പ്രായമാകുംതോറും പെരുമാറ്റത്തില്‍ ഉണ്ടാകുന്ന വ്യത്യാസത്തെ നിസ്സാരമാക്കരുത്. ഇത് ഒരുപക്ഷേ ഫ്രണ്ടോ ടെംപറല്‍ ഡിമന്‍ഷ്യ എന്ന മറവി രോഗത്തിന്റെ ലക്ഷണമാകാം. സാധാരണ 50 മുകളില്‍ പ്രായമായവരിലാണ് ഈ രോഗം കണ്ടുവരുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരെയാണ് ഫ്രണ്ടോ ടെംപറല്‍ ഡിമന്‍ഷ്യ കൂടുതലായും ബാധിക്കുക. തലച്ചോറിന്റെ മുന്‍ഭാഗത്തുള്ള ഫ്രണ്ടല്‍ ദളത്തിലെയും തലച്ചോറിന്റെ പാര്‍ശ്വഭാഗങ്ങളിലുള്ള ടെംപറല്‍ ദളത്തിലെയും കോശങ്ങള്‍ക്കുണ്ടാകുന്ന തകരാറാണ് ഫ്രണ്ടോ ടെംപറല്‍ ഡിമന്‍ഷ്യ സംഭവിക്കാനുള്ള പ്രധാന കാരണം. പ്രായമായവര്‍ക്ക് നല്‍കാവുന്ന മികച്ച പരിചരണമാണ് ഈ രോഗാവസ്ഥ വഷളാകാതിരിക്കാന്‍ നമ്മുക്ക് ചെയ്യാന്‍ കഴിയുന്നത്. പെരുമാറ്റത്തിലെ വ്യത്യാസമാണ് ഈ രോഗത്തിന്റെ ആദ്യ ലക്ഷണം. മുന്‍പ് എത്ര നന്നായി ഇടപെട്ടിരുന്നോ അതിന് നേരെ വിപരീതമായി പ്രിയപ്പെട്ടവരോട് പോലും കരുണയില്ലാത്ത പെരുമാറും. നിര്‍ബന്ധ ബുദ്ധി, അമിതമായി ഭക്ഷണം കഴിക്കുക, സംസാരിക്കുന്നതിനിടെ തപ്പലുണ്ടാവുക ഇവയൊക്കെയാണ് ആദ്യ ഘട്ടത്തിലെ ലക്ഷണങ്ങള്‍. തലച്ചോറിലെ ഡോപമിന്റെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുന്ന മരുന്നുകള്‍, സിറട്ടോണില്‍ എന്ന രാസവസ്തുവിന്റെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുന്ന വിഷാദവിരുദ്ധ ഔഷധങ്ങള്‍ എന്നിവ പ്രയോജനപ്രദമാണ്. ചിട്ടയായ ശാരീരിക വ്യായാമവും ഓര്‍മകള്‍ മെച്ചപ്പെടുത്താനുള്ള പരിശീലനവും വഴി കുറെയധികം നാള്‍ ഈ അവസ്ഥ വഷളാകാതെ പ്രതിരോധിക്കാന്‍ കഴിയും.