പ്രീമിയം ഇറ്റാലിയന് ഇരുചക്ര വാഹന നിര്മ്മാതാക്കളായ വിഎല്എഫിന്റെ പുതിയ ഇലക്ട്രിക് സ്കൂട്ടര് ആയ വിഎല്എഫ് സ്ട്രാഡ ഇന്ത്യന് വിപണിയില് പുറത്തിറക്കി. ബേസ് മോഡലായ സിറ്റി വേരിയന്റിന് 1,19,999 രൂപയാണ് വില. കൂടുതല് ഫീച്ചറുകളുള്ള മാക്സ് വേരിയന്റിന് 1,55,500 രൂപ. 2.16 കിലോവാട്ട്അവര് എല്എഫ്പി സിംഗിള് റിമൂവബിള് ബാറ്ററിയാണ് സിറ്റിയില് ഉള്ളത്. ഒറ്റ ചാര്ജില് 130 കിലോമീറ്റര് റേഞ്ച് ലഭിക്കും. മാക്സ് വേരിയന്റില് രണ്ട് 2.16 കിലോവാട്ട്അവര് ബാറ്ററികളും. ഇവ രണ്ടും ചേര്ന്നുള്ള ശേഷി 4.32 കിലോവാട്ട്അവര് വരും. ഇതിന്റെ റേഞ്ച് 250 കിലോമീറ്റര്. രണ്ടും 4.8 കിലോവാട്ട് പീക്ക് പവറാണ് ഉല്പ്പാദിപ്പിക്കുന്നത്. മണിക്കൂറില് 85 കിലോമീറ്റര് വേഗത്തില് സഞ്ചരിക്കാന് സാധിക്കും. രണ്ടു മോഡലുകള്ക്കും ഇക്കോ(മണിക്കൂറില് 45 കിലോമീറ്റര് വേഗം), സിറ്റി (65 കിലോമീറ്റര്), സ്പോര്ട് (85 കിലോമീറ്റര്) എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകളും റിവേഴ്സ് ഫങ്ഷണാലിറ്റിയുമുണ്ട്.
