ്യാനും ആവും. ഓഡിയോ, വിഡിയോ കോളുകള്‍ ഇത്തരത്തില്‍ ചെയ്യാനാവും.