സ്വാതന്ത്ര്യത്തെ കാംക്ഷിക്കുന്നവരാണ് ഈ കഥകളിലെ ഓരോ കഥാപാത്രങ്ങളും. ക്രൂരതകളെയും ചൂഷണങ്ങളെയും ശാരീരികമായ പീഡനങ്ങളെയും സഹിക്കുകയും പ്രതിസന്ധിയില്‍ ജീവിക്കുകയും ചെയ്ത അവരുടെ കുതറിച്ചകള്‍ നമുക്ക് കാണാം. പുറത്തേക്കു കടക്കാന്‍ പലര്‍ക്കും സാധിക്കുന്നുണ്ട് എന്നത് അവര്‍ നേടിയെടുക്കുന്ന കരുത്തിനേയും ശക്തിയേയും സൂചിപ്പിക്കുന്നു. ബിജുവിന്റെ ആണ്‍കഥകളുടെ പൊതുരൂപവും അന്തിമമായി സ്ത്രീപക്ഷ രാഷ്ട്രീയത്തെ തന്നെ മുന്നോട്ടുവയ്ക്കുന്നവയാണ്. ഭംഗിയുള്ള നാട്ടുപേച്ചുകള്‍, പാലക്കാടിന്റെയും മലപ്പുറത്തിന്റെയും ഭൂമികകള്‍, സ്ത്രീയുടെയും പുരുഷന്റെയും മനോവിചാര വ്യാപാരങ്ങള്‍, വെറുപ്പിന്റെയും സ്‌നേഹത്തിന്റെയും വ്യത്യസ്തമായ വഴികള്‍. ബിജുവിന്റെ കഥകള്‍ക്ക് വായനക്കാരനോട് ഒരുപാട് സംവദിക്കാനുണ്ട്. ‘വേവുകടല്‍’. ബിജു. ഗ്രീന്‍ ബുക്‌സ്. വില 171 രൂപ.