രാജ്യത്തെ ആദ്യ ഫ്‌ലെക്‌സ്ഫ്യുവല്‍ കാര്‍ വാഗണ്‍ആര്‍ ബയോഫ്‌ലെക്‌സിന്റെ വില പ്രഖ്യാപിച്ച് മാരുതി സുസുക്കി. ഉയര്‍ന്ന മോഡലായ ഇസഡ്എക്‌സ് പ്ലസ് മാനുവലിനെ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ച വാഹനത്തിന്റെ എക്‌സ്ഷോറൂം വില 7.24 ലക്ഷം രൂപയാണ്. നിലവിലുള്ള പെട്രോള്‍ മോഡലിനേക്കാള്‍ കുറഞ്ഞ മലിനീകരണവും വാഗ്ദാനം ചെയ്യുന്നതാണ് പുതിയ പതിപ്പ്. ആദ്യഘട്ടത്തില്‍ കൊമേഴ്‌സ്യല്‍ മേഖലയിലുള്ളവര്‍ക്ക് മാത്രമായാണ് വാഗണ്‍ആര്‍ ബയോഫ്‌ലെക്‌സ് മാരുതി ലഭ്യമാക്കുന്നത്. സാധാരണ ഇസഡ് എക്‌സ് പ്ലസ് മോഡലിനേക്കാള്‍ ഏകദേശം 86,000 രൂപയോളമാണ് ബയോഫ്‌ലെക്‌സ് പതിപ്പിന് അധികമായി നല്‍കേണ്ടി വരിക. കൊമേഴ്‌സ്യല്‍ വിപണിയിലുള്ള വാഗണ്‍ആര്‍ ടൂര്‍ എച്ച്3 മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 1.35 ലക്ഷം മുതല്‍ 2.25 ലക്ഷം രൂപ വരെ ഇതിന് കൂടുതലുണ്ട്. എങ്കിലും ടൂര്‍ എച്ച്3-യിലെ 1.0 ലീറ്റര്‍ എന്‍ജിന് പകരം കരുത്തുറ്റ 1.2 ലീറ്റര്‍ എന്‍ജിനാണ് ബയോഫ്‌ലെക്‌സില്‍ നല്‍കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സാധാരണ പെട്രോളിന് പുറമെ 85 ശതമാനം വരെ എഥനോള്‍ ചേര്‍ത്ത ഇന്ധനത്തിലും പ്രവര്‍ത്തിക്കാന്‍ കെല്‍പ്പുള്ള എന്‍ജിനാണ് ഇതിലുള്ളത്.
