ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് അമ്പരപ്പിക്കുന്ന പരീക്ഷണങ്ങള്‍ നടത്തുന്ന കമ്പനിയാണ് ഓപണ്‍എ.ഐ. ചാറ്റ്ജിപിടിയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന ഡാല്‍.ഇ-യും വിഡിയോ നിര്‍മിക്കുന്ന സോറ എ.ഐ-യുമൊക്കെ നെറ്റിസണ്‍സിനിടയില്‍ വലിയ തരംഗമാണുണ്ടാക്കുന്നത്. ഇപ്പോഴിതാ പുതിയ എ.ഐ അത്ഭുതവുമായി എത്തിയിരിക്കുകയാണ് സാം ആള്‍ട്ട്മാന്റെ കമ്പനി. ഇത്തവണ ടെക്സ്റ്റ്-ടു-വോയ്സ് സൃഷ്ടിക്കുന്നതിനുള്ള പ്ലാറ്റ്ഫോമായ വോയ്സ് എഞ്ചിനാണ് ഓപ്പണ്‍എഐ അവതരിപ്പിച്ചിരിക്കുന്നത്. ഒരാളുടെ 15 സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള റെക്കോര്‍ഡ് ചെയ്ത ശബ്ദം ഉപയോഗിച്ച് അതേ ശബ്ദം പുനര്‍നിര്‍മിക്കാന്‍ വോയിസ് എഞ്ചിന് സാധിക്കും. അതായത്, നിങ്ങളുടെ ഒരു വോയിസ് ക്ലിപ്പും ഒരു കുറിപ്പും അപ്ലോഡ് ചെയ്താല്‍ മതി, വോയിസ് എഞ്ചിന്‍ നിങ്ങളുടെ ശബ്ദത്തില്‍ ആ കുറിപ്പ് വായിക്കും. എന്നാല്‍, അവിടെ തീര്‍ന്നില്ല ഓപണ്‍എ.ഐയുടെ വോയിസ് എഞ്ചിന്റെ അത്ഭുതങ്ങള്‍. നിങ്ങളുടെ ശബ്ദത്തില്‍ ഏത് ഭാഷയിലും (നിങ്ങള്‍ക്ക് അറിയാത്തതാണെങ്കില്‍ പോലും) സംസാരിക്കാന്‍ വോയിസ് എഞ്ചിന് കഴിയും. ഇപ്പോള്‍ പരീക്ഷ ഘട്ടത്തിലാണ് ഈ സാങ്കേതിക വിദ്യ. ഗംഭീരമായ ടെക്‌നോളജി ആണെങ്കിലും മറ്റ് എ.ഐ സാങ്കേതികവിദ്യകളെ പോലെ വോയിസ് എഞ്ചിനും വലിയ ആശങ്ക പടര്‍ത്തുന്നുണ്ട്. ഡീപ്‌ഫേക്ക് അപകടസാധ്യതകള്‍ ഉയര്‍ത്തുമെന്നതാണ് അതില്‍ എടുത്തുപറയേണ്ട കാര്യം. എ.ഐ നിര്‍മിത ചിത്രങ്ങളും വിഡിയോകളും പോലെ തന്നെ എ.ഐ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ശബ്ദങ്ങളും വ്യാജവാര്‍ത്താ പ്രചരണങ്ങള്‍ക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തിയേക്കാം.