ചിയാന്‍ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ‘ധ്രുവനച്ചത്തിരം’ ട്രെയ്ലര്‍ പുറത്ത്. സ്പൈ ത്രില്ലര്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത് വന്നതോടെ മലയാളി പ്രേക്ഷകരെ കൂടുതല്‍ ആവേശത്തിലാക്കുന്ന മറ്റൊരു ഘടകം കൂടി ചിത്രത്തിലുണ്ട്. വിക്രത്തിനൊപ്പം മലയാളത്തിന്റെ പ്രിയ താരം വിനായകനും ചിത്രത്തിലെത്തുന്നു എന്നതാണ് മലയാളികളിലെ ആവേശത്തിന് കാരണം. വിനായകന്‍ വിക്രമിന്റെ വില്ലനായെത്തുന്നുവെന്ന സൂചനകളാണ് ട്രെയ്ലര്‍ നല്‍കുന്നത്. 2016ല്‍ ചിത്രീകരണം ആരംഭിച്ച സിനിമ 2018ല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിറുത്തിവച്ചിരുന്നു. ആറ് വര്‍ഷങ്ങള്‍ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനായത്. സിനിമയുടെ പുറത്തിറങ്ങിയ ടീസറും പാട്ടുകളും ഇതോടകം ഏറെ ശ്രദ്ധ നേടിയിരുന്നു. ഏഴ് രാജ്യങ്ങളിലായാണ് സിനിമയുടെ ചിതിരീകരണം പൂര്‍ത്തിയാക്കിയത്. ഹാരിസ് ജയരാജ് സംഗീത സംവിധാനവും മനോജ് പരമഹംസ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പാര്‍ത്ഥിപന്‍, മുന്ന, റിതു വര്‍മ, ഐശ്വര്യ രാജേഷ്, സിമ്രന്‍, രാധിക ശരത്കുമാര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.