വോഡഫോണ്‍ ഐഡിയയുടെ സ്പെക്ട്രം കുടിശിക ഓഹരികളാക്കി മാറ്റാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. 36,950 കോടി രൂപ കുടിശ്ശികയാണ് ഓഹരികളാക്കി മാറ്റുന്നത്. ഓഹരികളാക്കി മാറ്റിയാല്‍ കമ്പനിയിലുളള കേന്ദ്ര സര്‍ക്കാര്‍ വിഹിതം 48.99 ശതമാനമായി ഉയരും. അതേസമയം കമ്പനിയുടെ പ്രവര്‍ത്തന നിയന്ത്രണം പ്രൊമോട്ടര്‍മാര്‍ നിലനിര്‍ത്തുന്നതാണ്. വലിയ സാമ്പത്തിക പ്രതിസന്ധിയുളള വോഡഫോണ്‍ ഐഡിയയ്ക്ക് ആശ്വാസം നല്‍കുന്നതാണ് നടപടി. 10 രൂപ മുഖവിലയുള്ള 3,695 കോടി ഓഹരികളാണ് പുറപ്പെടുവിക്കുക. സെബി ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതി ലഭിച്ച് 30 ദിവസത്തിനുള്ളില്‍ ഓഹരികള്‍ ഇഷ്യു ചെയ്യും. കേന്ദ്ര മന്ത്രിസഭയുടെ 2021 ലെ സപ്പോര്‍ട്ട് പാക്കേജിന് കീഴിലാണ് നടപടി സ്വീകരിക്കുന്നത്. മൊറട്ടോറിയം കാലയളവിന്റെ അവസാനത്തില്‍ ടെലികോം കമ്പനികള്‍ക്ക് മാറ്റിവച്ച സ്‌പെക്ട്രം പേയ്മെന്റ് കുടിശികകള്‍ ഓഹരിയിലേക്ക് മാറ്റാന്‍ അനുവദിക്കുന്നതാണ് ഈ പാക്കേജ്. കേന്ദ്ര നടപടി ഓഹരികളുടെ മുന്നേറ്റത്തിന് കാരണമാകുമെന്നാണ് കരുതുന്നത്. കമ്പനിയുടെ മേലുള്ള അടിയന്തര സാമ്പത്തിക ബാധ്യത നിലവില്‍ ഒഴിവായിട്ടുണ്ടെങ്കിലും 4ജി, 5ജി നെറ്റ്വര്‍ക്കുകള്‍ വികസിപ്പിക്കുന്നതിന് പുതിയ ഫണ്ട് കണ്ടെത്തുന്നതിന് വി.ഐ ഇപ്പോഴും പ്രശ്നങ്ങള്‍ നേരുന്നുണ്ട്.