ബ്രിട്ടനിലെ കെറ്ററിംഗിൽ കൊല്ലപ്പെട്ട വൈക്കം സ്വദേശി അഞ്ജുവിന്‍റെയും മക്കളായ ജാൻവി, ജീവ എന്നിവരുടെയും മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിലെത്തിക്കും.
രാവിലെ
നെടുമ്പാശ്ശേരിയിലെത്തിക്കുന്ന മൃതദേഹങ്ങൾ വൈക്കത്തെ വീട്ടിലേക്ക് കൊണ്ടുപോകും. പൊതുദർശനത്തിന് വച്ച ശേഷം ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.
കഴിഞ്ഞ മാസം 16നാണ് ബ്രിട്ടനിൽ നഴ്സായിരുന്ന അഞ്ജുവിനെയും മക്കളായ ആറ് വയസുകാരി ജാൻവിയെയും നാല് വയസുകാരൻ ജീവയെയും കെറ്ററിംഗിലെ വീട്ടിൽ ഭർത്താവ് കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. തുടർന്ന് അഞ്ജുവിന്റെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഒരു മാസമായി അഞ്ജുവിന്‍റെ മാതാപിതാക്കൾ ശ്രമിച്ചു വരികയായിരുന്നു.
കൂട്ടക്കൊലയിൽ തുടരന്വേഷണത്തിന് നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളും നോർത്താംപ്റ്റൺഷെയർ പൊലീസിലെ ചീഫ് ഇൻവവെസ്റ്റിഗേഷൻ ഓഫിസറും കേരളത്തിലെത്തും.കേരളത്തിലേക്ക് എത്തുന്നത്. അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്നതിനൊപ്പം എത്താനിരുന്ന ഇരുവരും അവസാന നിമിഷം ഹോം ഓഫിസിന്റെ ചില ക്ലിയറൻസുകൾ കിട്ടാതിരുന്നതിനാൽ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ ഹോം ഓഫിസിന്റെ അന്തിമ അനുമതി ലഭിച്ചാലുടൻ ഇരുവരും കേരളത്തിൽ എത്തുമെന്നാണു വിവരം. ഇവർക്കായി തൃപ്പൂണിത്തുറയിലെ ഒരു ഹോട്ടലിൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.
പത്തു വര്‍ഷം മുമ്പ് ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന കാലത്ത് പ്രണയിച്ചാണ് അഞ്ജുവും കണ്ണൂര്‍ സ്വദേശിയായ സാജുവും വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും സൗദി അറേബ്യയിലേക്ക് പോയി. അവിടുത്തെ ജോലി ഉപേക്ഷിച്ച ശേഷമാണ് ഒരു വര്‍ഷം മുമ്പ് ബ്രിട്ടനിലേക്ക് പോയത്. നാട്ടിലുണ്ടായിരുന്ന കുട്ടികളെ ഏതാനും മാസങ്ങള്‍ മുമ്പാണ് ബ്രിട്ടനിലേക്ക് കൂട്ടിക്കൊണ്ടു പോയത്.
ഫോണില്‍ വിളിച്ച് സംസാരിക്കുമ്പോഴെല്ലാം മകള്‍ ദുഖിതയായിരുന്നെന്ന് അഞ്ജുവിന്‍റെ പിതാവ് നേരത്തെ പ്രതികരിച്ചിരുന്നു.
ബ്രിട്ടനിലെ കെറ്ററിംഗിലെ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന അഞ്ജു ജോലിക്ക് എത്താഞ്ഞതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ താമസ സ്ഥലത്ത് അന്വേഷിച്ചപ്പോള്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് രക്തം വാര്‍ന്ന് മരിച്ചു കിടക്കുന്ന അഞ്ജുവിനെ കണ്ടത്. കുഞ്ഞുങ്ങള്‍ക്ക് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു.
ജോലി ലഭിക്കാത്തതിലെ നിരാശയാകാം ഇത്തരമൊരു കടുംകൈക്ക് സാജുവിനെ പ്രേരിപ്പിച്ചതെന്നും
നാട്ടിലേക്ക് പണം അയക്കാന്‍ കഴിയാത്തതില്‍ അഞ്ജുവും സാജുവും ദുഖിതരായിരുന്നെന്നും മറ്റും ബന്ധുക്കളും പറഞ്ഞു.