സംസ്ഥാനത്ത് ദുര്‍ഭരണമാണെന്നും, സിപിഎം സംസ്ഥാനത്തെ നിയമസംവിധാനത്തെ വെല്ലുവിളിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേസുകള്‍ അട്ടിമറിക്കാന്‍ എപിപി അനീഷ്യയ്ക്കു മേല്‍ സമ്മര്‍ദമുണ്ടായി. അതുപോലെ തന്നെ ചക്കിട്ടപാറയിലെ ജോസഫിന്റെ ആത്മഹത്യയും സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം സംഭവിച്ചതാണ് എന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായി എന്തും ചെയ്യാന്‍ തയ്യാറുള്ള ഒരു സംഘം പ്രോസിക്യൂഷന്‍ രംഗത്തുണ്ടെന്ന് അടിവരയിടുന്നതാണ് കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ വെളിപ്പെടുത്തലുകളില്‍ പലതും. അനീഷ്യയോട് അവധിയില്‍ പോകാന്‍ നിർദേശിച്ചതും കേസുകള്‍ അട്ടിമറിക്കുന്നതിന്റെ ഭാഗമായാണോയെന്ന് സംശയിക്കണമെന്നും ഇതു പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.