ചൈനയില്‍ ജനസംഖ്യ മാത്രമല്ല, വിവാഹങ്ങളും കുറയുന്നു. 2021 നേക്കാള്‍ പത്തര ശതമാനം കുറവാണ് കഴിഞ്ഞ വര്‍ഷം നടന്ന വിവാഹങ്ങള്‍. ചരിത്രത്തിലെ ഏറ്റവും കുറവു വിവാഹം. 68 ലക്ഷം പേരാണ് 2022 ല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തത്. 2021 ല്‍ 76 ലക്ഷം പേര്‍ വിവാഹിതരായിരുന്നു. 1986 നുശേഷം ഏറ്റവും കുറവു വിവാഹം നടന്നത് ഇക്കഴിഞ്ഞ വര്‍ഷമാണ്. കൊവിഡ് നിയന്ത്രണങ്ങള്‍മൂലം ജനങ്ങള്‍ വീടുകളില്‍ ഒതുങ്ങിക്കഴിഞ്ഞതാണ് വിവാഹങ്ങള്‍ കുറഞ്ഞതിനുള്ള ഒരു കാരണം. വിവാഹ ജീവിതത്തോടു വിരക്തി വര്‍ധിക്കുന്നതായും കാണുന്നുണ്ട്. വിവാഹം കുറഞ്ഞെന്നതിനേക്കാള്‍ ചൈനയിലെ ജനന നിരക്ക് വന്‍തോതില്‍ കുറയുന്നതു ലോകം കൗതുകത്തോടെ ഉറ്റു നോക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജനന നിരക്ക് 6.77 ശതമാനമായിരുന്നു. 2021 ല്‍ 7.52 ആയിരുന്നു ജനന നിരക്ക്. എന്നാല്‍ മരണ നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലാണ്. കോവിഡ് മരണങ്ങള്‍തന്നെയാണു കാരണം. 1980 മുതല്‍ 2016 വരെ ചൈന നടപ്പാക്കിയ ‘നമ്മളൊന്ന്, നമുക്കുമൊന്ന്’ എന്ന ഒറ്റക്കുട്ടി നയമാണ് ജനസംഖ്യാ വളര്‍ച്ച ഇല്ലാതാക്കിയത്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന സ്ഥാനംതന്നെ ചൈനയ്ക്കു നഷ്ടപ്പെടുന്ന അവസ്ഥയാണ്. ചൈനയില്‍ 145 കോടിയാണു ജനസംഖ്യ. ഇന്ത്യയില്‍ 142 കോടിയും. രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ചൈനയെ മറി കടന്നുകൊണ്ടിരിക്കുകയാണ്. ദീര്‍ഘകാലം ഒറ്റക്കുട്ടി നയം പിന്തുടര്‍ന്ന ചൈന ഇപ്പോള്‍ ജനസംഖ്യാ വര്‍ധനയെ പ്രോല്‍സാഹിപ്പിക്കുകയാണ്. ഓരോ ദമ്പതികള്‍ക്കും മൂന്നു കുട്ടികള്‍ വേണമെന്നാണു പുതിയ നയം.