മന്ത്രി റിയാസിനെതിരെ വീണ്ടും പരിഹാസവാക്കുകളുമായി വി ഡി സതീശൻ.റിയാസ് പറഞ്ഞതുപോലുള്ള നേതാക്കളുടെ പാരമ്പര്യം തനിക്കില്ല. പക്ഷേ സ്പോൺസേഡ‍് സീരിയലിൽ അല്ല വർക്ക് ചെയ്യുന്നത്. റിയാസ് ഇടയ്ക്ക് പത്രം വായിക്കുകയും വാർത്ത കാണുകയും വേണം. പരിണിതപ്രജ്ഞർ ഒരു പാട് ഉള്ളപ്പോൾ മന്ത്രി ആയതിന്റെ അമ്പരപ്പാണ് റിയാസിന്. സ്വപ്നയ്ക്കെതിരെ ഒരു നോട്ടീസ് പോലും അയച്ചിട്ടില്ലെന്നും കുടുംബത്തെ മുഴുവൻ അപഹസിച്ചിട്ടും ഒരു പ്രതികരണവും ഇല്ലാത്തയാളാണെന്നും റിയാസിനെതിരെ പ്രതിപക്ഷ നേതാവ് പറഞ്ഞു.പ്രതിപക്ഷം പലതവണ ബിജെപിക്ക് എതിരെ സമരം നടത്തി. ബിജെപിക്കെതിരെ സംസാരിക്കാൻ സിപിഎം ഞങ്ങളെ പഠിപ്പിക്കേണ്ടെന്നും ഒരു കാരണവശാലും പ്രതിപക്ഷ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബിജെപിക്കെതിരെ സമരം നടത്തിയെന്ന് തെളിയിക്കാൻ പത്ര കട്ടിംഗ് കാണിക്കേണ്ട ഗതികേടിലാണ് പ്രതിപക്ഷമെന്ന് സതീശനെതിരെ റിയാസ് പറഞ്ഞു. പേരിന് വേണ്ടി ബിജെപിക്ക് എതിരെ ഫോട്ടോഷൂട്ട് സമരം നടത്തിയിട്ട് കാര്യമില്ല. പത്രത്തിൽ ഫോട്ടോ വരാനുള്ള സമരം മാത്രമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്. നട്ടെല്ല് വാഴപ്പിണ്ടിയാണെന്നത് വീണ്ടും ആവർത്തിച്ച് പറയുന്നില്ല. നട്ടെല്ല് ആർഎസ്എസിന് പണയം വച്ചിരിക്കുന്നുവെന്നും റിയാസ് പരിഹസിച്ചു. രാഷ്ട്രീയപരമായി ചോദ്യത്തെ നേരിടാൻ പറ്റാത്തത് കൊണ്ട് വ്യക്തിപരമായി മന്ത്രിമാരെ ആക്രമിക്കയാണ്. പ്രതിപക്ഷ നേതാവ് പറയുന്നത് കേട്ട് മൂളിക്കൊണ്ടിരിക്കണം എന്നാണ് നിലപാട്. സതീശന്റെ താൻ പ്രമാണിത്വം വിലപ്പോകില്ല. സ്വന്തം പാർട്ടിയിൽ ചിലവാകാത്ത കാര്യം തങ്ങളുടെ അടുക്കൽ നടക്കില്ല. പ്രതിപക്ഷ നേതാവായി സതീശനെ പറഞ്ഞത് നാല് എംഎൽഎമാർ മാത്രമാണ്. എന്നിട്ടും അദ്ദേഹം പ്രതിപക്ഷ നേതാവായി. അദ്ദേഹം ഭാഗ്യവാനാണെന്നും റിയാസ് പരിഹസിച്ചു.