ആഗസ്റ്റില്‍ മാത്രം വാട്‌സ്ആപ്പ് ഇന്ത്യയില്‍ നിന്ന് നിരോധിച്ചത് 74 ലക്ഷം അക്കൗണ്ടുകള്‍. ഇതില്‍ 35 ലക്ഷം അക്കൗണ്ടുകള്‍ ഉപയോക്താക്കളില്‍ നിന്നും റിപ്പോര്‍ട്ട് വരുന്നതിനേ മുമ്പേ തന്നെ നിരോധിച്ചവയാണെന്നും വാട്‌സ്ആപ്പിന്റെ ഇന്ത്യന്‍ പ്രതിമാസ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 74,20,748 അക്കൗണ്ടുകളാണ് വാട്‌സ്ആപ്പ് ആഗസ്റ്റ് 1 മുതല്‍ 31 വരെയുള്ള കാലയളവില്‍ നിരോധിച്ചത്. ഉപയോക്താക്കളില്‍ നിന്നും ലഭിച്ച പരാതികളുടെ പകര്‍പ്പും, കമ്പനി സ്വീകരിച്ച നടപടികളും വിശദാംശങ്ങളും ഉപയോക്തൃ-സുരക്ഷ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 2021ലെ ഐ.ടി നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകള്‍ നിരോധിച്ചിരിക്കുന്നത്. 2023 ആരംഭത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഗ്രീവന്‍സ് അപ്പല്ലേറ്റ് കമ്മിറ്റി സംവിധാനം ആരംഭിച്ചിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് സംവിധാനമൊരുക്കുന്നതാണിത്. പ്രത്യേക പോര്‍ട്ടല്‍ വഴിയാണ് ഉപയോക്താക്കള്‍ പരാതി സമര്‍പ്പിക്കേണ്ടത്.