പ്രശസ്തനായ കവിയും നിരവധി ജനപ്രിയ ചലച്ചിത്ര, നാടക ഗാനങ്ങളുടെ രചയിതാവുമാണ് വയലാർ എന്ന പേരിൽ അറിയപ്പെടുന്ന വയലാർ രാമവർമ്മ . അദ്ദേഹത്തിന്റെ ഒരു പാട്ടെങ്കിലും കേൾക്കാത്ത ഒരു ദിവസവും നമ്മളിലൂടെ കടന്നു പോകാറില്ല. കേരളത്തിലെ ജനകീയ വിപ്ലവകവിയായി അദ്ദേഹം അറിയപ്പെടുന്നു. ആ വസന്തകാലത്തേക്ക് നമുക്കൊന്ന് പോകാം….!!!
ആലപ്പുഴ ചേർത്തല താലൂക്കിൽ വയലാർ ഗ്രാമത്തിൽ 1928 മാർച്ച് – 25-ന് ആണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് വെള്ളാരപ്പള്ളി കേരളവർമ, അമ്മ വയലാർ രാഘവപ്പറമ്പിൽ അംബാലിക തമ്പുരാട്ടി. അദ്ദേഹത്തിന് മൂന്നര വയസ്സുള്ളപ്പോൾ അച്ഛൻ കേരളവർമ അന്തരിച്ചു. അദ്ദേഹത്തിന്റെ കവിത രചനകളുടെ തുടക്കം ഇവിടെ നിന്നായിരുന്നു. പിതാവിനെ നഷ്ടപ്പെട്ട ഒരു മകന്റെ ദുഃഖം, ഉള്ളിൽ ഊറി കൂടിയ സങ്കടങ്ങൾ അക്ഷരങ്ങളായി പിറവിയെടുത്തു. അച്ഛന്റെ ഓർമ്മകളിലൂടെയാണ് അദ്ദേഹം ‘ആത്മാവിൽ ഒരു ചിത’ എന്ന കവിതയെഴുതിയത്. ചേർത്തല ഹൈസ്കൂളിൽ ബാല്യകാല വിദ്യാഭ്യാസവും, അമ്മയുടെയും അമ്മാവന്റെയും മേൽനോട്ടത്തിൽ ഗുരുകുല രീതിയിൽ സംസ്കൃത പഠനവും നടത്തി.
അദ്ദേഹത്തിന്റെ കൗമാരക്കാലത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായും, പുരോഗമന സാംസ്‌കാരിക സാഹിത്യ പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ടു പ്രവർത്തിച്ചു. പാദമുദ്രയിൽ തുടങ്ങി ധാരാളം കൃതികൾ അദ്ദേഹം ഇക്കാലത്തു രചിച്ചു. അദ്ദേഹത്തിന്റെ കവിതകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെയാണ് അദ്ദേഹം നാടകങ്ങൾക്ക് വേണ്ടി ഗാനങ്ങൾ എഴുതിത്തുടങ്ങിയത്. നാടകഗാനങ്ങൾ ശ്രദ്ധ നേടിയതോടെ സിനിമയിലേക്ക് ഗാനങ്ങൾ എഴുതാൻ അദ്ദേഹത്തിന് ക്ഷണം ലഭിച്ചു. കവി എന്നതിലുപരി, സിനിമാഗാനരചയിതാവ് എന്ന നിലയിലാണ് വയലാർ കൂടുതൽ പ്രസിദ്ധനായത്.
സിനിമ ഗാനരചന യിലേക്ക് എത്തിച്ചേർന്ന അദ്ദേഹം കവിതകളോടൊപ്പം നിരവധി സിനിമ ഗാനങ്ങളും എഴുതി. പ്രശസ്തരായ സംഗീതസംവിധായകർ അദ്ദേഹത്തിന്റെ വരികൾക്ക് ഈണം നൽകി. ജനങ്ങൾ അവയെല്ലാം ഏറ്റെടുത്തു. തലമുറകൾ മാറിയെങ്കിലും ഇന്നും വയലാറിന്റെ വരികൾ ഏവർക്കും സുപരിചിതമാണ്. എന്നു മാത്രമല്ല നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്ന, നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പല അനുഭവങ്ങളെയും ഓർമ്മിപ്പിക്കുന്ന വരികൾ കൂടിയാണ് ഇവ.ആയിരത്തിൽ പരം ഗാനങ്ങൾ അദ്ദേഹം രചിച്ചു. 1961-ൽ സർഗസംഗീതം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 1974-ൽ “നെല്ല്”, “അതിഥി” എന്നീ ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണപ്പതക്കവും അദ്ദേഹം നേടി.
1957-ൽ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് അവതരിപ്പിക്കാൻ വേണ്ടി രചിച്ച ” ബലികുടീരങ്ങളേ…” എന്ന ഗാനം വൻ ജനശ്രദ്ധ പിടിച്ചു പറ്റി. അക്കാലത്ത് വയലാർ-ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ട് അനേകം ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു. പ്രവാചകൻമാരേ പറയൂ, ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം, കേരളം കേളികൊട്ടുയരുന്ന, ദേവലോക രഥവുമായ്, തേടി വരും കണ്ണുകളിൽ, യവന സുന്ദരി എന്നിങ്ങനെ 600 ഓളം ഗാനങ്ങൾ ഈ കൂട്ടുകെട്ടിലുണ്ടായി. ആദിയിൽ വചനമുണ്ടായി എന്ന ബാബുരാജ് ഗാനത്തിൽ അദ്ദേഹം പാടി അഭിനയിച്ചു.
സമൂഹത്തിൽ നടക്കുന്ന അനീതിക്കെതിരെയും അദ്ദേഹത്തിന്റെ അക്ഷരങ്ങൾ പ്രതികരിച്ചു.സ്ത്രീയുടെ മോചനം ആർത്ഥീക സമത്വത്തിലൂടെ മാത്രമേ സാക്ഷാൽക്കരിക്കാനാകൂ എന്നു വ്യക്തമാക്കുന്ന വയലാർ കവിതയാണ് ‘ആയിഷ’. അന്നത്തെ കാലത്ത് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ ഏറെ ചലനങ്ങൾ സൃഷ്ടിച്ചതായിരുന്നു വയലാർ രാമവർമയുടെ ചൈനാവിരുദ്ധ പ്രസംഗം. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് രണ്ടുവർഷം മുമ്പ് വയലാറിൽ നടന്ന പതിനാറാമത് രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിലാണ് വയലാർ ചൈനയെ രൂക്ഷമായി വിമർശിച്ചത്. ‘മധുര മനോഹര മനോജ്ഞ ചൈന…’ എന്നു തുടങ്ങുന്ന കവിത ചൈനീസ് പക്ഷപാതികൾ പ്രചാരണത്തിനുപയോഗിച്ച അക്കാലത്ത് ‘ഹോ കുടില കുതന്ത്ര ഭയങ്കര ചൈനേ…’ എന്ന് വയലാർ തിരുത്തി. പ്രസംഗത്തിനുശേഷം ഒരുവിഭാഗം കൈയടിക്കുകയും മറുവിഭാഗം നിശ്ശബ്ദരായിരിക്കുകയും ചെയ്തത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.
ചെങ്ങണ്ട പുത്തൻ കോവിലകത്ത് ചന്ദ്രമതി തമ്പുരാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഭാര്യ. 1949-ലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഏഴുവർഷം സന്താനഭാഗ്യമില്ലാതെ കഴിയുകയായിരുന്നതിനാൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി പിന്നീട് ചന്ദ്രമതി തമ്പുരാട്ടിയുടെ ഇളയ സഹോദരി ഭാരതി തമ്പുരാട്ടിയെ വിവാഹം കഴിച്ചു. പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ, ഇന്ദുലേഖ, യമുന, സിന്ധു എന്നിവർ അദ്ദേഹത്തിന്റെ മക്കളാണ്. പിൽക്കാലത്ത് വയലാറിന്റെ പത്നി ഭാരതിതമ്പുരാട്ടി അദ്ദേഹത്തെ കുറിച്ച് “ഇന്ദ്രധനുസ്സിൻ തീരത്ത്” എന്ന വിവാദാസ്പദമായ കൃതി രചിക്കുയും ചെയ്തു.
നിരവധി പുരസ്കാരങ്ങൾ വയലാറിനെ തേടിയെത്തിയിട്ടുണ്ട്.കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ,ദേശീയ ചലച്ചിത്രപുരസ്കാരം, മികച്ച ഗാനരചയിതാവ്,കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിന് ലഭിച്ചിരുന്നു. 1975 ഒക്ടോബർ 27-നു തന്റെ നാൽപ്പത്തിയേഴാമത്തെ വയസ്സിൽ വയലാർ അന്തരിച്ചു. തന്റെ പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ അകാലമരണം. ഗുരുതരമായ കരൾ രോഗം ബാധിച്ചിരുന്ന അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മൃതദേഹം വിലാപയാത്രയായി വയലാറിന്റെ ജന്മഗൃഹത്തിലേയ്ക്ക് കൊണ്ടുവരികയും അവിടെ വച്ച് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണം നമുക്കെന്നും ഒരു തീരാനഷ്ടം തന്നെയാണ്.
നിരവധി കവിതകളിലൂടെയും, നാടക സിനിമ ഗാനങ്ങളിലൂടെയും വിപ്ലവം വിവരിച്ച വരികളാണ് അദ്ദേഹത്തിന്റെത്. അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് ഉതിർന്ന വീണ ഓരോ മണിമുത്തുകളും ജനമനസ്സുകളിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. ഇന്നത്തെ യുവതലമുറ പോലും അദ്ദേഹത്തിന്റെ വരികളുടെ ആരാധകരാണ്. കവിതകളും സിനിമാഗാനങ്ങളും എല്ലാം തന്നെ ഇന്നും യുവതലമുറയും ഏറ്റുപാടുന്നു.