വയനാട് പുനരധിവാസവുമായി പൂർണമായി സഹകരിക്കുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. യു.ഡി.എഫിലെ എല്ലാ എം.എൽ.എമാരും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും, ദുരന്തത്തിന് ഇരയായ വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള എല്ലാ കാര്യങ്ങളിലും യുഡിഎഫ് പങ്കാളികളാകുമെന്നും അദ്ദേഹം അറിയിച്ചു. മുസ്ലീംലീഗ് വലിയ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫിലെ എല്ലാ ഘടകക്ഷികളും പുനരധിവാസ ശ്രമങ്ങളിൽ പങ്കാളികളാകും. എല്ലാ കുടുംബങ്ങളേയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഇപ്പോൾ പ്രഖ്യാപിച്ചതിനു പുറമെയുള്ള സഹായങ്ങൾ കൂടി യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. അതോടൊപ്പം സമാന അപകടങ്ങൾ ഇല്ലാതാക്കാൻ എന്തുചെയ്യണമെന്ന് ഗൗരവമായി ആലോചിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.