ലോക പരിസ്ഥിതി ദിനം ജൂൺ 5നാണ് എന്ന് എല്ലാവർക്കും അറിയാം. എന്തിനാണ് നമ്മൾ ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത് എന്ന് എത്രപേർക്കറിയാം…??? ലോക പരിസ്ഥിതി ദിനത്തെക്കുറിച്ച് കൂടുതൽ അറിയാം….!!!
ലോക പരിസ്ഥിതി ദിനം എല്ലാ വർഷവും ജൂൺ 5 ന് ആഘോഷിക്കുകയും പരിസ്ഥിതി സംരക്ഷണത്തിനായുള്ള അവബോധവും പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു . നിരവധി സർക്കാരിതര ഓർഗനൈസേഷനുകൾ, ബിസിനസ്സ് ഗ്രൂപ്പുകൾ , സർക്കാർ സ്ഥാപനങ്ങൾ എന്നിവ ഇതിനെ പിന്തുണയ്ക്കുന്നുണ്ട്. കൂടാതെ പരിസ്ഥിതിയെ പിന്തുണയ്ക്കുന്ന പ്രാഥമിക ഐക്യരാഷ്ട്ര സഭയെ പ്രതിനിധീകരിക്കുക കൂടി ചെയ്യുന്നുണ്ട്.
പരിസ്ഥിതിയെക്കുറിച്ച് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ അവബോധം ഉണ്ടാക്കുവാൻ ഇതിലൂടെ സാധിക്കുന്നുണ്ട്. കുട്ടികളാണ് വരും തലമുറയ്ക്ക് വേണ്ടി പ്രകൃതിയോടു ഇണങ്ങി ചേർന്ന് പ്രവർത്തിക്കേണ്ടത്. ഇത് മനസ്സിലാക്കിക്കൊണ്ടു വേണം നമുക്ക് കുട്ടികളിലേക്കും പരിസ്ഥിതിയെക്കുറിച്ച് നല്ല പാഠങ്ങൾ ചൊല്ലിക്കൊടുക്കേണ്ടത്. മണ്ണും മരവും സംരക്ഷിക്കേണ്ടതിനെക്കുറിച്ചും മരങ്ങൾ വച്ചു പിടിപ്പിക്കേണ്ടതിനെക്കുറിച്ചും , അതിന്റെ ആവശ്യകതയെ കുറിച്ചും എല്ലാം തന്നെ കുട്ടികൾക്ക് കൃത്യമായി പറഞ്ഞു കൊടുക്കണം.
ലോക പരിസ്ഥിതി ദിനം 1972 ൽ ഐക്യരാഷ്ട്രസഭ സ്ഥാപിച്ചത് സ്റ്റോക്ക്ഹോം മനുഷ്യ പരിസ്ഥിതി കോൺഫറൻസിൽ ( 5-16 ജൂൺ 1972) ആണ്. അത് മനുഷ്യ ഇടപെടലുകളുടെയും, പരിസ്ഥിതിയുടെയും സംയോജനത്തെക്കുറിച്ചുള്ള ചർച്ചകളുടെ ഫലമായി ഉണ്ടായതാണ്. ഒരു വർഷത്തിനുശേഷം, 1973-ൽ, “ഒരു ഭൂമി മാത്രം” എന്ന പ്രമേയവുമായി ആദ്യത്തെ പരിസ്ഥിതി ദിനാചരണം നടന്നു.
1973-ൽ ലോക പരിസ്ഥിതി ദിനം ആദ്യമായി സംഘടിപ്പിച്ചത്, സമുദ്ര മലിനീകരണം , അമിത ജനസംഖ്യ , ആഗോളതാപനം , സുസ്ഥിര വികസനം , വന്യജീവി കുറ്റകൃത്യങ്ങൾ തുടങ്ങിയ പരിസ്ഥിതി വിഷയങ്ങളിൽ അവബോധം വളർത്തുന്നതിനു വേണ്ടിയാണ്. ലോക പരിസ്ഥിതി ദിനം പൊതു ജനസമ്പർക്കത്തിനുള്ള ഒരു ആഗോള പ്ലാറ്റ്‌ഫോമാണ്. പ്രതിവർഷം 143 രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തം ഉണ്ടാകാറുണ്ട്. എല്ലാ വർഷവും, ബിസിനസ്സുകാർ, സർക്കാരിതര സംഘടനകൾ , കമ്മ്യൂണിറ്റികൾ, രാഷ്ട്രീയക്കാർ, താരങ്ങൾ എന്നിവർക്ക് പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ച് സംസാരിക്കാനുള്ള ഒരു പ്ലാറ്റ്ഫോമും ഈ ദിവസം നൽകാറുണ്ട്.
ഏകദേശം അഞ്ച് പതിറ്റാണ്ടുകളായി, ലോക പരിസ്ഥിതി ദിനം അവബോധം വളർത്തുകയും, പരിസ്ഥിതിപ്രവർത്തനത്തെ പിന്തുണയ്ക്കുകയും, പരിസ്ഥിതിക്ക് മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു.1981 ജൂൺ 5 മുതൽ തുടർച്ചയായി ലോക പരിസ്ഥിതി ദിനം ആചരിച്ചുപോരുന്നു. എല്ലാവരിലും പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള അവബോധം വളർത്താൻ ലോക പരിസ്ഥിതി ദിനം ഏറെ സഹായിക്കുന്നു. ഭൂമിയെ സംരക്ഷിച്ചാൽ മാത്രമേ ജീവജാലങ്ങൾക്കും നിലനിൽപ്പുള്ളൂ എന്ന് നാം മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. പ്രകൃതിയെ ദ്രോഹിക്കാതെ മരങ്ങൾ വച്ചു പിടിപ്പിക്കും മണ്ണിനെ സംരക്ഷിച്ചും അന്തരീക്ഷ മലിനീകരണം കുറച്ചുകൊണ്ട് നമ്മുടെ പരിസ്ഥിതിയെ നാം തന്നെ സംരക്ഷിക്കണം. ഈ അറിവ് ഓരോ കുട്ടികളിലേക്കും പകർന്നു നൽകുകയും വേണം.
തയ്യാറാക്കിയത്
നീതു ഷൈല