- ഒന്നല്ല ഒന്നിലേറെ പുലികൾ
വൃന്ദാവൻ ഉദ്യാനം അനിശ്ചിതകാലത്തേക്ക് അടച്ചു
പുള്ളിപ്പുലിയുടെ സാന്നിധ്യത്തെ തുടർന്ന് മൈസൂർ ശ്രീരംഗപട്ടണത്തുള്ള വിനോദസഞ്ചാരകേന്ദ്രമായ മൈസൂർ വൃന്ദാവൻ ഉദ്യാനം അടച്ചു. അനിശ്ചിതകാലത്തേക്കാണ് അടച്ചത്. പുലിയെ പിടിക്കുകയോ പുലിയുടെ സാന്നിധ്യം ഉണ്ടാകാതിരിക്കുകയോ ചെയ്താൽ മാത്രമേ ഉദ്യാനം വീണ്ടും തുറക്കുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി.
ഒന്നിലധികം പുലികൾ വൃന്ദാവൻ പരിസരത്ത് ഉണ്ടെന്നാണ് അധികൃതരുടെ സംശയം. ഇവിടെ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞ പുലിയുടെ ചിത്രങ്ങൾ പലദിവസങ്ങളിലും വ്യത്യസ്തമാണെന്നതാണ് സംശയത്തിനു കാരണം. മലയാളികൾ ഉൾപ്പെടെ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് സന്ദർശകരാണ് ദിവസവും വൃന്ദാവനത്തിലെത്തുന്നത്.
കഴിഞ്ഞമാസം 21നാണ് ഉദ്യാനത്തിൽ ആദ്യം പുലിയെ കണ്ടത്. പിന്നാലെ നവംബർ അഞ്ചു മുതൽ ഏഴുവരെ തുടർച്ചയായും പുലിയുടെ സാന്നിധ്യമുണ്ടായി. ഏറ്റവുമൊടുവിൽ ഈമാസം ഏഴിന് ഉദ്യാനത്തിലെത്തിയ പുലി ഒരു തെരുവുനായയെ ആക്രമിച്ചിരുന്നു.
പുലിയെ കണ്ടദിവസം തൊട്ടുതന്നെ വനംവകുപ്പും പോലീസും തിരച്ചിൽ നടത്തുകയും നാല് കെണികൾ സ്ഥാപിക്കുകയും ചെയ്‌തെങ്കിലും ഇതുവരെയും വീഴ്ത്താൻ സാധിച്ചിട്ടില്ല. ഇതേ തുടർന്നാണ് കൂടുതൽ അപകടങ്ങൾ ഇല്ലാതാക്കാനായി അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ തീരുമാനിച്ചത്