“ഫ്രം യുവർ വാലൻന്റൈൻ” | അറിയാക്കഥകള്‍
വാലൻ്റൈൻസ് ഡേ അഥവാ അന്താരാഷ്ട്ര പ്രണയദിനം, “സെൻ്റ് വാലൻ്റൈൻസ് ഡേ അല്ലെങ്കിൽ സെൻ്റ് വാലൻ്റൈൻ പെരുന്നാൾ” എന്നായിരുന്നു ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. ലോകമെമ്പാടും എല്ലാ വർഷവും ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേ ആഘോഷിക്കുന്നു. വാലന്റൈൻ എന്ന രക്തസാക്ഷിയെ ആദരിക്കുന്ന ഒരു ക്രിസ്ത്യൻ പെരുന്നാളായി ഇത് തുടങ്ങിയയെങ്കിലും , പിന്നീടങ്ങോട്ട് ലോകത്തിന്റെ നാനാഭാഗങ്ങളിൽ പ്രണയം പങ്കുവയ്ക്കാനുള്ള ദിനമായി മാറി ഫെബ്രുവരി 14. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനമാണ് വാലൻന്റൈൻ ദിനം. ലോകമെമ്പാടുമുള്ള ആളുകൾ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുകയും ഇഷ്ടം അറിയിക്കുകയും ചെയ്യുന്നു.
മൂന്നാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യത്തിന്റെ കീഴിൽ പീഡിപ്പിക്കപ്പെട്ട ക്രിസ്ത്യാനികളെ ശുശ്രൂഷിച്ചതിന്, റോമിലെ വിശുദ്ധ വാലൻ്റൈനെ തടവിലാക്കിയതുൾപ്പെടെ, ഫെബ്രുവരി 14-മായി ബന്ധപ്പെട്ട് നിരവധി രക്തസാക്ഷിത്വ കഥകൾ ഉണ്ട്. ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭ ബിഷപ്പ്. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം മാത്രമേയുള്ളൂ എന്നും, യുദ്ധത്തിൽ അവർ വീര്യം കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി. അതോടെ ആ പെൺകുട്ടിക്ക് കാഴ്ചശക്തി ലഭിച്ചു എന്ന് പറയപ്പെടുന്നു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടുപോകുന്നതിന് മുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതിയ ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആഘോഷിക്കാൻ തുടങ്ങിയത്. ഫെബ്രുവരി 7 മുതൽ 14 വരെയുള്ള ഓരോ ദിനത്തിനും ഓരോ പ്രത്യേകതയുണ്ട്. ഫെബ്രുവരി 14ന് മുമ്പ് വരുന്ന 7 ദിവസങ്ങളും റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ എന്നിങ്ങനെയാണ് ആഘോഷിക്കുന്നത്.
18-ാം നൂറ്റാണ്ടുമുതൽ ഫെബ്രുവരി 14ന് ഇoഗ്ലണ്ടിൽ, പൂക്കൾ സമ്മാനിച്ചും, പലഹാരങ്ങൾ നൽകിയും, ആശംസാ കാർഡുകൾ അയച്ചും ദമ്പതികൾ പരസ്പരം സ്നേഹം പ്രകടിപ്പിക്കുമായിരുന്നു ഈ ദിവസം. ഹൃദയാകൃതിയിലുള്ള രൂപരേഖ, പ്രാവുകൾ, ചിറകുള്ള കാമദേവൻ്റെ രൂപം എന്നിവ വാലൻ്റൈൻസ് ഡേ ചിഹ്നങ്ങൾ ആയി മാറി. ഒരു രാജ്യത്തും സെൻ്റ് വാലൻ്റൈൻസ് ദിനം പൊതു അവധിയല്ല. ഈസ്റ്റേൺ ഓർത്തഡോക്സ് സഭയുടെ പല ഭാഗങ്ങളും ജൂലൈ 6-ന് റോമൻ പ്രെസ്ബൈറ്റർ സെൻ്റ് വാലൻ്റൈൻ്റെ ബഹുമാനാർത്ഥം സെൻ്റ് വാലൻ്റൈൻസ് ദിനം ആഘോഷിക്കാറുണ്ട്.
പതിനാറാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ചരിത്രകാരനായ ജോൺ ഫോക്‌സും ഓർഡർ ഓഫ് കർമ്മലീറ്റ്‌സും പറയുന്നത്, സെൻ്റ് വാലൻ്റൈനെ സെൻ്റ് ഹിപ്പോളിറ്റസിൻ്റെ സെമിത്തേരിക്ക് സമീപം സ്ഥിതി ചെയ്യുന്ന റോമിലെ പ്രാക്‌സെഡീസ് പള്ളിയിലാണ് അടക്കം ചെയ്തിരിക്കുന്നത് എന്നാണ്. ഐതിഹ്യമനുസരിച്ച്, “ജൂലിയ തന്നെ അദ്ദേഹത്തിൻ്റെ ശവകുടീരത്തിന് സമീപം ഒരു പിങ്ക്-പുഷ്പമുള്ള ബദാം മരം നട്ടുപിടിപ്പിച്ചു. ഇന്നും, ഈ ബദാം മരം സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും പ്രതീകമായി തുടരുന്നു.”വിശുദ്ധ വാലൻ്റൈൻ ക്രിസ്ത്യൻ ബിഷപ്പുമാരുടെ കൈകളിൽ, ധൂമ്രനൂൽ മോതിരം ധരിച്ചിരുന്നതായി കരുതപ്പെടുന്നു, അതിൽ കാമദേവൻ്റെ ചിത്രം കൊത്തിവച്ചിരുന്നു. വാലൻ്റൈൻസ് ഡേയ്ക്ക് പ്രിയപ്പെട്ടവർക്ക് കാർഡുകൾ, പൂക്കൾ, ചോക്ലേറ്റുകൾ, മറ്റ് സമ്മാനങ്ങൾ എന്നിവ അയക്കുന്ന പതിവ് യുകെയിൽ നിന്നാണ് ആരംഭിച്ചതെങ്കിലും, വാലൻ്റൈൻസ് ഡേ ഇപ്പോഴും ഇംഗ്ലണ്ടിലെ വിവിധ പ്രാദേശിക ആചാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
1868-ൽ ബ്രിട്ടീഷ് ചോക്ലേറ്റ് കമ്പനിയായ കാഡ്ബറി വാലൻ്റൈൻസ് ഡേയ്‌ക്കായി ഹൃദയത്തിൻ്റെ ആകൃതിയിൽ അലങ്കരിച്ച ചോക്ലേറ്റുകളുടെ ഒരു പെട്ടി നിർമ്മിച്ചു.ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ, ചോക്ലേറ്റുകളും കാർഡുകളും വഴിമാറി ആഭരണങ്ങളും,വിലകൂടിയ ഗിഫ്റ്റുകളും കൈമാറുന്ന രീതിയിലേക്ക് വാലൻ്റൈൻസ് ഡേ മാറി.
തയ്യാറാക്കിയത്
നീതു ഷൈല