ദുബായ് ആസ്ഥാനമായ ഡി.പി വേള്‍ഡിന്റെ നിയന്ത്രണത്തിലുള്ള കൊച്ചി വല്ലാര്‍പ്പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലിലെ ചരക്ക് നീക്കത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 11 ശതമാനം വളര്‍ച്ച. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 8,34,665 ടി.ഇ.യു കണ്ടെയ്നറുകളാണ് തുറമുഖത്ത് കൈകാര്യം ചെയ്തത്. മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 7,54,237 ടി.ഇ.യു കണ്ടെയ്നറുകളായിരുന്നു ഇതുവരെയുള്ള റെക്കോഡ്. തുറമുഖത്തെ ട്രാന്‍സ്ഷിപ്പ്മെന്റും ഇക്കുറി റെക്കോഡ് നേട്ടത്തിലാണ്. 1,69,562 ടി.ഇ.യു കണ്ടെയ്നറുകളാണ് ട്രാന്‍സ്ഷിപ്പ്മെന്റിനായി തുറമുഖത്ത് വന്ന് പോയത്. സൗത്ത് ഇന്ത്യയില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ കപ്പലുകള്‍ അടുത്ത തുറമുഖമെന്ന നേട്ടവും വല്ലാര്‍പ്പാടം ടെര്‍മിനല്‍ സ്വന്തമാക്കി. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ആകെ 640 കപ്പലുകള്‍ ഇവിടെയെത്തി. വിദേശ കയറ്റുമതി, കോസ്റ്റല്‍ എക്സ്പോര്‍ട്ട്, റെഫര്‍ വോള്യം തുടങ്ങിയ കാര്യങ്ങളിലും തുറമുഖം റെക്കോഡിട്ടു. കഴിഞ്ഞ വര്‍ഷം 350 മീറ്ററിലേറെ നീളമുള്ള ഒന്നിലധികം അള്‍ട്രാ ലാര്‍ജ് കണ്ടെയ്നര്‍ വെസലുകളും തുറമുഖത്തെത്തി. കേരളത്തിലെ ആദ്യത്തെ ഫ്രീ ട്രേഡ് വെയര്‍ഹൗസിംഗ് സോണായ വല്ലാര്‍പാടത്ത് 2024-25 വര്‍ഷത്തില്‍ 2,255 ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്തതായും കമ്പനി വ്യക്തമാക്കി.