രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് എസ് യു വികളാണെങ്കിലും സെഡാനുകളോട് പ്രിയമുള്ളവര്‍ കുറവല്ല. രാജ്യത്ത് ഈ സെഗ്മെന്റിലെ വില്‍പന കണക്കുകളില്‍ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ്വാഗണ്‍. 2453 യൂണിറ്റ് വെര്‍ടുസാണ് കഴിഞ്ഞ മാസത്തില്‍ മാത്രം കമ്പനി രാജ്യത്തെ നിരത്തിലെത്തിച്ചിരിക്കുന്നത്. വിപണിയിലെത്തിയിട്ടു മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ട വെര്‍ടുസ്, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്റെ പട്ടികയില്‍ ഏറെക്കാലമായി പ്രഥമ സ്ഥാനത്ത് തന്നെയാണ്. അതില്‍ ഏറ്റവും കൂടുതല്‍ യൂണിറ്റുകള്‍ വില്‍പന നടന്നിരിക്കുന്നതും കഴിഞ്ഞ മാസം തന്നെയാണ്. പ്രീമിയം സെഡാനുകളുടെ വിപണി വിഹിതത്തില്‍ വെര്‍ടുസിന്റെ പങ്ക് നാല്‍പത് ശതമാനമാണ്. 1.5 ലീറ്റര്‍ ടിഎസ്ഐ, 1 ലീറ്റര്‍ ടിഎസ്ഐ എന്നിങ്ങനെ രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളുണ്ട് വെര്‍ടുസില്‍. മൂന്നു സിലിണ്ടര്‍ 1 ലീറ്റര്‍ മോഡലിന് 110 പിഎസ് കരുത്തുണ്ട്. 1.5 ലീറ്ററിന് 150 പിഎസാണ് പവര്‍. 1 ലീറ്ററിന് ആറു സ്പീഡ് മാനുവലും ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടോയുമുണ്ട്. 7 സ്പീഡ് ഡി എസ് ജിയാണ് 1.5 ലീറ്ററിന്. 11.55 ലക്ഷം രൂപ മുതല്‍ 19.14 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളുടെ വില.
